ഭര്‍ത്താവിന്റെ മുഴുവന്‍ സ്വത്തും സഹോദരപുത്രന്മാര്‍ക്കു നല്‍കി; പരാതിയുമായി 83കാരി
കോഴിക്കോട്: ഭര്‍ത്താവ് മരിക്കുന്നതിനു മുന്‍പു തന്റെ സ്വത്തുക്കളെല്ലാം സഹോദര പുത്രന്മാരുടെ പേരില്‍ ഒസ്യത്ത് ചെയ്തതിനെ തുടര്‍ന്നു വഴിയാധാരമായി ഒരു വിധവ. മരണത്തിനു രണ്ടു മാസം മുന്‍പു ഭര്‍ത്താവ് വിവിധ ബാങ്കുകളിലെ തന്റെ 84 ലക്ഷത്തോളം രൂപയുടെ നിക്ഷേപവും വീടുള്‍പ്പെടുന്ന ഭൂമിയും സഹോദര പുത്രന്മാരുടെ പേരില്‍ ഒസ്യത്തു ചെയ്‌തെന്നു പറഞ്ഞ് 83കാരിയാണു വനിതാ കമ്മിഷനു മുന്നിലെത്തിയത്.
കുന്ദമംഗലത്തിനടുത്ത ഒരു കുടുംബത്തില്‍പ്പെട്ട സ്ത്രീയാണു പരാതിക്കാരി. 2014 ജൂലൈയിലാണ് ഇവരുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ഇവര്‍ക്കു മക്കളില്ല. ഭര്‍ത്താവ് മരിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണു ഭര്‍ത്താവിന്റെ സ്വത്തുകളെല്ലാം സഹോദര പുത്രന്മാരുടെ പേരില്‍ എഴുതിവച്ചതായി മനസിലായത്. 2014 ഏപ്രിലിലാണ് ഒസ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
സഹോദര പുത്രന്മാര്‍ തന്നെ സംരക്ഷിക്കുന്നില്ലെന്ന് ഇവര്‍ കമ്മിഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദിനു മുന്‍പില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് കമ്മിഷന്‍ സഹോദര പുത്രന്മാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നോട്ടിസ് നല്‍കിയെങ്കിലും ഇന്നലെ ടൗണ്‍ഹാളില്‍ നടന്ന സിറ്റിങ്ങില്‍ ഒരാള്‍പോലും ഹാജരായില്ല. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ഒരു കാരണവശാലും ഇറങ്ങിക്കൊടുക്കരുതെന്നു നിര്‍ദേശിച്ച കമ്മിഷന്‍ എതിര്‍കക്ഷികള്‍ക്കു വീണ്ടും നോട്ടിസയക്കും.
ഇന്നലത്തെ സിറ്റിങ്ങില്‍ 73 പരാതികളാണു പരിഗണിച്ചത്. ഇതില്‍ 41 എണ്ണം തീര്‍പ്പാക്കി. അഞ്ച് കേസുകള്‍ ഫുള്‍ കമ്മിഷന്റെ പരിഗണനയ്ക്കു വിടുകയും അഞ്ചെണ്ണത്തില്‍ പൊലിസിന്റെ നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. 22 കേസുകള്‍ കമ്മിഷന്റെ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കാന്‍ മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."