കാഞ്ഞാണിയില്‍ വീണ്ടും ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന
അന്തിക്കാട്: കാഞ്ഞാണിയില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ രണ്ടാംഘട്ട മിന്നല്‍ പരിശോധനയില്‍ വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബേക്കറികള്‍ക്കും ഹോട്ടലുകള്‍ക്കുമെതിരേ പിഴ ചുമത്തി.
അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന വൃത്തിഹീനമായ വാടക വീടും സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് പരിശോധിച്ച് നടപടിയെടുത്തു. കഴിഞ്ഞയാഴ്ച കാഞ്ഞാണിയിലെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന നടത്തി ഒരു ഹോട്ടല്‍ പൂട്ടിക്കുകയും രണ്ടെണ്ണത്തിനു നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടാം ഘട്ടമായി ആരോഗ്യവകുപ്പ് സൂപ്പര്‍വൈസര്‍ കെ.ആര്‍ രാജന്റെ നേതൃത്വത്തില്‍ കാഞ്ഞാണിയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തുകയും പിഴ ഈടാക്കുകയും ചെയ്തു.
കാഞ്ഞാണി ബസ് സ്റ്റാന്‍ഡ് പരിസരത്തെ മൂന്ന് ബേക്കറികളിലും, മൂന്ന് ഹോട്ടലുകളിലും പഴകിയ ഭക്ഷണ സാമഗ്രികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു. ഈ ബേക്കറികളില്‍ നിന്ന് ജ്യൂസ് ഉണ്ടാക്കുന്നതിന് വേണ്ടി വച്ചിരുന്ന പഴകിയ ഓറഞ്ചും കേടുവന്ന ആപ്പിളും പിടിച്ചെടുത്തതായും മണലൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിമല്‍ കുമാര്‍ പറഞ്ഞു. ബസ്സ്റ്റാന്‍ഡിന് സമീപത്തുള്ള ബേക്കറികളില്‍ നിന്നും കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണങ്ങളും അധികൃതര്‍ പിടിച്ചെടുത്തു.
ഫ്രൂട്ട് സലാഡിനു വേണ്ടി ഉപയോഗിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാര്‍ഥങ്ങളില്‍ ചത്ത പാറ്റകളെയും കണ്ടെത്തി. കാഞ്ഞാണി അന്തിക്കാട് റോഡില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന വാടക കെട്ടിടത്തിലും രഹസ്യവിവരത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തി. തികച്ചും വ്യത്തിഹീനമായ സാഹചര്യത്തിലാണ് മുപ്പത് പേരോളം താമസിച്ചിരുന്നത്. ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും മറ്റും ഇല്ലെന്ന് കണ്ടെത്തി.
പരിസരമാകെ ദുര്‍ഗന്ധം വമിച്ച് മലിനജലം പരിസരത്തെ പറമ്പുകളിലേക്ക് ഒഴുക്കിവിടുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഹാന്‍സ്, പാന്‍പരാഗ് തുടങ്ങിയവയുടെ ഒഴിഞ്ഞ പാക്കറ്റുകളും മദ്യ കുപ്പികളും കൊണ്ട് പ്രദേശമാകെ നിറഞ്ഞ നിലയിലാണ്. മലിനജലത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ട്. പിറകുവശത്ത് റിങ്ങുകളിലാക്കി മാലിന്യങ്ങള്‍ കുന്നുകൂട്ടിയ നിലയിയുമായിരുന്നു. കെട്ടി കിടക്കുന്ന മലിനജലത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതായും ഇതിനെതിരേ പരിസരവാസികള്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. വൃത്തിഹീനമായ രീതിയില്‍ തൊഴിലാളികളെ താമസിപ്പിച്ച കെട്ടിടമുടമക്കെതിരേ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."