വാഹനമിടിച്ചു മരണപ്പെട്ട കേസില്‍ അന്വേഷണം ഇഴയുന്നു
പേരാമ്പ്ര: വാഹനം ദേഹത്തുകയറി ചോര വാര്‍ന്ന് ഒരാള്‍ മരിക്കാനിടയായ സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും അന്വേഷണ നടപടി വൈകിപ്പിക്കുന്ന പൊലിസ് നടപടിയില്‍ പ്രതിഷേധം. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടില്‍ കഴിഞ്ഞ മാസം 14 ന് രാത്രിയാണ് സംഭവം. പോക്കറ്റ് റോഡില്‍ വാഹനമിടിച്ച് മരിച്ച നിലയില്‍ കൊളവയല്‍ ജോസിനെ പിറ്റേന്ന് രാവിലെ കണ്ടെത്തുകയായിരുന്നു.
അസ്വാഭാവിക മരണത്തിനാണ് പെരുവണ്ണാമൂഴി പൊലിസ് ആദ്യം കേസെടുത്തത്. വാഹനം കയറിയാണു ജോസ് മരിക്കാനിടയായതെന്ന പ്രചരണം നാട്ടിലാകെ പരക്കുകയുണ്ടായി. ഇതിനു കാരണമായ വാഹനത്തെക്കുറിച്ചു നാട്ടുകാര്‍ തന്നെ പൊലിസിനു സൂചന നല്‍കി.ഇതിന്റെ അടിസ്ഥാനത്തില്‍ പത്ത് ദിവസം മുന്‍പ് പെരുവണ്ണാമൂഴി താഴത്തു വയലിലുള്ള ഒരു പിക്കപ്പ് പൊലിസ് കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍ ശാസ്ത്രീയ പരിശോധനയും നടത്തി.
സംഭവത്തിന്റെ നിജസ്ഥിതി സംബന്ധിച്ചു വ്യക്തമായ സൂചനകള്‍ ലഭിച്ചു കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ പൊലിസ് തികഞ്ഞ അലംഭാവം പുലര്‍ത്തുകയാണെന്ന് ആരോപണം ജോസിന്റെ ബന്ധുക്കള്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോസിന്റെ മക്കളിലൊരാള്‍ കേസന്വേഷണം ഊര്‍ജിതമാക്കണമെന്നും പ്രതികളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ജില്ലാ പൊലിസ് സൂപ്രണ്ടിനു ഫെബ്രുവരി 24 നു നേരിട്ടു പരാതി നല്‍കിയിരിക്കുകയാണ്. ഇതിനിടയില്‍ കേസന്വേഷണം മന്ദീഭവിപ്പിക്കാന്‍ രഹസ്യമായി ചില കളികള്‍ ചിലര്‍ നടത്തുന്നതായി ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."