വിശ്വാസ്യത തകര്‍ത്ത് ആഭ്യന്തര ഭരണം
സംസ്ഥാനത്തിന്റെ ക്രമസമാധാനം, ആഭ്യന്തര സുരക്ഷ, നിയമ വാഴ്ച എന്നിവ ഉറപ്പാക്കേണ്ട സുപ്രധാന ചുമതലയാണ് ആഭ്യന്തര വകുപ്പിന്റേത്. നിര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഭരിച്ച് തുടങ്ങിയ കാലം മുതല്‍ പുറത്ത് വരുന്ന മിക്ക വാര്‍ത്തകളും പൊതുസമൂഹത്തിന്റെ മുന്നില്‍ പൊലിസിന്റെയും ആഭ്യന്തരവകുപ്പിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യുന്നതായിരുന്നു. എല്ലാ പൊലിസ് സ്‌റ്റേഷനുകളിലും ഒരു സ്വകാര്യ കമ്പനിയുടെ ഒരേ കളര്‍ പെയിന്റ് തന്നെ അടിക്കണമെന്ന സംസ്ഥാന പൊലിസ് മേധാവിയുടെ ഉത്തരവായിരുന്നു ആദ്യത്തേത്. പിന്നീട് ഒരു കമ്പനിയില്‍ നിന്നുള്ള യൂനിഫോം എല്ലാവരും ധരിക്കണമെന്നായി. അതിന് ശേഷം നമ്മള്‍ കേട്ടത് പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ കുറ്റകൃത്യങ്ങളുടെയും വിവരം(DATA BANK) യു.എല്‍.ടി.എസ് എന്ന സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ തീരുമാനിച്ചുവെന്നതാണ്. ഇതിനെതിരേ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിക്കുകയും, വിവാദമായ തീരുമാനം സര്‍ക്കാര്‍ തന്നെ പിന്‍വലിച്ച് ഉത്തരവിറക്കുകയും ചെയ്തു
.
പണമുള്ളവന് മാത്രം പൊലിസിന്റെ കൂടുതല്‍ സുരക്ഷ ഉറപ്പ് നല്‍കുന്ന മറ്റൊരു ജനവിരുദ്ധ പദ്ധതിയാണ് സിംസ് (ഇകങട). എന്‍പതിനായിരം മുതല്‍ നാലര ലക്ഷം രൂപവരെ നല്‍കുന്നവര്‍ക്ക് വീടുകളില്‍ സി.സി.ടി.വി കാമറകള്‍ ഘടിപ്പിച്ച് അതിലൂടെ 24 മണിക്കൂറും പൊലിസ് നിരീക്ഷണം ഉറപ്പാക്കുന്ന പദ്ധതിയാണിത്. ക്രമസമാധാനം, സുരക്ഷ എന്നിവ എല്ലാ പൗരന്‍മാര്‍ക്കും ഒരേ പോലെ ഉറപ്പാക്കേണ്ട ഭരണഘടനാ ബാധ്യതയുള്ള ഒരു സര്‍ക്കാരാണ് കുറച്ച് പേര്‍ക്ക് മാത്രം സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി നടപ്പാക്കുന്നതെന്നോര്‍ക്കണം. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും പ്രവൃത്തിപരിചയം വേണമെന്ന നിബന്ധന കാറ്റില്‍ പറത്തിക്കൊണ്ടാണ് തുടങ്ങിയിട്ട് ഒന്നരവര്‍ഷം പോലുമാകാത്ത ഗാലക്‌സോണ്‍ എന്ന കമ്പനിക്ക് കേരള പൊലിസ് ഈ പദ്ധതിയുടെ നടത്തിപ്പ് ഏല്‍പ്പിച്ചുകൊടുത്തത്. പൊലിസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ രണ്ട് ഡയരക്ടര്‍മാരേയും കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്. ഈ കമ്പനിക്കാണ് കേരളാ പൊലിസ് ആസ്ഥാനത്ത് പ്രത്യേക സ്ഥലം നല്‍കി പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രാഥമികവും പ്രധാനവുമായ ജോലിയാണ് പൊലിസിങ്. അതിനെ സ്വകാര്യവല്‍ക്കരിക്കുകയും അതുവഴി ആഭ്യന്തര സുരക്ഷ അപകടത്തിലാക്കിയിരിക്കുകയുമാണ് പിണറായി വിജയന്‍ എന്ന ആഭ്യന്തര മന്ത്രി.
ഇതിലും ഞെട്ടിക്കുന്ന വിവരങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടിലുള്ളത്. രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന വിധത്തില്‍ 25 ഇന്‍സാസ് റൈഫിളുകളും 12,061 വെടിയുണ്ടകളും പൊലിസില്‍ നിന്ന് കാണാതായി എന്നാണ് നിയമസഭയുടെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ പ്രതിയായ ഒരാള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനായി തുടരുകയാണ് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
എസ്.ഐമാര്‍ക്കും എ.എസ്.ഐ മാര്‍ക്കും ക്വാര്‍ട്ടേഴ്‌സ് പണിയാനുള്ള 4.35 കോടി രൂപ വകമാറ്റി ഡി.ജി.പിക്കും നാല് എ.ഡി.ജി.പിമാര്‍ക്കും ലക്ഷ്വറി വില്ലകള്‍ പണിതതാണ് സി.എ.ജി കണ്ടെത്തിയ മറ്റൊരു ക്രമക്കേട്. ഭരണാനുമതി പോലുമില്ലാതെയാണ് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇത് ചെയ്തത്. പൊലിസ് സ്‌റ്റേഷനുകളിലേക്ക് 1.10 കോടി വിലവരുന്ന വാഹനങ്ങള്‍ വാങ്ങാന്‍ അനുവദിച്ച തുക വകമാറ്റി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിച്ചതാണ് മറ്റൊരു അഴിമതി. ടെണ്ടര്‍ വിളിക്കാതെയാണ് ഡി.ജി.പിയുടെ നേതൃത്വത്തില്‍ ടെക്‌നിക്കല്‍ കമ്മിറ്റിക്ക് രൂപം നല്‍കി 55 ലക്ഷം രൂപയുടെ മിസ്തുബഷി പജേറോ വാങ്ങിയത്. സര്‍ക്കാര്‍ അനുമതി ഇല്ലാതെ വിതരണക്കാര്‍ക്ക് 33 ലക്ഷം മുന്‍കൂര്‍ നല്‍കിയാണ് ഈ കച്ചവടം നടത്തിയത്. പൊലിസിന് വേണ്ടി വാങ്ങിയ മറ്റൊരു ആഡംബര വാഹനമാകട്ടെ ചീഫ് സെക്രട്ടറിയാണ് ഉപയോഗിക്കുന്നത്. കമ്പോള വിലയുടെ മുന്നിരട്ടി വില നല്‍കിയാണ് ശബരിമലക്കായുള്ള മെറ്റല്‍ ഡിറ്റക്റ്റര്‍ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയതെന്നും സി.എ.ജി കണ്ടെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയില്ലാതെ ഇതൊന്നും സാധ്യമാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം.
180 കോടിയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയാണ് മറ്റൊരു തട്ടിപ്പ്. കേരളത്തിലെ റോഡുകളില്‍ നടക്കുന്ന ട്രാഫിക് ലംഘനങ്ങള്‍ കണ്ടുപിടിക്കാനും അവക്ക് ജനങ്ങളില്‍ നിന്നു പിഴ ഈടാക്കാനും സ്വകാര്യ കമ്പനിക്ക് അനുവാദം നല്‍കുന്ന പദ്ധതിയാണിത്. പദ്ധതി നടപ്പിലാക്കുമ്പോള്‍ കിട്ടുന്ന വരുമാനത്തിന്റെ 90 ശതമാനവും സ്വകാര്യ കമ്പനിക്കാണ് ലഭിക്കുന്നത്. ബാക്കി പത്തു ശതമാനം മാത്രമേ സര്‍ക്കാരിന് ലഭിക്കുകയുള്ളൂ. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പെറ്റി അടിക്കാനും പിഴ ഈടാക്കാനും സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തുന്നത്. ലാഭം മാത്രം ലക്ഷ്യമായ സ്വകാര്യ കമ്പനിക്ക് നാട് മുഴുവന്‍ നടന്ന് കൊള്ളയടിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ രഹസ്യമായി ഒരുക്കി നല്‍കിയത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ തക്ക സമയത്തുള്ള ഇടപെടല്‍ മൂലം സര്‍ക്കാരിന് ഇതില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു. ഈ പദ്ധതിക്കായി റീ ടെണ്ടര്‍ വിളിക്കേണ്ട അവസ്ഥയിലേക്ക് സര്‍ക്കാര്‍ മാറി. എന്നാല്‍ ഈ പദ്ധതി തന്നെ റദ്ദാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാകട്ടെ ഈ ഗുരുതരമായ വീഴ്ചകളെല്ലാം യു.ഡി.എഫ് കാലത്താണ് തുടങ്ങിയതെന്നാരോപിച്ച് തടി തപ്പാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനം എഴുതി സമയം കളയാതെ സി.എ.ജി റിപ്പോര്‍ട്ട് ഒന്ന് മനസ്സിരുത്തി വായിക്കണമെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. പിണറായി വിജയന്റെ ഭരണത്തില്‍ നടന്ന അഴിമതികളെക്കുറിച്ചും വീഴ്ചകളെക്കുറിച്ചും ആ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. പിണറായി മുഖ്യമന്ത്രിയും ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പിയുമായ കാലം മുതല്‍ പൊലിസിലും ആഭ്യന്തര വകുപ്പിലും നടക്കുന്ന അഴിമതികളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ട് പങ്ക് വയ്കുന്നത്. അത് മുഴുവന്‍ വായിച്ചു മനസിലാക്കാതെ അക്കൗണ്ടന്റ് ജനറലിനെപ്പോലുള്ള ഉദ്യേഗസ്ഥര്‍ ജാഗ്രതപാലിക്കണമെന്ന് ഗുണദോഷിച്ചിട്ടോ, പ്രതിപക്ഷത്തിന് മേല്‍ കുതിര കയറിയിട്ടോ കാര്യമില്ല. പാര്‍ട്ടി പത്രത്തിലെ തന്റെ ലേഖനത്തിലുടനീളം ആഭ്യന്തര വകുപ്പിലെ വന്‍കിട കോഴ കച്ചവടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വിവാദ ബിനാമി കമ്പനികളെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ഈ ആരോപണങ്ങളെല്ലാം പി.ടി തോമസ് എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ ഇതിനെയെല്ലാം നിഷേധിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയെടുത്തത്. പിന്നീട് ആ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ആഭ്യന്തര സെക്രട്ടറിയില്‍ നിന്ന് ഒരു ന്യായീകരണ റിപ്പോര്‍ട്ടും എഴുതി വാങ്ങി. കേരള ഭരണത്തില്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ഇതുപോലെ നഗ്നമായ തീവെട്ടിക്കൊള്ളയും പൊലിസിന്റെ സ്വകാര്യവല്‍ക്കരണവും നടക്കുമെന്ന് കരുതാന്‍ മാത്രം വിഡ്ഢികളല്ല മലയാളികള്‍. അതു കൊണ്ടാണ് സി.ബി.ഐയും എന്‍.ഐ.എയും അടക്കമുള്ള ദേശീയ ഏജന്‍സികളുടെ അന്വേഷണവും അതിനോടനുബന്ധിച്ചുള്ള തിരുത്തല്‍ നടപടികളും പ്രതിപക്ഷം ആവിശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."