കശ്മിരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ പൊലിസ് ഉദ്യോഗസ്ഥന് വീരമൃത്യു പാക് പൗരന് ഉള്‍പ്പെടെ രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മിരിലെ ത്രാല്‍ മേഖലയില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പൊലിസുകാരന് വീരമൃത്യു. സംസ്ഥാന പൊലിസ് സേനയിലെ സ്പെഷല്‍ ഓപ്പറേഷന് വിഭാഗത്തിലെ മന്‍സൂര്‍ അഹ്്മദാണ് മരിച്ചതെന്ന് ജമ്മു കശ്മിര് പൊലിസ് അറിയിച്ചു.
ശക്തമായ തിരിച്ചടിയില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. തങ്ങള്‍ രണ്ട് ഭീകരരെ കൊലപ്പെടുത്തിയെന്നും ഇവരില്‍ ഒരാള്‍ പാക് പൗരനാണെന്നും ഡി.ജി.പി എസ്.പി വെയ്ദ പറഞ്ഞു.
ഏറ്റുമുട്ടലിനിടയില്‍ മലയാളിയായ സൈനിക മേജര്‍ ഹരിപ്പാട് സ്വദേശി ഋഷി ഉള്‍പ്പെടെ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ എം.എല്‍.എ ബാബു പ്രസാദിന്റെ സഹോദരപുത്രനാണ് മേജര്‍ ഋഷി. ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.
ഭീകരര്‍ മേഖലയില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ത്രാല്‍ മേഖലയില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ സാന്നിധ്യമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നു. തുടര്‍ന്നാണ് തെരച്ചില്‍ തുടങ്ങിയത്.
ഭീകരരെ പിടിക്കാനായി പ്രദേശത്ത് വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിനെതിരേ ഗ്രാമവാസികള്‍ സംഘടിച്ച് സുരക്ഷാ സേനക്കു നേരെ കല്ലേറ് നടത്തി.
സൈന്യത്തിന് പുറമെ രാഷ്ട്രീയ റൈഫിള്‍സ്, ജമ്മുകശ്മിര്‍ പൊലിസിലെ പ്രത്യേക ഓപറേഷന് വിഭാഗം, സി.ആര്.പി.എഫ് എന്നിവര്‍ സംയുക്തമായിട്ടായിരുന്നു ഭീകരരെ തുരത്താന്‍ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."