സെന്റോഫ് എന്ന ആഭാസം
കലാലയങ്ങളില്‍ വാര്‍ഷികപ്പരീക്ഷ നടക്കാനിരിക്കുകയാണല്ലോ. കോഴ്‌സ് പൂര്‍ത്തീകരിക്കുന്ന കുട്ടികള്‍ കലാലയങ്ങളില്‍നിന്നു പടിയിറങ്ങുന്നതു സ്വഭാവികസംഭവം. ഈ പിരിഞ്ഞുപോകലിനോടനുബന്ധിച്ചു പരിപാടികള്‍ സംഘടിപ്പിക്കുന്നതും പണ്ടുമുതല്‍ നടപ്പുള്ളതാണ്. സെന്റോഫ് എന്ന ഓമനപ്പേരുള്ള ഇത്തരം പരിപാടികള്‍ ജീവിതത്തിലുടനീളം മധുരസ്മരണ നല്‍കുന്നതാണ്.
കുട്ടികളും അധ്യാപകരും കൂടിയിരുന്നു പഴയകാര്യങ്ങള്‍ അയവിറക്കുകയും അധ്യാപകരോടു തെറ്റു കുറ്റങ്ങള്‍ ഏറ്റുപറഞ്ഞും ചെറിയ കലാപരിപാടികള്‍ നടത്തിയും ലഘു ഭക്ഷണം കഴിച്ചും പിരിയുന്ന മനോഹരമായ സദസ്സ്. കൈയൊപ്പടങ്ങിയ ഓട്ടോഗ്രാഫും സ്‌കൂളിനു നല്‍കുന്ന ഗിഫ്റ്റും ഇതിന്റെ ഭാഗമാണ്.
കാലം മാറിയപ്പോള്‍ സെന്റോഫിന്റെ കോലവും മാറി. സെന്റോഫ് എന്ന ആഭാസത്തില്‍ ഇന്നു സ്‌കൂള്‍ അധികൃതരും നാട്ടുകാരും കഷ്ടപ്പെടുകയാണ്. ഈയിടെ ഒരു സെന്റോഫ് പരിപാടിയില്‍ ആനയെഴുന്നള്ളിപ്പും പാട്ടും ഡാന്‍സുമൊക്കെയാണുണ്ടായിരുന്നത്.
പരസ്പരം ചായവും മഷിയും വാരിയെറിഞ്ഞും വസ്ത്രങ്ങള്‍ വലിച്ചു കീറിയും സഭ്യമായി പറയാന്‍ പറ്റാത്ത രീതിയിലുള്ള ആഘോഷങ്ങള്‍ നടത്തിയുമാണ് ഇന്നു സെന്റോഫ് ആഘോഷിക്കുന്നത്. ഹോളി കണക്കെ ആഘോഷിക്കാന്‍ എന്താണു പിരിഞ്ഞുപോകലില്‍ ഇത്ര സന്തോഷിക്കാനുള്ളത്.
പണ്ടു സെന്റോഫ് വിരഹത്തിന്റെയും നഷ്ടങ്ങളുടെയും ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നെങ്കില്‍ ഇന്ന് ആര്‍ഭാടത്തിന്റെയും ആഭാസത്തിന്റെയും പകപോക്കലിന്റെയും വേദിയായി മാറിയിരിക്കുന്നു.
കലാലയങ്ങളിലെ ഉപകരണങ്ങളും മറ്റും നശിപ്പിക്കലും ചുമരുകളിലും ബെഞ്ചുകളിലും അസഭ്യം എഴുതലും വരയ്ക്കലും മറ്റും ഇതിന്റെ ഭാഗമാണ്. ദൃശ്യമാധ്യമങ്ങളും സിനിമകളും ഇത്തരം പ്രവണതയ്ക്കു പ്രചോദനമാകുന്നുണ്ട്.
സെന്റോഫിലെ അപകടകരമായ പ്രവണതയില്ലാതാക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ റാഗിങ് പോലെ ക്രൂരവിനോദമായി മാറും. കലാലയങ്ങളില്‍നിന്നു നശീകരണ, ആഭാസസ്വഭാവമുള്ള കാട്ടാളന്മാരെയല്ല സംസ്‌കാര സമ്പന്നരെയാണു സമൂഹം പ്രതീക്ഷിക്കുന്നത്.
പൊതുമുതല്‍ നശിപ്പിക്കുന്ന വിദ്യാര്‍ഥികളില്‍നിന്നു പിഴ ഈടാക്കിയതിനുശേഷമേ അവരുടെ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ രാഷ്ട്രീയക്കാരോ മറ്റുള്ളവരോ സംരക്ഷിക്കരുത്. അവരെ ഒറ്റപ്പെടുത്തണം. സാമൂഹ്യബോധമുള്ള കുട്ടികള്‍ കലാലയങ്ങളില്‍നിന്നു പുറത്തുവരട്ടെ. അവരെ നമുക്ക് ഇരുകൈയും നീട്ടി സ്വീകരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."