ഗോത്രജീവിതത്തിന്റെ കവിയരങ്ങായി കവിതയുടെ കാര്‍ണിവല്‍
പട്ടാമ്പി: ആഘോഷിക്കപ്പെടുന്ന കവികള്‍ക്കപ്പുറം ശ്രദ്ധയുടെ അരികുകളില്‍ വന്നു ചേരാത്ത ഗോത്ര വിഭാഗങ്ങളിലെ കവികളായിരുന്നു പട്ടാമ്പിയില്‍ നടക്കുന്ന കവിതാ കാര്‍ണിവലിന്റെ മുന്നാം ദിവസത്തെ ആകര്‍ഷണം. നിരന്തരം ചൂഷണങ്ങളും അധിനിവേശങ്ങളും നേരിടുന്ന ഗോത്രവിഭാഗങ്ങളില്‍ കവികളും എഴുത്തുകാരുമുണ്ടെന്ന പുതിയ അറിവു കൂടിയായി ഇവരുടെ കൂടിച്ചേരല്‍. സംസ്ഥാനത്തെ വിവിധ ഗോത്ര മേഖലകളില്‍ ജീവിക്കുന്ന കവിതയെഴുതുന്നവരാണ് ഗോത്രകവിതകള്‍ എന്ന സെഷനില്‍ എത്തിയത്.
കുടിയേറ്റക്കാര്‍ വന്നതോടെ കാടും വനജീവിതവും നഷ്ടമായ അസ്തിത്വ ദുഖം പല കവികളും പങ്കുവച്ചു. കള്ളന്‍ എന്നര്‍ഥം വരുന്ന ദണ്ടെകള്‍ എന്ന വാക്കാണ് തങ്ങള്‍ കുടിയേറ്റക്കാരെ വിശേഷിപ്പിച്ചിരുന്നതെന്നു വയനാട്ടിലെ കുറുവാ ദ്വീപില്‍ കാണപ്പെടുന്ന റവുള വിഭാഗത്തിലെ സുകുമാരന്‍ ചാലിഗദ്ദ കവിതയില്‍ പറഞ്ഞു. ഇത്തരത്തില്‍ വിവിധ ആദിവാസി ഊരുകളിലെയും വിവിധ ഗോത്രവിഭാഗങ്ങളിലെയും ആറു കവികളാണ് കാര്‍ണിവലിനെത്തിയത്. പ്രത്യേക ലിപിയോ രേഖപ്പെടുത്തലോ ഇല്ലാത്ത ഗോത്രഭാഷയിലാണ് ഇവരുടെ കവിതകള്‍.
പുറംലോകവുമായി ബന്ധമുള്ളവരും ഇല്ലാത്തവരും കവിതയെഴുതുന്നവരിലുണ്ട്. ലിപിയില്ലാത്ത ഇവരുടെ ഭാഷയിലെ കവിതകള്‍ പുറം ലോകത്തുള്ളവര്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് ഗോത്രവിഭാഗങ്ങളിലും കവികളുണ്ടെന്ന വിവരം ലോകം അറിഞ്ഞതെന്നും സെഷന്‍ ക്യൂറേറ്റ് ചെയ്ത പ്രശസ്ത കവി പി. രാമന്‍ പറഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അട്ടപ്പാടി തടിക്കടവ് ഊരിലെ കെ. ദിവ്യയാണ് ഗോത്രകവികളില്‍ കാര്‍ണിവലിനെത്തിയ ഇളമുറക്കാരി.
അശോകന്‍ മറയൂര്‍, ധന്യ വേങ്ങച്ചേരി, സുകുമാരന്‍ ചാലിഗദ്ദ, സുരേഷ് മഞ്ഞളമ്പര, മണികണ്ഠന്‍ അട്ടപ്പാടി, അശോക് കുമാര്‍ എന്നിവര്‍ അവരവരുടെ ഗോത്ര ഭാഷകളില്‍ എഴുതിയ കവിതകളും അവയുടെ മലയാളം ഭാഷാന്തരങ്ങളും അവതരിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ ബോസ് കൃഷ്ണമാചാരി, കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തി. മഴുവിന്റെ കഥ എന്ന കൃതിയുടെ പാഠശാല തീര്‍ത്ത് കവി കല്‍പറ്റ നാരായണനും വ്യത്യസ്തനായതാണ് കവിതയുടെ കാര്‍ണിവലിന്റെ മൂന്നാം ദിവസം ശ്രദ്ധേയമായത്. കാര്‍ണിവല്‍ ഇന്നു സമാപിക്കും.
പട്ടാമ്പി: ജയ്പൂരും ബംഗളുരുവിലും കോഴിക്കോട്ടും വര്‍ഷാവര്‍ഷം നടക്കാറുള്ള സാഹിത്യോത്സവങ്ങളുടെ മാതൃകയിലേക്കുയരുകയാണു നാലു പതിപ്പുകള്‍ പിന്നിടുന്ന പട്ടാമ്പി കവിതാ കാര്‍ണിവല്‍. ഇന്ത്യയില്‍ തന്നെ കവിതക്കു മാത്രമായി ഒരു ഉത്സവം എന്ന രീതിയില്‍ തുടങ്ങിയ കാര്‍ണിവല്‍ ഇപ്പോള്‍ സകല കലകളുടെയും സംഗമസ്ഥാനമാണ്. കവിതക്കാണ് പ്രാമുഖ്യമെങ്കിലും സംഗീതവും ചിത്രരചനയും നൃത്തവും നാലുവര്‍ഷം പിന്നിടുമ്പോള്‍ കാര്‍ണിവലിന്റെ ഭാഗമാകുന്നു.
പട്ടാമ്പി കോളജിന്റെ നാലു മതിലുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നതല്ല കാര്‍ണിവല്‍ ആവേശം എന്നു വ്യക്തമാക്കിയാണ് നാലാമത് കാര്‍ണിവലിന് ഇന്നു തിരശീല വീഴുന്നത്. കേരളത്തിലും പുറത്തുനിന്നുമുള്ള പ്രമുഖ കവികളെല്ലാം കാര്‍ണിവലിനെത്തി.
ഒപ്പം കവിതാ ഗവേഷകരും കാവ്യാസ്വാദകരും. കവിതയെക്കുറിച്ചു ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നു എന്നതാണ് കാര്‍ണിവലിനെ വേറിട്ടതാക്കുന്നത്. കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ ഗവേഷണ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ വിവിധ കാലങ്ങളെക്കുറിച്ചും അക്കാലത്തെ കവിതകളെക്കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സൈബര്‍ ഇടത്തിലെ കവിതയെക്കുറിച്ചു തൃശൂര്‍ വിമല കോളജിലെ പി.പി അനു അവതരിപ്പിച്ച പ്രബന്ധം പുതിയ കാലത്തിന്റെ കവിതാ രചനയെ അടയാളപ്പെടുത്തുന്നതായി.
കവിതക്കു മാത്രമായി തുടങ്ങിയ കാര്‍ണിവല്‍ വിവിധ കലകളുടെ സമ്മേളനസ്ഥാനമാവുകയാണ്. ഇക്കുറി ചിത്രങ്ങള്‍ക്കും ഇടം നല്‍കിയാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചത്. വിവിധ അക്കാദമികളുടെ സഹകരണക്കോടെയായിരുന്നു ഇത്. വീണ്ടെടുക്കുന്ന കേരളം എന്ന വിഷയത്തില്‍ ലൈവ് ചിത്രരചനയും കാര്‍ണിവലിന്റെ ഭാഗമായി നടന്നു. പ്രേംജി, ഷാജി അപ്പുക്കുട്ടന്‍, ആന്റോ ജോര്‍ജ്, ബൈജു ദേവ്, അനിത കുളത്തൂര്‍, സിസ്റ്റര്‍ സാന്ദ്ര സോണിയ എന്നിവര്‍ വരച്ച ചിത്രങ്ങളും പ്രദര്‍ശനത്തിനായി ആര്‍ട് ഗാലറിയും ഒരുക്കിയിരുന്നു.
കവികള്‍ക്കൊപ്പം കാവ്യാസ്വാദകരുടെ കൂടി സംഗമസ്ഥാനമായതോടെ മറ്റു സാഹിത്യേത്സവങ്ങളുടെ സമാനമായ കാര്‍ണിവല്‍ മൂഡിലേക്കു പട്ടാമ്പി കവിതാ കാര്‍ണിവലും മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."