മോദിയുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ നല്‍കണമെന്ന അപേക്ഷ വിവരാവകാശ കമ്മിഷന് തള്ളി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ തള്ളി. പൊതു വിവരാവകാശ ഓഫിസറുടെ (സി.പി.ഐ.ഒ) നടപടി ചോദ്യം ചെയ്ത് അപേക്ഷകന് കേന്ദ്ര വിവരാവകാശ കമ്മിഷനര്‍ (സി.ഐ.സി)ക്ക് നല്കിയ ഹരജിയില്‍ സി.പി.ഐ.ഒയുടെ നടപടി ശരിവയ്ക്കുകയും ചെയ്തു.
ആദ്യത്തെ പാസ്പോര്‍ട്ട് ലഭിക്കാനായി നരേന്ദ്രമോദി നല്കിയ അപേക്ഷയുടെ പകര്‍പ്പും തുടര്‍ന്ന് ഡിപ്ലമാറ്റിക് പാസ്പോര്‍ട്ട് ലഭിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും ആവശ്യപ്പെട്ട് നല്കിയ അപേക്ഷയാണ് നേരത്തെ സി.പി.ഐ.ഒ തള്ളിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ ഗുജറാത്ത് സ്വദേശി ജി.എം ചൗഹാന് ആണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.
വിവരാവകാശ നിയമത്തിലെ 8(1)ജെ വകുപ്പു പ്രകാരം അപേക്ഷകന്റെ ആവശ്യം മൂന്നാംകക്ഷിയുമായി ബന്ധപ്പെട്ടതാകയാല്‍ പ്രധാനമന്ത്രിയുടെ പാസ്പോര്‍ട്ട് അപേക്ഷാരേഖകള്‍ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള വിവരാവകാശ ഓഫിസര്‍ മറുപടി നല്കി. നരേന്ദ്രമോദി ഒരു പൊതുവ്യക്തിയാണ്. അദ്ദേഹത്തിന്റെ എല്ലാ സ്വകാര്യവിവരങ്ങളും വെബ്സൈറ്റുകളിലും മറ്റും ലഭ്യവുമാണ്.
അതിനാല്‍ അദ്ദേഹം പാസ്പോര്‍ട്ട് ലഭിക്കാനായി സമര്‍പ്പിച്ച രേഖകള്‍ അറിയുന്നത് പൊതുതാല്‍പ്പര്യമാണെന്നും ജി.എം ചൗഹാന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതില്‍ പൊതുതാല്‍പ്പര്യം ഇല്ലെന്ന് മുഖ്യവിവരാവകാശ കമ്മിഷനര്‍ ആര്.കെ മാഥൂര്‍ മറുപടി നല്കി.
നേരത്തെ പ്രധാനമന്ത്രിയുടെ വിദേശയാത്രാ ചെലവുകള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയും തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."