മുറിച്ചുകൂട്ടിയ മരക്കൊമ്പുകള്‍ നീക്കംചെയ്യാന്‍ നടപടിയായില്ല
കൂറ്റനാട്: സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന വട്ടേനാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് മാസങ്ങള്‍ക്കു മുന്‍പ് മുറിച്ചുകൂട്ടിയ മരക്കൊമ്പുകള്‍ ഇനിയും നീക്കംചെയ്യാന്‍ നടപടിയായില്ല. മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മൂന്ന് ഏക്കറില്‍ താഴെ മാത്രം വിസ്തൃതിയുള്ള സ്‌കൂളില്‍ മൈതാനത്തിന്റെ നാലുഭാഗവും കെട്ടിടങ്ങളാണ്. മൈതാനം സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ പകുതിയോളം ഭാഗം രാജ്യാന്തര നിലവാരമുള്ള സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അടച്ചിരിക്കുകയാണ്.
മൈതാനത്തിന്റെ ശേഷിക്കുന്ന ചെറിയൊരു ഭാഗത്താണെങ്കില്‍ ഉപയോഗശൂന്യമായി കിടക്കുന്ന സിന്തറ്റിക് ട്രാക്കാണ്. ബാക്കിയുള്ള കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ഉപയോഗിക്കാവുന്ന നാലിലൊരു ഭാഗത്താണ് അലക്ഷ്യമായി മരങ്ങളുടെ വേരുകളും ശിഖിരങ്ങളും തടികളുമെല്ലാം കൂട്ടിയിട്ടിരിക്കുന്നത്.
ഇതിനിടയിലൂടേയാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ക്ലാസുകളിലേക്കു പോകുന്നതും കളിക്കുന്നതും വിശ്രമിക്കുന്നതുമെല്ലാം. മരങ്ങള്‍ക്കിടയിലൂടെ അപകടകരമാംവിധം വിദ്യാര്‍ഥികള്‍ ഓടിക്കളിക്കുന്നതും വന്‍ഭീഷണിയായിട്ടുണ്ട്. വേരുകളെല്ലാം തലങ്ങും വിലങ്ങും നില്‍ക്കുന്നത് വിദ്യാര്‍ഥികളുടെ മേല്‍ തട്ടി അപകടം സംഭവിക്കാനിടയുണ്ട്. പാമ്പുകളടക്കമുള്ള ക്ഷുദ്രവീജിവകളുടെ ആവാസകേന്ദ്രമായി മാറാനും ഇടയുള്ളതിനാല്‍ ഇവയെല്ലാം അടിയന്തിരമായി നീക്കംചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."