സാമ്പത്തിക ക്രമക്കേട്, മെഡിക്കല്‍ കോളജ് എസ്.ഐ ഹബീബുള്ളക്ക് സസ്പെന്ഷന്
ചേവായൂര്‍: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് എസ്.ഐ ഹബീബുള്ളയെ സസ്പെന്‍ഡ് ചെയ്തു.
കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണറാണ് എസ്.ഐയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പട്രോളിങ്ങിനിടയില്‍ ചാര്‍ജ് ചെയ്യുന്ന പെറ്റി കേസുകളില്‍ കൃത്രിമം കാണിച്ചു എന്ന പരാതിയിലാണ് നടപടി. ചാര്‍ജ് ചെയ്യുന്ന കേസുകളില്‍ വലിയ തുക ഈടാക്കുന്ന എസ്.ഐ തുച്ഛമായ തുകയാണത്രെ സര്‍ക്കാരില്‍ അടച്ചിരുന്നത്. രഹസ്യമായി ലഭിച്ച പരാതിയെ തുടര്‍ന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതായാണ് സൂചന.
മൂന്ന് വര്‍ഷത്തോളമായി മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ എസ്.ഐ ആണ് ഹബീബുള്ള.പ്രൊബേഷണല്‍ എസ്.ഐ ആയാണ് ഇവിടെ ചാര്‍ജെടുത്തത്.അസമയത്ത് വനിതാ ഹോസ്റ്റലിന്റെ സമീപത്ത് കണ്ടതിനെ ചോദ്യം ചെയ്ത 16കാരനെ മര്‍ദിച്ചു എന്ന പരാതിയില്‍ നേരത്തെ ഐ.ജി തലത്തില്‍ അന്വേഷണം നേരിട്ടിരുന്നു. മോഷണമാരോപിച്ച് പൊറ്റമ്മല്‍ നിന്ന് നാട്ടുകാര്‍ പിടികൂടി മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച തമിഴ് യുവാവ് ആശുപത്രിയില്‍ മരിച്ചത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."