ജലക്ഷാമം രൂക്ഷം; ഗ്രാമീണമേഖലകളില്‍ പൊതുകിണറുകള്‍ നശിക്കുന്നു
പറളി: വേനല്‍ കനത്തതോടെ ജില്ലയുടെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാവുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴും ഗ്രാമീണമേഖലയിലെ ജലാശയങ്ങളും പൊതുകിണറുകളും നാശത്തിന്റെ വക്കിലാണ്. മുന്‍കാലങ്ങളില്‍ ഗ്രാമീണജനത ആശ്രയിച്ചിരുന്ന പഞ്ചായത്തു കിണറുകള്‍ മിക്കതും ശാപമോക്ഷം തേടുകയാണ്.
കോളനികളിലെ പഞ്ചായത്തുകിണറുകള്‍ മിക്കതും വെള്ളംവറ്റിയതും പാഴ്‌വസ്തുക്കളടിഞ്ഞതും, വെള്ളമില്ലാത്തതാകട്ടെ മാലിന്യങ്ങള്‍ നിറഞ്ഞതുമാണ്. പഞ്ചായത്തുകളില്‍ ആവശ്യത്തിനു ഫണ്ടുണ്ടെങ്കിലും ഇത്തരം പൊതുകിണറുകളും കുളങ്ങളും സംരക്ഷിക്കാന്‍ യഥാസമയം അധികൃതര്‍ മെനക്കടാത്തതാണ് ഇവയുടെ നാശത്തിനുകാരണം.
പഞ്ചായത്തുകളില്‍ ജലവിതരണത്തിന് മുന്‍കാലങ്ങളില്‍ സംവിധാനമില്ലാത്ത കാലത്താണ് ഇത്തരം പൊതു കിണറുകള്‍ക്ക് ആവശ്യക്കാരേറെയുണ്ടായിരുന്നത്. എന്നാല്‍ ജലനിധി പോലുള്ള പൈപ്പ് കണക്ഷന്‍ കോളനികളില്‍ എത്തിയതോടെ ഇത്തരം പൊതുകിണറുകള്‍ നാമാവശേഷമാവുകയാണ്. ചിലയിടങ്ങളില്‍ ജനങ്ങള്‍ തന്നെ മുന്‍കൈ എടുത്ത് പൊതുകിണറുകള്‍ വൃത്തിയാക്കുന്നുണ്ട്. എന്നാല്‍ മിക്കയിടത്തും ഇപ്പോഴും പല പഞ്ചായത്തുകിണറുകളും നാമാവശേഷമാണ്.
പാലക്കാട് നഗരസഭ കഴിഞ്ഞ വര്‍ഷം നഗരസഭയ്ക്കു പരിധിയില്‍ വരുന്ന കുറേ പഞ്ചായത്ത് കിണറുകള്‍ നന്നാക്കിയിരുന്നു. പുഴയോരങ്ങളിലുള്ള എടത്തറ, പറളി പോലുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും മിക്ക കിണറുകളും ജലസമൃദ്ധിയാണ്. എന്നാല്‍ ഇവ യഥാസമയം നന്നാക്കാനോ സംരക്ഷിക്കാനോ ആരും തയാറാവാത്തതാണ് പലത്തിന്റെയും നാശത്തിനു കാരണം. മാത്രമല്ല മിക്ക കിണറുകളിലും ആദ്യകാലത്തുണ്ടായിരുന്നതു പോലെ കപ്പിയും കയറും ബക്കറ്റും ഇല്ലാതായതോടെ ആവശ്യക്കാര്‍ കിണറുകളെ ഉപേക്ഷിക്കാന്‍ തുടങ്ങി.
ജലസമൃദ്ധിയുള്ള പഞ്ചായത്ത് കിണറുകള്‍ യഥാസമയത്തു വൃത്തിയാക്കി സംരക്ഷണഭിത്തികള്‍ പെയിന്റടിച്ചും തകര്‍ന്നഭിത്തികള്‍ പ്ലാസ്റ്ററിങ് നടത്തുകയും ചെയ്യണം. എന്നാല്‍ വരാനിരിക്കുന്നത് കടുത്ത വരള്‍ച്ചയാണെന്നിരിക്കെ ഇത്തരം കിണറുകള്‍ അധികൃതര്‍ സംരക്ഷിക്കുകയാണെങ്കില്‍ കുടിവെള്ളത്തിനും മറ്റുമുള്ള ആവഷശ്യങ്ങള്‍ക്കും ഏറെ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."