ദേവനന്ദയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി മുത്തച്ഛന്‍: കുറ്റവാളിയെ കണ്ടെത്തണമെന്ന് മാതാവ് ധന്യയും
കൊല്ലം: ദേവനന്ദയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പുഴയിലെറിഞ്ഞതാണെന്ന ആരോപണവുമായി മുത്തച്ഛന്‍ മോഹനന്‍ പിള്ള. മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും ഒരുപോലെ ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് കുട്ടിയുടെ മുത്തച്ഛന്‍ തന്നെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ദേവനന്ദയുടെ മാതാവ് ധന്യയും ഇതുതന്നെ ആവര്‍ത്തിച്ചു. മരണത്തില്‍ ദുരൂഹതയുണ്ട്. വീട്ടില്‍ നിന്ന് തന്റെ ഒരു ഷാളും കാണാതായിട്ടുണ്ട്. തന്നോട് പറയാതെ മകളെങ്ങും പോകില്ലെന്നും മൃതദേഹം കണ്ടെത്തിയ സ്ഥലം അവളതിനു മുമ്പ് കണ്ടിട്ടില്ലെന്നും ധന്യ കൂട്ടിച്ചേര്‍ത്തു. മകളെ ആരോ കടത്തിക്കൊണ്ടുപോയതാണ്. ആ കുറ്റവാളി അതാരാണെന്നു കണ്ടെത്തണമെന്നും കണ്ണീരോടെ ധന്യ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ മറ്റോ മുത്തച്ഛന്‍ മോഹനന്‍ പിള്ള പറയുന്നില്ല. അതെക്കുറിച്ച് അന്വേഷിക്കണം. കുട്ടി ഒറ്റയ്ക്ക് പുഴയിലേക്കു പോകില്ല. അയല്‍ വീട്ടിലേക്കുപോലും ഒറ്റയ്ക്കുപോകാത്ത കുട്ടിയാണ്. മാത്രവുമല്ല അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിട്ടില്ല. പുഴയില്‍ നിന്ന് കണ്ടെത്തിയ ഷാള്‍ ദേവനന്ദയുടേതല്ല.
ക്ഷേത്രത്തിലേക്ക് കുട്ടി മുന്‍പ് പോയിട്ടില്ല. ഈ ക്ഷേത്രമെവിടെയെന്നുപോലും ദേവനന്ദയ്ക്കറിയില്ല. തീരെ കുഞ്ഞായിരിക്കുമ്പോള്‍ മാത്രമാണ് ഈ ക്ഷേത്രത്തിലേക്ക് മറ്റുള്ളവര്‍ക്കൊപ്പം ദേവനന്ദപോയിട്ടുള്ളത്. അതും മറ്റൊരു വഴിയിലൂടെയാണ്. അതുകൊണ്ടുതന്നെ മറ്റൊരാളുടെ പങ്കില്ലാതെ കുട്ടിയുടെ മരണം സംഭവിക്കില്ലെന്നും ഇദ്ദേഹം തറപ്പിച്ച് പറയുന്നു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും പൊലിസും വ്യക്തമാക്കിയിരുന്നു. പൊലിസ് നാട്ടുകാരില്‍ നിന്നും മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്. ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദയുടെ മൃതശരീരമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. കുട്ടി വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെയോടെ കാണാതായത്.
വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് പുഴയില്‍ നിന്ന് ജീവനറ്റ നിലയില്‍ നിന്ന് മുങ്ങല്‍ വിദഗ്ധര്‍ മുങ്ങിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."