21 കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
കാസര്‍കോട്: 23 വയസിനിടെ 21 കേസുകളില്‍ പ്രതിയായ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ചൂരി ബട്ടംപാറയിലെ മഹേഷിനെ കാസര്‍കോട് ടൗണ്‍ പൊലിസ് ഇയാളെ ഇന്നലെ അറസ്റ്റു ചെയ്തത്. ഇയാള്‍ ചെറുപ്പം മുതലേ കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടിരുന്നതായി പൊലിസ് പറയുന്നു. 17-ാമത്തെ വയസുമുതലാണ് മഹേഷ് കുറ്റകൃത്യങ്ങള്‍ ചെയ്തുതുടങ്ങിയത്. അഞ്ചോളം ജുവൈനല്‍ കേസുകള്‍ മഹേഷിനെതിരേ ഉണ്ടായിരുന്നു.
ഒട്ടനവധി കേസുകളില്‍പെട്ടതോടെ കാപ്പ ചുമത്തി ജയിലിലടച്ചെങ്കിലും ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മഹേഷ് വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന രീതിയിലായിരുന്നു ജീവിച്ചിരുന്നത്. മൂന്നുമാസം മുമ്പ് കാപ്പ ശിക്ഷ കഴിഞ്ഞു ജയിലില്‍ നിന്നിറങ്ങിയ ശേഷം കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ അടുക്കത്ത് ബെയ്ല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ പ്രശാന്തിനെ (33) വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
2014 ഡിസംബറില്‍ തളങ്കരയിലെ സൈനുല്‍ ആബിദിനെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് മഹേഷ്. 2014ല്‍ താളിപ്പടുപ്പില്‍ ഒരാളെ വധിക്കാന്‍ ശ്രമിച്ച കേസ്, 2015 ല്‍ ഹൊസ്ദുര്‍ഗ് ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരനെ ആക്രമിച്ച കേസ്, 2015ല്‍ കാസര്‍കോട് പൊലിസ് സ്റ്റേഷനില്‍ കസേരകള്‍ തകര്‍ത്ത കേസ്, 2017ല്‍ നടന്ന ബി.ജെ.പി ഹര്‍ത്താലിനിടെ നടത്തിയ വധശ്രമം, 2017 ല്‍ കുഡ്‌ലു രാംദാസ് നഗറില്‍ ബസ് ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസ് തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."