പൊതുവിപണിയില്‍ അരിവിലയ്ക്കു പിന്നാലെ നെല്ലിന്റെ വിലയും ഉയര്‍ന്നു
കഞ്ചിക്കോട്: പൊതുവിപണിയില്‍ അരിവിലയ്ക്കു പിന്നാലെ നെല്ലിന്റെ വിലയും ഉയര്‍ന്നു. കിലോയ്ക്ക് 25 രൂപവരെയാണ് സ്വകാര്യ മില്ലുടമകള്‍ മട്ടനെല്ല് സംഭരിക്കുന്നത്. കൊയ്ത്ത് സജീവമായതോടെ പൊതുവിപണയില്‍ നെല്ലുവില ഉയര്‍ന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായി. സര്‍ക്കാരിന്റെ താങ്ങുവിലയായ 22.50 രൂപയേക്കാള്‍ ഉയര്‍ന്നതോടെ കൊയ്ത്തുകഴിഞ്ഞ കര്‍ഷകര്‍ നെല്ല് പൊതുവിപണിയിലാണ് നല്‍കുന്നത്. ജ്യോതി നെല്ലിനാണ് ഇപ്പോള്‍ വില ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഉമ 22 രൂപയ്ക്കാണ് സംഭരിക്കുന്നത്. വെള്ളനെല്ലിന് 20 രൂപ മുതല്‍ 23 രൂപ വരെ നല്‍കിയാണ് സംഭരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പൊതുവിപണിയില്‍ 16 മുതല്‍ 19 രൂപ വരെ നല്‍കിയാണ് സ്വകാര്യമില്ലുടമകള്‍ നെല്ല് സംഭരിച്ചത്.
110 മുതല്‍ 120 ദിവസം വരെ മൂപ്പുള്ള ജ്യോതിയും 115 മുതല്‍ 120 ദിവസം വരെ മൂപ്പുള്ള ഉമയുമാണ് രണ്ടാം വിളയ്ക്ക് കര്‍ഷകര്‍ ഉപയോഗിച്ചിട്ടുള്ളത്. തുടക്കത്തിലേ കൃഷിയിറക്കിയ കര്‍ഷകരുടെ നെല്ല് ഫെബ്രുവരി രണ്ടാം വാരത്തോടെ കൊയ്ത്തിന് പാകമായി. വരള്‍ച്ചാ മുന്നറിയിപ്പ് കണക്കിലെടുത്ത് 70 ശതമാനത്തോളം കര്‍ഷകര്‍ രണ്ടാം വിള ഇറക്കിയിരുന്നില്ല. ജലസേചന സൗകര്യമുള്ള ഭാഗങ്ങളില്‍ മാത്രമാണ് വിത നടന്നത്. ഇതില്‍ പകുതിയും വേനല്‍ കനത്തതോടെ മുടങ്ങിയിരിക്കുകയാണ്. ശേഷിക്കുന്നിടങ്ങളിലാണ് കൊയ്ത്ത് സജീവമായി നടക്കുന്നത്. നെല്‍പാടങ്ങളില്‍ നേരിട്ടെത്തിയാണ് സ്വകാര്യ മില്ലുകളുടെ ഏജന്റുമാര്‍ നെല്ല് ശേഖരിക്കുന്നത്. ചില ഭാഗങ്ങളില്‍ ഇടനിലക്കാര്‍ കൊയ്ത്തിനു മുമ്പേ വില നിശ്ചയിച്ച് മുന്‍കൂര്‍ പണം നല്‍കിയിരിക്കുകയാണ്. ഒന്നാം വിള നെല്ല് സംഭരിച്ചതിന്റെ തുക കിട്ടാന്‍ വൈകിയതിനാലും താങ്ങുവിലയെക്കാള്‍ വിലകൂടിയതിനാലും സപ്ലൈകോയ്ക്ക് നല്‍കാതെ കര്‍ഷകര്‍ പൊതുവിപണിയിലേക്ക് നെല്ല് നല്‍കി തുടങ്ങിയിരിക്കുകയാണ്. ഇതുമൂലം കര്‍ഷകര്‍ക്ക് മാന്യമായ വില കിട്ടുമെന്നതിലുപരി സപ്ലൈകോയ്ക്ക് ലഭിക്കുന്ന നെല്ലിന്റെ അളവിലും ഇക്കുറി ഭീമമായ കുറവുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."