മംഗലം കാര്‍പ്പ് ഉപതെരഞ്ഞെടുപ്പ്; ചൂട് പിടിച്ച് പ്രചാരണം
സുല്‍ത്താന്‍ ബത്തേരി: നെന്മേനി പഞ്ചായത്തിലെ 15ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുന്നു. സിറ്റിങ് സീറ്റും ഒപ്പം പ്രസിഡന്റ് സ്ഥാനവും നിലനിര്‍ത്താന്‍ സി.പി.എമ്മും പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കാന്‍ യു.ഡി.എഫും വാശിയോടെ പ്രവര്‍ത്തന രംഗത്താണ്. എന്‍.ഡി.എയും മത്സര രംഗത്തുണ്ട്. ഒന്നാം റൗണ്ട് വാര്‍ഡ് കണ്‍വന്‍ഷനും കുടുംബ യോഗങ്ങളും ബൂത്ത് കണ്‍വെന്‍ഷനുകളും സജീവമായി നടന്നുവരുന്നു. സി.ടി ചന്ദ്രന് ചെയര്‍മാനും പി. മൊയ്തിന് കണ്‍വീനറുമായിട്ടുള്ള മണ്ഡലം കമ്മിറ്റിയാണ് യു.ഡി.എഫിന്റെ പ്രചാരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. എല്‍.ഡി.എഫിന്റെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കെ.കെ പൗലോസ് കണ്‍വീനറും സതിഷ് കരടിപ്പാറ ചെയര്‍മാനുമായ വാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ബി.ജെ.പിയും പ്രചാരണ രംഗത്ത് സജീവമാണെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി പത്മനാഭനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പുഷ്പവല്ലിയും നാമനിര്‍ദേശ പത്രിക ഇതിനോടകം സമര്‍പ്പിച്ചു കഴിഞ്ഞു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പമെത്തിയാണ് ഇരുവരും അസിസ്റ്റന്റ് വരണാധികാരിയായ നെന്മേനി പഞ്ചായത്ത് സെക്രട്ടറിക്ക് മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്. ചെറുകിട ജലസേചന സബ് ഡിവിഷന് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.വി അനിതയാണ് റിട്ടേണിങ് ഓഫിസര്‍. മംഗലം വാര്‍ഡില്‍ പുതിയ വോട്ടര്‍പട്ടിക അനുസരിച്ച് 1,559 വോട്ടര്‍മാരാണുള്ളത്. ഈ മാസം 28നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. 29നാണ് സൂക്ഷ്മ പരിശോധന.
ഫെബ്രവരി 14നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 15ന് നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ഡിവിഷന് കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 23 അംഗ ഭരണസമിതിയില്‍ നിലവില്‍ എല്‍.ഡി.എഫിന് 14ഉം, യു.ഡി.എഫ് എട്ടും സീറ്റുമാണുള്ളത്.
ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നയാള്‍ പ്രസിഡന്റാവും എന്ന പ്രത്യേകതയാണ് മംഗലം വാര്‍ഡിനുണ്ട്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.ആര് കറപ്പനെതിരേ പീഡനാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലിസ് കേസെടുത്തിരുന്നു. സി.ആര് കറപ്പന് പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."