കഞ്ചാവ് എത്തിക്കുന്നത് പൊന്നാനിയില്‍ നിന്നെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്
പൊന്നാനി : തൃശൂര്‍ മലപ്പുറം ജില്ലകളില്‍ കഞ്ചാവ് എത്തിക്കുന്നതു പൊന്നാനിയില്‍ നിന്നെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് . ഈ രണ്ടു ജില്ലകളിലെയും കഞ്ചാവു മൊത്തക്കച്ചവടക്കാര്‍ക്കാണ് ഇവിടെനിന്നും കഞ്ചാവ് എത്തിക്കുന്നത്.
കഴിഞ്ഞ ദിവസം മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കഞ്ചാവു വിതരണം ചെയ്യുന്ന അഞ്ചംഗ സംഘത്തെ അടിമാലിയില്‍ എക്‌സൈസ് നര്‍കോട്ടിക്‌സ് സ്‌ക്വാഡിന്റെ പിടിയിലായിരുന്നു.ഇവര്‍ പൊന്നാനി സ്വദേശികളാണ്. കാറില്‍ ഒളിപ്പിച്ചു കടത്തിയ രണ്ടു കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. എകസൈസ് സംഘത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു .ബുധനാഴ്ചയാണു സംഭവം. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവിന്റെ മൊത്തവിപണി പൊന്നാനി കേന്ദ്രീകരിച്ചെന്നു തിരിച്ചറിഞ്ഞത് .
പൊന്നാനി കണിയാംപറമ്പില്‍ സ്വദേശികളായ ഹാസിര്‍ ( 27 ), കല്ലം വളപ്പില്‍ റാഷിദ് ( 23 ), പെരുമണ്ണ മണൂരിയില്‍ ജമാല്‍ (43 ), വട്ടത്തേല്‍ നാസര്‍ (36 ), അയ്യോട്ടിച്ചിറ കിഴക്കേതില്‍ ഷെമീര്‍ ( 27 ) എന്നിവരാണു പിടിയിലായത്.
ഇവര്‍ നേരത്തേയും കഞ്ചാവ് വില്പനക്കിടെ പൊന്നാനി , പെരുമ്പടപ്പ് പൊലിസ് സ്റ്റേഷനുകളില്‍ പിടിയിലായിട്ടുണ്ട്. രഹസ്യ സന്ദേശത്തെത്തുടര്‍ന്നു ബുധനാഴ്ച ഉച്ചയ്ക്കു രണ്ടിന് ആനച്ചാലില്‍ പരിശോധന നടത്തുകയായിരുന്നു എക്‌സൈസ് സംഘം. കാറില്‍ കഞ്ചാവുമായി അഞ്ചംഗ സംഘം മലപ്പുറം ലക്ഷ്യമാക്കി നീങ്ങുന്നുവെന്നായിരുന്നു സന്ദേശം. വാഹനപരിശോധന തുടരുന്നതിനിടെ കുറച്ചകലെ ഒരു കാര്‍ സഡന്‍ ബ്രേക്കിട്ട് നില്‍ക്കുന്നത് ഉദ്യോഗസ്ഥര്‍ കണ്ടു. തൊട്ടുപിന്നാലെ അഞ്ചുപേര്‍ കാറില്‍ നിന്നുചാടി തലങ്ങും വിലങ്ങും ഓടി. റോഡില്‍ നിന്ന് കാട്ടിലേക്ക് എടുത്തു ചാടിയ ഹാസിറിനു തലക്ക് പരിക്കേറ്റു. തൊട്ടുപിന്നാലെ ചാടിയ ജമാല്‍, റഷീദ് എന്നിവരുടെ കാലൊടിഞ്ഞു. മറ്റുള്ളവര്‍ കാട്ടിലൂടെ ഓടി ചെങ്കുളം അണക്കെട്ടിനു സമീപം എത്തിയപ്പോഴേക്കും പിറകെയെത്തിയ ഉദ്യോഗസ്ഥ സംഘം പിടികൂടി.
നാട്ടുകാരും എക്‌സൈസ് സംഘത്തിന്റെ സഹായത്തിന് ഓടിയെത്തി. പൊന്നാനിയില്‍ നിന്നും തിങ്കളാഴ്ച ആനച്ചാലിലെത്തി റിസോര്‍ട്ടില്‍ തങ്ങിയ സംഘം അവിടെനിന്നാണു കഞ്ചാവ് വാങ്ങിയത്. ജമാലാണു സംഘത്തലവനെന്നാണ് ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്ന വിവരം. മുന്‍പും ജമാല്‍ ആനച്ചാലിലെത്തി കഞ്ചാവുമായി മടങ്ങിയിട്ടുണ്ട്. ജമാല്‍ നേരത്തേ ഒറ്റപ്പാലത്തായിരുന്നു താമസം . ഇവര്‍ക്കു കഞ്ചാവ് വിതരണം ചെയ്തവര്‍ക്കായുള്ള പരിശോധനയും എക്‌സൈസ് ആരംഭിച്ചിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."