നടപടികള്‍ കര്‍ശനമാക്കി പൊലിസ്
കൊല്ലം: ബൈപാസ് റോഡില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കി പൊലിസ്. നടപടികളുടെ ഭാഗമായി കടവൂര്‍ പാലത്തിന്റെ ഇരുവശവും ആളുകള്‍ കൂടി നില്‍ക്കുന്നതും മറ്റും കര്‍ശനമായി നിരോധിക്കും. പാലത്തിന്റെ ഇരുവശവുമുള്ള ജനത്തിരക്ക് ഗതാഗത തടസമുണ്ടാക്കുന്നതും വാഹനാപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ബൈപാസ് റോഡില്‍ അനധികൃതമായി തുടങ്ങിയ മാര്‍ക്കറ്റുകള്‍, മീന്‍ കച്ചവടം എന്നിവ അടിയന്തരമായി നീക്കം ചെയ്യും. റോഡില്‍ പൂര്‍ണമായും പാര്‍ക്കിങ്ങ് ഒഴിവാക്കും. കണ്ടെയ്‌നര്‍, നാഷനല്‍ പെര്‍മിറ്റ് ലോറികള്‍ എന്നിവ ബൈപാസ് റോഡില്‍ വന്‍തോതില്‍ പാര്‍ക്ക് ചെയ്യുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കൊല്ലം സിറ്റി പൊലിസ് കണ്‍ട്രോള്‍ റൂമിന്റെ കീഴിലുള്ള മൂന്ന് കണ്‍ട്രോള്‍ റൂം വാഹനങ്ങളും രണ്ട് ഹൈവേ പട്രോള്‍ വാഹനങ്ങളും ഒരു ഇന്റര്‍സെപ്റ്റര്‍ വാഹനവും മുഴുവന്‍ സമയവും ബൈപാസില്‍ പട്രോളിങ്ങ് നടത്തുന്നതിനും കര്‍ശനമായ വാഹന പരിശോധനകള്‍ നടത്തുന്നതിനും തീരുമാനിച്ചു. ഇന്റര്‍സെപ്റ്റര്‍ വാഹനം ഉപയോഗിച്ച് അമിതവേഗതയില്‍ പോകുന്ന വാഹനങ്ങള്‍ പിടികൂടി നിയമനടപടി സ്വീകരിക്കും. സ്‌കൂള്‍ സമയങ്ങളില്‍ പോകുന്ന ടിപ്പര്‍/ ടോറസ് ലോറികള്‍ പിടിച്ചെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചന്തകള്‍ക്ക് അത് മാറ്റുന്നതിന് നോട്ടിസ് നല്‍കി.
കൂടാതെ ബൈപാസില്‍ മേവറം ഭാഗത്ത് ഗതാഗത തടസം ഉണ്ടാക്കി അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന പന്ത്രണ്ട് ടോറസ് ലോറികള്‍ ട്രാഫിക് പൊലിസ് പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്ത് ലോറികള്‍ ആശ്രാമത്തുള്ള ട്രാഫിക് പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി.
ബോധവല്‍ക്കരണ ക്ലാസുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് കൊല്ലം സിറ്റി പൊലിസ് കമ്മിഷനര്‍ പി.കെ മധു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."