ശാന്തമാകുന്നു ഡല്‍ഹി, പക്ഷേ, അശാന്തിയൊഴിയുന്നില്ല, 630 പേര്‍ അറസ്റ്റില്‍, തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ ഇനിയും ഒട്ടേറെ
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 42 ആയി. 630 പേരെ അറസ്റ്റ് ചെയ്തു. 124 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പൊലിസ് വ്യക്തമാക്കി. നൂറിനടുത്ത് ആളുകള്‍ക്ക് സംഘര്‍ഷത്തിനിടെ വെടിയേറ്റതായും ഇതില്‍ 21പേരുടെ പരുക്ക് ഗുരുതരമായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
അതേ സമയം മുസ്ലിം വംശഹത്യ നടന്ന പ്രദേശങ്ങളില്‍ അക്രമങ്ങള്‍ക്ക് അയവുവന്നതോടെ കാണാതായവരെത്തേടിയുള്ള അലച്ചിലുകളിലാണ് ബന്ധുക്കള്‍. ഗല്ലികളില്‍ ഹിന്ദുത്വര്‍ നടത്തിയ ആക്രമണങ്ങള്‍ക്കിടയില്‍ കാണാതായവരെ തേടി മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ദില്‍ഷാദ് ഗാര്‍ഡനിലെ ജി.ടി.ബി ആശുപത്രിയിലെയും ദില്ലിഗേറ്റിലെ എല്‍.എന്‍.ജി.ബി ആശുപത്രിയിലും നിരവധി പേരാണ് നിലവിളിച്ചെത്തുന്നത്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഇപ്പോഴും ഈ ആശുപത്രികളുടെ മോര്‍ച്ചറികളിലുണ്ട്. കഴിഞ്ഞ ദിവസം അക്രമങ്ങള്‍ കുറഞ്ഞെങ്കിലും പ്രദേശത്ത് ഭീതിയൊഴിഞ്ഞിട്ടില്ല.
മുസ്ലിം വംശഹത്യ നടന്ന പ്രദേശങ്ങളില്‍നിന്ന് സുരക്ഷിത കേന്ദ്രം തേടിയുള്ള കൂട്ടപ്പലായനമായിരുന്നു ഇന്നലെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പ്രധാന കാഴ്ച. ഹിന്ദു ഭൂരിപക്ഷപ്രദേശങ്ങള്‍ക്കിടയിലുള്ള ചെറിയ മുസ്ലിം പാര്‍പ്പിട കേന്ദ്രങ്ങളാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്. കലാപത്തിന്റെ ആദ്യ ദിനം മുതല്‍ ഇവിടെ വീടുകളിലും കെട്ടിടങ്ങളിലും കുടുങ്ങിപ്പോയവര്‍ക്ക് ഇപ്പോഴാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാനായത്. മാധ്യമങ്ങള്‍ക്കു കടന്നു ചെല്ലാന്‍ പറ്റാത്ത ഉള്‍പ്രദേശങ്ങളില്‍ എന്തെല്ലാം നടന്നുവെന്ന് ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
തോക്കുകളുടെ 350 കാട്രിഡ്ജുകള്‍ സംഘര്‍ഷ പ്രദേശത്തുനിന്നു ലഭിച്ചതായി പൊലിസ് വ്യക്തമാക്കി. വിവിധ ഗുരുദ്വരകള്‍ ഉള്‍പ്പെടെയുള്ളവയുടെ നേതൃത്വത്തില്‍ ഭക്ഷണ വിതരണം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കലാപകാരികള്‍ അക്രമം നടത്തിയ മസ്ജിദുകളില്‍ ഇന്നലെ താല്‍ക്കാലിക സജ്ജീകരണമേര്‍പ്പെടുത്തി വെള്ളിയാഴ്ച പ്രാര്‍ഥന നടത്തി. അതിനിടെ ഡല്‍ഹി പൊലിസ് പുതിയ മേധാവിയായി എസ്.എന്‍ ശ്രീവാസ്തവയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവിലുള്ള മേധാവി അമുല്യപട്നായിക് ഇന്നു വിരമിക്കുന്ന പശ്ചാത്തലത്തിലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."