HOME
DETAILS
MAL
'പൊലിസ് ഔട്ട് ഓഫ് സര്‍വിസ് '
backup
March 01 2020 | 04:03 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ വംശീയാതിക്രമം നടന്ന നാലു ദിവസങ്ങളില്‍ സംരക്ഷണം തേടി പൊലിസ് സ്‌റ്റേഷനുകളിലേക്കു വന്നത് 13,200ലേറെ ഫോണ്‍ കോളുകള്‍. എന്നാല്‍, ഈ കേസുകളള്‍ എല്ലാംതന്നെ ഇപ്പോഴും പൊലിസിന്റെ പരിഗണനാ ലിസ്റ്റില്‍ തന്നെ നില്‍ക്കുകയാണ്.
മുസ്‌ലിം വംശഹത്യ നടക്കുമ്പോള്‍ പൊലിസ് സ്വീകരിച്ച നിരുത്തരവാദപരമായ നടപടിയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളുയര്‍ത്തുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഈ കോളുകളില്‍ എന്തു നടപടി സ്വീകരിച്ചുവെന്നതില്‍ പൊലിസിനു മറുപടിയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 23 മുതല്‍ 26 വരെയുള്ള കോള്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ ദിവസങ്ങളില്‍ പൊലിസ് കണ്‍ട്രോള്‍ റൂമിലേക്കുള്ള കോളുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരുന്നു. ആക്രമണം തുടങ്ങിയ 23ന് 700, 24ന് 3,500, 25ന് 7,500, 26ന് 1,500 എന്നിങ്ങനെയാണ് പൊലിസിനു ലഭിച്ച ഫോണ്‍കോളുകളുടെ ഏകദേശ കണക്ക്.
ആക്രമണത്തില്‍ വന്‍ നാശങ്ങള്‍ സംഭവിച്ച മേഖലയിലെ രണ്ടു സ്റ്റേഷനുകളിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതിക്രമങ്ങള്‍ രൂക്ഷമായ യമുനാ വിഹാര്‍ അടക്കമുള്ള ഭജന്‍പുര പൊലിസ് സ്റ്റേഷനില്‍ 24നും 26നുമിടെ മൂവായിരത്തി അഞ്ഞൂറോളം കോളുകള്‍ സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് സ്റ്റേഷനിലെ ഒന്‍പതു കോളങ്ങളുള്ള രജിസ്റ്ററില്‍ വിശദമായ പരാതി, പരാതിയുടെ രത്‌നച്ചുരുക്കം, എപ്പോഴാണ് പരാതി ലഭിച്ചത്, എന്തു നടപടിയാണ് എടുത്തത് തുടങ്ങിയ വിവരങ്ങളാണ് രേഖപ്പെടുത്തുന്നത്. വെടിവയ്പ്, വാഹനങ്ങള്‍ കത്തിക്കുന്നു, കല്ലേറ് തുടങ്ങിയ വിവിധ പരാതികള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ കേസുകളിലും എന്തു നടപടിയെടുത്തുവെന്ന കോളം പൂരിപ്പിച്ചിട്ടില്ല. താന്‍ നിരവധി തവണ താന്‍ സ്‌റ്റേഷനില്‍ വിളിച്ചെങ്കിലും പൊലിസ് ഒരു മറുപടിയും നല്‍കിയില്ലെന്ന് യമുനാ വിഹാറിലെ ബി.ജെ.പി കൗണ്‍സിലറും ആരോപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."