ചെറുകിട കച്ചവടക്കാര്‍ക്ക് ജി.എസ്.ടി പരിധി 40 ലക്ഷം ആക്കണം: ചേംബര്‍
കോഴിക്കോട്: ചെറുകിട കച്ചവടക്കാര്‍ക്ക് ജി.എസ്.ടി രജിസ്‌ട്രേഷന്‍ പരിധി 40 ലക്ഷം ആക്കണമെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
മലബാറിന്റെ വികസനത്തിനായി ബജറ്റിന് മുന്നോടിയായിട്ടാണ് ധനകാര്യ മന്ത്രി ഡോ. ടി.എം.തോമസ് ഐസകിന് മുന്‍പാകെ കാലിക്കറ്റ് ചേംബര്‍ പ്രതിനിധികള്‍ ഈ കാര്യങ്ങള്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.
ജി.എസ്.ടി രജിസ്‌ട്രേഷന് 40 ലക്ഷം വരെ കേന്ദ്രം ഇളവ് നല്‍കിവരുന്നത് കേരളത്തില്‍ 20 ലക്ഷം വരെ മാത്രം ഇളവ് എന്നാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും പരിധി 40 ലക്ഷം തന്നെ കേരളത്തിലും ആക്കണമെന്നും ചേംബര്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. റീഫണ്ട് ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുവാന്‍ നടപടികള്‍ ഉണ്ടാവണമെന്നും, 1 സെസ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുള്ളത് ചെറുകിട കച്ചവടക്കാരെ പൂര്‍ണമായും ഒഴിവാക്കണമെന്നും അഥവാ സെസ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ ആഡംബരവസ്തുക്കള്‍ക്ക് മാത്രം ഏര്‍പ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.
പ്രളയം, നിപാ, ജി.എസ്.ടി, നോട്ട് നിരോധനം എന്നിവ മൂലം ഭീമമായ നഷ്ടങ്ങള്‍ നേരിടുന്ന കച്ചവടക്കാര്‍ സ്വയം തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നതിന് സര്‍ക്കാര്‍ യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കുന്നില്ല. കച്ചവടക്കാര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് സമയം നീട്ടി നല്‍കണമെന്നും ന്യായമായ രീതിയില്‍ നഷ്ടപരിഹാരങ്ങളും മറ്റും നല്‍കാനുള്ള തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ഉണ്ടാവണമെന്നും ബാങ്ക് വായ്പകള്‍ തിരിച്ചടവിന് സമയ പരിധി നീട്ടി നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് സിറ്റിയില്‍ വാഹനഗതാഗതം സുഗമമാക്കുവാന്‍ കോഴിക്കോട് ഒരു മൊബിലിറ്റി ഹബ്ബിനുള്ള നടപടികളും, ലൈറ്റ് മെട്രോ നടപടികളും ത്വരിതപ്പെടുത്താനും അഭ്യര്‍ഥിച്ചു. കോഴിക്കോട് വിമാനത്താവള വികസനത്തിനാവശ്യമായ 157 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തത് വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതൊഴിവാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുത്തു നല്‍കാന്‍ നടപടികള്‍ ഉണ്ടാവണം.
കണ്ണൂര്‍ എയര്‍ പോര്‍ട്ടിന് ഇന്ധന നികുതി 28 ശതമാനത്തില്‍ നിന്നും ഒരു ശതമാനം ആക്കി കുറച്ച ആനുകൂല്യം കോഴിക്കോടിന് കൂടി നല്‍കണമെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ വരുമാനത്തില്‍ നിന്നു അനുവദിക്കുന്ന ഈ ഇളവ് പാടെ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. കോഴിക്കോട് രാമനാട്ടുകര മുതല്‍ എയര്‍ പോര്‍ട്ട് വരെയുള്ള റോഡ് നാലുവരിപ്പാതയാക്കണം. നഗരപാതാവികസന പദ്ധതി രണ്ടാം ഘട്ടം എത്രയും വേഗം നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."