അഞ്ചടിയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബാഴ്‌സ
മാഡ്രിഡ്: എണ്ണം പറഞ്ഞ അഞ്ചു ഗോളുകള്‍ സെല്‍റ്റ വിഗോയുടെ വലയില്‍ നിറച്ച് ബാഴ്‌സലോണ സ്പാനിഷ് ലാ ലിഗയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇരട്ട ഗോളുകള്‍ നേടുകയും രണ്ടു ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്തു മൈതാനം നിറഞ്ഞ പോരാട്ടത്തിലാണ് സ്വന്തം തട്ടകത്തില്‍ കറ്റാലന്‍ പട വിജയിച്ചു കയറിയത്. കളിയുടെ 24, 64 മിനുട്ടുകളിലാണു മെസ്സി ഗോളുകള്‍ നേടിയത്. 40ാം മിനുട്ടില്‍ നെയ്മറും 57ാം മിനുട്ടില്‍ റാക്കിറ്റിചും 61ാം മിനുട്ടില്‍ ഉംറ്റിറ്റിയും ശേഷിച്ച ഗോളുകള്‍ നേടി. ഇതില്‍ നെയ്മര്‍, ഉംറ്റിറ്റി എന്നിവരുടെ ഗോളുകള്‍ക്ക് വഴിയൊരുക്കിയതും അര്‍ജന്റീന താരം തന്നെ. 26 മത്സരങ്ങളില്‍ നിന്നു 60 പോയിന്റുമായാണു ബാഴ്‌സലോണ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. മറ്റൊരു മത്സരത്തില്‍ സ്‌പോര്‍ടിങ് ഗിജോണിനെ ഡിപോര്‍ടീവോ ലാ കൊരുണ ഒറ്റ ഗോളിനു വീഴ്ത്തി.
ടോട്ടനത്തിനു ജയം; ആഴ്‌സണലിനെപരാജയപ്പെടുത്തി ലിവര്‍പൂള്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവസാനം വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ എവര്‍ട്ടനെ വീഴ്ത്തി ടോട്ടനം. കുഞ്ഞന്‍ ടീമുകളോടു തോല്‍ക്കുകയും വമ്പന്‍മാരെ അടിതെറ്റിക്കുകയും ചെയ്യുന്ന ലിവര്‍പൂള്‍ ആ പതിവ് ആവര്‍ത്തിച്ചപ്പോള്‍ ആഴ്‌സണല്‍ 3-1ന്റെ തോല്‍വി വഴങ്ങി.
അപാര ഫോമില്‍ കളിക്കുന്ന ഹാരി കെയ്ന്‍ ഇരട്ട ഗോളുകള്‍ നേടിയ പോരാട്ടത്തില്‍ 3-2നാണു എവര്‍ട്ടന്‍ തോല്‍വി സമ്മതിച്ചത്. ടോട്ടനത്തിന്റെ സ്വന്തം ഗ്രൗണ്ടില്‍ അവരെ മുള്‍മുനയില്‍ നിര്‍ത്തിയാണു എവര്‍ട്ടന്‍ പരാജയം വഴങ്ങിയത്. 20, 56 മിനുട്ടുകളിലാണു കെയ്ന്‍ വല ചലിപ്പിച്ചത്. 80ാം മിനുട്ടു വരെ ഗോള്‍ തിരിച്ചടിക്കാന്‍ സാധിക്കാതിരുന്ന എവര്‍ട്ടന്‍ 81ല്‍ ഒരു ഗോള്‍ മടക്കി ലീഡ് കുറച്ചു. എന്നാല്‍ അല്ലി ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനുട്ടില്‍ മൂന്നാം ഗോളിലൂടെ ടോട്ടനത്തിന്റെ ലീഡുയര്‍ത്തിയെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ എവര്‍ട്ടന്‍ രണ്ടാം ഗോളിലൂടെ ലീഡ് വീണ്ടു കുറച്ചു. സമയം തീര്‍ന്നതോടെ ടോട്ടനം സുരക്ഷിത വിജയം ഉറപ്പാക്കി. ജയത്തോടെ 56 പോയിന്റുമായി ടോട്ടനം രണ്ടാം സ്ഥാനം നിലനിര്‍ത്തി.
റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനേ, വിനാല്‍ഡം എന്നിവരുടെ ഗോളുകളാണു ലിവര്‍പൂളിനു ആഴ്‌സണലിനെതിരേ വിജയം സമ്മാനിച്ചത്. ഡാനി വെല്‍ബക്ക് ഗണ്ണേഴ്‌സിന്റെ ആശ്വസ ഗോള്‍ നേടി. ജയത്തോടെ ലിവര്‍പൂള്‍ 52 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. സീസണിന്റെ തുടക്കത്തില്‍ മുന്നിലുണ്ടായിരുന്ന ആഴ്‌സണല്‍ ആറാം തോല്‍വി വഴങ്ങി 50 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്ത്.
യുവന്റസ് സമനിലയുമായി രക്ഷപ്പെട്ടു
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള യുവന്റസ് ഉദീനിസെയുമായി സമനില പിടിച്ച് രക്ഷപ്പെട്ടു. ഒരു ഗോളിനു പിന്നില്‍ നിന്ന യുവന്റസിനു 60ാം മിനുട്ടില്‍ ബൊനൂസി നേടിയ ഗോളാണു സമനില സമ്മാനിച്ചത്. സമനില വഴങ്ങിയെങ്കിലും യുവന്റസിന്റെ ഒന്നാം സ്ഥാനത്തിനു ഭീഷണിയില്ല.
മറ്റു മത്സരങ്ങളില്‍ ഇന്റര്‍ മിലാന്‍ 5-1നു കഗ്ലിയാരിയേയും എ.സി മിലാന്‍ 3-1നു ചീവോയേയും വീഴ്ത്തി. അറ്റ്‌ലാന്റ- ഫിയോരെന്റിന, ക്രോടോണ്‍- സസോളോ പോരാട്ടങ്ങള്‍ ഗോള്‍രഹിത സമനില. ടൊറിനോ 3-1നു പാലെര്‍മോയേയും ജെനോവ 2-0ത്തിനു എംപോളിയേയും കീഴടക്കി.
ഫ്രാന്‍സില്‍ പോര് മുറുകുന്നു
പാരിസ്: ഫ്രഞ്ച് ലീഗ് വണിലെ കിരീട പോരാട്ടം മുറുകുന്നു. രണ്ടാമതുള്ള പാരിസ് സെന്റ് ജെര്‍മെയ്‌നും മൂന്നാമതുള്ള നീസും 62 പോയിന്റുമായി ഒപ്പം നില്‍ക്കുന്നു. ഒന്നാം സ്ഥാനത്തുള്ള മൊണാക്കോയ്ക്കും 62 പോയിന്റുകളാണെങ്കിലും അവര്‍ ഒരു മത്സരം കുറച്ചാണു കളിച്ചിട്ടുള്ളത്.
നാന്‍സിയെ കടുത്ത പോരാട്ടത്തില്‍ കീഴടക്കിയാണു പി.എസ്.ജി നിര്‍ണായക വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് എഡിന്‍സന്‍ കവാനിയാണു നിലവിലെ ചാംപ്യന്‍മാര്‍ക്ക് ജയമൊരുക്കിയത്. നീസ് മറുപടിയില്ലാത്ത ഒറ്റ ഗോളിനു ഡിജോണിനെ വീഴ്ത്തുകയായിരുന്നു.
ബംഗളൂരു വിജയ വഴിയില്‍
ചെന്നൈ: നാലു സമനിലകള്‍ക്കും മൂന്നു തോല്‍വികള്‍ക്കും ശേഷം നിലവിലെ ചാംപ്യന്‍മാരായ ബംഗളൂരു എഫ്.സി ഐ ലീഗ് പോരാട്ടത്തിന്റെ വിജയ വഴിയില്‍ തിരിച്ചെത്തി. മിനെര്‍വ പഞ്ചാബിനെ 1-0ത്തിനു വീഴ്ത്തി അവര്‍ നിര്‍ണായക വിജയം പിടിക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ ചെന്നൈ സിറ്റി- ശിവാജിയന്‍സുമായി 1-1നു സമനിലയില്‍ പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."