പ്രതീക്ഷ നല്‍കി പുതിയ വ്യോമയാന നയം തിരുവമ്പാടിക്ക് ചിറകുമുളയ്ക്കുമോ?
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വ്യോമയാന നയം തിരുവമ്പാടി വിമാനത്താവള സ്വപ്നങ്ങള്‍ക്കു പുതിയ ചിറകുകള്‍ നല്‍കുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നയത്തില്‍ ചെറിയ വിമാനത്താവളങ്ങള്‍ അനുവദിക്കാനും ഇവിടേക്ക് സര്‍വിസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്കു വരുന്ന നഷ്ടം നികത്താന്‍ സഹായിക്കാനും തീരുമാനിച്ചിരുന്നു. ഈ നിലപാട് തിരുവമ്പാടി ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാനത്താവള സാധ്യതാ പ്രദേശങ്ങള്‍ക്ക് അനുഗ്രഹമായേക്കും.
പുതിയ വ്യോമയാന നയപ്രകാരം നിര്‍ജീവമായി കിടക്കുന്ന വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനും പുതിയവ നിര്‍മിക്കാനും കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കും. ഇത്തരം പാതകളിലേക്ക് സര്‍വിസ് നടത്തുക വഴി കമ്പനികള്‍ക്കുണ്ടണ്ടാവുന്ന നഷ്ടത്തിന്റെ 80 ശതമാനം കേന്ദ്രം നല്‍കുകയും ചെയ്യും. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളുടെ 150 കിലോമീറ്റര്‍ ദൂരപരിധിയില്‍ പുതിയ വിമാനത്താവളങ്ങള്‍ അനുവദിക്കില്ലെന്ന വ്യവസ്ഥ എടുത്തുകളഞ്ഞതും തിരുവമ്പാടിയുടെ സ്വപ്നത്തിനു നിറംപകരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ പരിധിക്കുള്ളില്‍പെടുന്ന തിരുവമ്പാടിയില്‍ വിമാനത്താവളം വന്നാല്‍ ചെറുപട്ടണങ്ങളില്‍ നിന്നു നഗരങ്ങളിലേക്കുള്ള ആഭ്യന്തര സര്‍വിസും നടത്താനാവും. ഇത്തരം സര്‍വിസുകള്‍ക്ക് 2,500 രൂപയില്‍ കൂടുതല്‍ വാങ്ങരുതെന്നും പുതിയ നയത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറുകള്‍, സ്വകാര്യ മേഖല, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ വഴിയുള്ള വിമാനത്താവള നിര്‍മാണത്തിനും അനുമതി നല്‍കിയിട്ടുണ്ട്.
അംഗീകാരത്തിനായി കാത്തുകിടക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 17 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ജില്ലയുടെ വ്യോമയാന സ്വപ്നമായ തിരുവമ്പാടിയുമുണ്ട്. കരിപ്പൂര്‍ എയര്‍പോര്‍ട്ട് മുന്‍ ഡയരക്ടര്‍ വിജയകുമാര്‍ ആണ് തിരുവമ്പാടി വിമാനത്താവളത്തിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. ഹൈദരാബാദ് വിമാനത്താവളം നിര്‍മിച്ച റെഡ്ഡി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ തിരുവമ്പാടിയിലെ സാധ്യതാ സര്‍വേയും നടത്തിയിരുന്നു. സ്വകാര്യ കൃഷിഭൂമിയില്ലാതെത്തന്നെ ഇന്‍ഡസ്ട്രിയില്‍ എസ്റ്റേറ്റ് ഭൂമി മാത്രമേറ്റെടുത്തു വിമാനത്താവളം നിര്‍മിക്കാനാവുമെന്നാണു പ്രതീക്ഷിക്കുന്നത്. തിരുവമ്പാടി റബര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള തിരുവമ്പാടി റബര്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന പ്രതീക്ഷയിലാണു ബന്ധപ്പെട്ടവരുള്ളത്.
തിരുവമ്പാടിക്ക് അനുകൂലമായ നടപടിയുണ്ടാകുകയാണെങ്കില്‍ വലിയ വിമാനങ്ങള്‍ക്കിറങ്ങാന്‍ സൗകര്യമുള്ള പുതിയ വിമാനത്താവളം എന്ന ആശയത്തിനു കൂടുതല്‍ അംഗീകാരം ലഭിക്കാനാണു സാധ്യത. തിരുവമ്പാടി എസ്റ്റേറ്റ് രണ്ട് ഡിവിഷനായി മൂന്നു പ്രദേശങ്ങളിലായാണു കിടക്കുന്നത്. തിരുവമ്പാടി പഞ്ചായത്തിലുള്ള തിരുവമ്പാടി ഡിവിഷന്‍ 1,000 ഏക്കര്‍ വരും. നീലേശ്വരം ഡിവിഷന്‍ കോടഞ്ചേരി, മുക്കം, തിരുവമ്പാടി പഞ്ചായത്തുകളിലായാണു കിടക്കുന്നത്. ഇതിന്റെ മധ്യത്തിലൂടെയാണ് ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്നത്. ഇവിടെ വലിയ പാലം നിര്‍മിക്കുക എന്ന ആശയമാണ് സര്‍വേ മുന്നോട്ടുവയ്ക്കുന്നത്.
1,000 ഏക്കറില്‍ മാത്രം വിമാനത്താവളം ഒരുക്കുകയാണെങ്കില്‍ താഴെ തിരുവമ്പാടി ഭാഗത്തുള്ള 1,000 ഏക്കറില്ലാതെ നീലേശ്വരം ഡിവിഷന്‍ മാത്രമായി ഏറ്റെടുത്താലും മതി. ഈ രണ്ട് ഡിവിഷനുകളും ബന്ധിപ്പിക്കുന്നത് തോട്ടത്തിന്‍കടവ് വഴിയാണ്. ഈ സ്ഥലങ്ങള്‍ കൂട്ടിയോജിപ്പിക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. വിമാനത്താവളത്തെ തന്നെ രണ്ടണ്ട് സെക്ഷനുകളായി തിരിച്ചുള്ള രൂപരേഖയും തയാറാക്കിയിട്ടുണ്ട്. എസ്റ്റേറ്റിലെ 500ഓളം വരുന്ന സ്ഥിരം തൊഴിലാളികളുടെ പ്രശ്‌നം പരിഹരിച്ചെങ്കില്‍ മാത്രമേ ഭൂമി ഏറ്റെടുക്കല്‍ നടക്കുകയുള്ളൂ. ഇതിനുള്ള പദ്ധതിയും നടപ്പാക്കണം. റബറിന്റെ വിലയിടിവുമൂലം എസ്റ്റേറ്റ് ലാഭകരമല്ലാത്ത സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങളെ കുറിച്ച് എസ്റ്റേറ്റ് മാനേജ്‌മെന്റ് ചിന്തിക്കുന്ന സാഹചര്യം കൂടിയാണുള്ളതെന്നു പ്രദേശത്തുകാര്‍ പറയുന്നു.
എസ്റ്റേറ്റിലെ തിരുവമ്പാടി ഡിവിഷനിലെ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടുള്ള കേസില്‍ കോടതി തീര്‍പ്പുകല്‍പിച്ചതിനാല്‍ നിയമപ്രശ്‌നങ്ങളില്ലാതെ തന്നെ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. എന്നാല്‍, എസ്റ്റേറ്റിന്റെ മധ്യത്തിലൂടെ മൈസൂരു-നിലമ്പൂര്‍ പവര്‍ലൈന്‍ കടന്നുപോകുന്നുവെന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇതിനു പരിഹാരമായി ഈ ഭാഗത്തെ പവര്‍ലൈന്‍ കേബിള്‍ വഴി അണ്ടണ്ടര്‍ ഗ്രൗണ്ടാക്കാമെന്ന നിര്‍ദേശമാണുള്ളത്. തിരുവമ്പാടി, കോടഞ്ചേരി വില്ലേജുകളെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോലപ്രദേശം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെണ്ടങ്കിലും വിമാനത്താവളത്തിന് അനുമതി ലഭിച്ചാല്‍ പിന്നീടു നടക്കുന്ന പരിസ്ഥിതി ആഘാതപഠനത്തിലൂടെ പ്രദേശത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. അതേസമയം, കാര്‍ഷിക മേഖലയായ തിരുവമ്പാടിയില്‍ വിമാനത്താവളം വരുന്നതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും രംഗത്തുണ്ട്.
വ്യോമയാന നയം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."