ട്രംപിന്റെ പശ്ചിമേഷ്യന്‍ ദൂതനാകാനില്ലെന്ന് ബ്ലെയര്‍
ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ ദൂതനാകുമെന്ന വാര്‍ത്തകള്‍ക്കിടെ നിഷേധവുമായി ബ്ലെയര്‍ രംഗത്തെത്തി.
അദ്ദേഹത്തിന്റെ വക്താവാണ് നിഷേധക്കുറിപ്പ് പുറത്തുവിട്ടത്. ബ്ലെയര്‍ പശ്ചിമേഷ്യയുടെ സമാധാനത്തിനു വേണ്ടി സ്വന്തം നിലക്കു പ്രവര്‍ത്തിക്കുമെന്നും തിരിച്ചുള്ള വാര്‍ത്തകള്‍ പടച്ചുണ്ടാക്കിയതാണെന്നും വക്താവ് വ്യക്തമാക്കി.
ട്രംപിന്റെ മരുമകനും മുഖ്യഉപദേഷ്ടാവുമായ ജാരേദ് കുഷ്നറെ കഴിഞ്ഞ ദിവസം വൈറ്റ്ഹൗസില്‍ ബ്ലെയര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിറകെ ബ്രിട്ടീഷ് മാധ്യമമായ 'ഡെയ്ലി മെയിലാ'ണ് ട്രംപിന്റെ പശ്ചിമേഷ്യന്‍ ദൂതനായി പ്രവര്‍ത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബ്ലെയറിന്റെ സന്ദര്‍ശനമെന്നു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ട്രംപുമായി അത്തരത്തിലുള്ള ഒരു സംസാരവുമുണ്ടായിട്ടില്ല. പശ്ചിമേഷ്യന്‍ ദൂതനാകാനോ ട്രംപിന്റെ മറ്റേതെങ്കിലും ദൗത്യമേറ്റെടുക്കാനോ ചര്‍ച്ചയുണ്ടായിട്ടില്ല. 10 വര്‍ഷത്തോളമായി മേഖലയില്‍ അദ്ദേഹം സമാധാനപ്രവര്ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. അതിനിയും തുടരും-ടോണി ബ്ലെയറിന്റെ വക്താവ് അറിയിച്ചു.
നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍നിന്ന് ഇറങ്ങിയ ശേഷം യൂറോപ്യന്‍ യൂനിയന്‍, യു.എന്‍, അമേരിക്ക, റഷ്യ എന്നിവ സംയുക്തമായി പശ്ചിമേഷ്യന്‍ സമാധാനപ്രവര്ത്തനങ്ങള്ക്കായി രൂപീകരിച്ച പ്രത്യേക സമിതിയുടെ ദൂതനായിരുന്നു ടോണി ബ്ലെയര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."