കുട്ടികളാണ്, പക്ഷെ 'കുട്ടിക്കാര്യമല്ല'
തൃക്കരിപ്പൂര്‍: റിപ്പബ്ലിക് ദിനമായ ഇന്നുനടക്കുന്ന ചെറുവത്തൂര്‍ ഉപജില്ലാ പഠനോത്സവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി പുതിയ പ്രചാരണ തന്ത്രങ്ങളുമായി വിദ്യാര്‍ഥികള്‍. വലിയപറമ്പ് എ.എല്‍.പി സ്‌കൂളിലെ ഏഴ് കുട്ടികളാണ് സ്വയം തയാറാക്കിയ കുറിപ്പുകളുമായി വാഹനത്തില്‍ അനൗണ്‍സ്‌മെന്റുമായി രംഗത്തിറങ്ങി നാടിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. വിദ്യാലയത്തിലെ 152 കുട്ടികളെയും അണിനിരത്തിക്കൊണ്ട് പ്ലക്കാര്‍ഡുകള്‍ കൈകളിലേന്തി എട്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് രക്ഷിതാക്കള്‍ക്കൊപ്പം വീടുകള്‍ കയറിയിറങ്ങി ലഘുലേഖകള്‍ നല്‍കിയും പഠനോത്സവ സന്ദേശമറിയിച്ചു. കുട്ടികള്‍ സ്വയം തയാറാക്കിയതായിരുന്നു പ്ലക്കാര്‍ഡുകളും. അവര്‍ തന്നെ തയാറാക്കിയ പോസ്റ്ററുകള്‍ പ്രധാന കവലകളില്‍ പതിക്കുകയും ചെയ്തു. ഏഴ് കുട്ടികള്‍ തയാറാക്കിയ വാട്ട്‌സ്ആപ്പ് മെസേജും മുഴുവന്‍ കുട്ടികളും ഒരുക്കിയ കൈയെഴുത്ത് നോട്ടിസും പ്രചാരണത്തെ കൊഴുപ്പിച്ചു.
പഠനോത്സവത്തിലേക്ക് കടന്നു വരുന്ന അച്ഛനമ്മമാരുടെ രജിസ്‌ട്രേഷന്‍ നടത്തി മക്കള്‍ തന്നെ തൂക്കവും നീളവുമളന്ന് രേഖപ്പെടുത്തിയ കാര്‍ഡ് നല്‍കും. ഉത്സവത്തെപ്പറ്റിയുള്ള അഭിപ്രായം രേഖപ്പെടുത്തി ഈ കാര്‍ഡ് തിരിച്ചുനല്‍കിയാകണം അവര്‍ വീട്ടിലേക്കു തിരിച്ചു പോവുക.
പഠനോത്സവത്തിനായി ഒരുക്കിയ കൂറ്റന്‍ സ്റ്റാളില്‍ വച്ച് കയ്യൂരില്‍ നിന്ന് കൊണ്ടുവന്ന ജൈവ പച്ചക്കറികളായ വെള്ളരി, മത്തന്‍, കുമ്പളം, നരമ്പന്‍, വെണ്ട, പയര്‍, പച്ചമുളക്, കക്കിരി, വഴുതിന, പാവയ്ക്ക എന്നിവ കുട്ടികള്‍ തൂക്കി വിറ്റ് തൂക്ക അളവുകളുടെ പുതിയ പാഠം പ്രയോഗത്തിലൂടെ രക്ഷിതാക്കള്‍ക്ക് സമര്‍പ്പിക്കും. ശാസ്ത്ര പരീക്ഷണശാല, സ്‌കൂള്‍ ബസാര്‍, വിവിധ വിഷയ സ്റ്റാളുകള്‍ ക്ലാസ്സ് തലത്തിലൊരുക്കിയും ഒന്‍പതു സ്റ്റാളുകളില്‍ പഠന നേട്ടത്തിന്റെ തെളിവുകള്‍ രക്ഷാകര്‍തൃ സമൂഹത്തിന് കണ്‍കുളിര്‍ക്കെ കാണാം. എം രാജഗോപാലന്‍ എം.എല്‍.എ പഠനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കുട്ടികള്‍ നടത്തുന്ന പ്രത്യേക അസംബ്ലിയും കലവറയിലേക്കുള്ള അഞ്ഞൂറോളം നാളികേരം രക്ഷിതാക്കള്‍ കൊണ്ടുവന്നും പഠനോത്സവം നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ് കായലും കടലും കൈകോര്‍ത്തു നില്‍ക്കുന്ന വലിയപറമ്പ് ഗ്രാമവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."