താലിബാന് മുന്‍പില്‍ മുട്ടുമടക്കി അമേരിക്ക
വിയറ്റ്‌നാം യുദ്ധ പരാജയത്തിനു ശേഷം അമേരിക്ക മറ്റൊരു നാണംകെട്ട പരാജയവും കൂടി ഏറ്റുവാങ്ങിയിരിക്കുകയാണ്. കഴിഞ്ഞ 19 വര്‍ഷമായി അഫ്ഗാനില്‍ തുടരുന്ന യുദ്ധത്തില്‍ ഒരു ഇഞ്ച് പോലും മുന്നേറാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാലോ ആളപായവും ധന നഷ്ടവും ധാരാളമായി സംഭവിക്കുകയും ചെയ്തു. അമേരിക്ക തന്നെ വളര്‍ത്തിയെടുത്ത ഭീകര സംഘടനയായ താലിബാന് മുന്‍പില്‍ ഒടുവില്‍ അമേരിക്ക മുട്ടുകുത്തിയിരിക്കുകയാണ്.
വിയറ്റ്‌നാമില്‍ നിന്ന് അമേരിക്ക പഠിക്കാത്ത പാഠം താലിബാനില്‍ നിന്ന് ഒടുവില്‍ പഠിച്ചു. ഏതൊരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് അവിടെ പാവ സര്‍ക്കാരിനെ പ്രതിഷ്ഠിച്ച് തങ്ങളുടെ താല്‍പര്യം സ്ഥാപിച്ചു കളയാമെന്ന വ്യാമോഹം നടപ്പാക്കാന്‍ ഇനി അമേരിക്ക രണ്ട് വട്ടം ആലോചിക്കും. കോടിക്കണക്കിന് ഡോളറുകളും ആയിരക്കണക്കിന് പട്ടാളക്കാരും നഷ്ടപ്പെട്ട അമേരിക്കയ്ക്ക് സ്വന്തം ജനതയുടെ രോഷത്തിന്റെ മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്ങനെയെങ്കിലും ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നായി ഒടുവില്‍ അമേരിക്കയുടെ അവസ്ഥ. കരാര്‍ പ്രകാരം 14 മാസത്തിനകം അമേരിക്കന്‍ സൈന്യവും നാറ്റോ സൈന്യവും അഫ്ഗാനില്‍ നിന്ന് പിന്മാറണം. തങ്ങള്‍ക്ക് കൂടി താല്‍പര്യമുള്ള ഭരണകൂടമായിരിക്കണം അഫ്ഗാനില്‍ ഉണ്ടാകേണ്ടതെന്ന അമേരിക്കന്‍ നിര്‍ദേശം താലിബാന്‍ തള്ളുകയും ചെയ്തു.
ഇടതു ഭരണാധികാരിയായിരുന്ന ഡോ. നജീബിന്റെ അന്ത്യത്തോടെ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തുകയായിരുന്നു അമേരിക്ക. നജീബിന്റെ ഭരണകൂടത്തെ പിഴുതെറിയാന്‍ അമേരിക്ക ജന്മം നല്‍കിയ ഭീകര സംഘടനകളാണ് അല്‍ ഖാഇദയും താലിബാനും. അഫ്ഗാനിസ്ഥാനില്‍ പാവ സര്‍ക്കാരിനെ പ്രതിഷ്ഠിച്ച് താലിബാനെ തുരത്തിക്കളയാമെന്നായിരുന്നു അമേരിക്ക കരുതിയിരുന്നത്. അല്‍ ഖാഇദയുടെ തലവനായ ഉസാമ ബിന്‍ ലാദനെ ഉപയോഗിച്ചായിരുന്നു അമേരിക്ക അഫ്ഗാനിസ്ഥാനില്‍ഇടതു ഭരണകൂടത്തിനെതിരേ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഒടുവില്‍ അതേ ഉസാമ അമേരിക്കക്കെതിരേ തിരിഞ്ഞപ്പോള്‍ കോടിക്കണക്കിന് ഡോളര്‍ ഒഴുക്കിയാണ് അദ്ദേഹത്തെ ഇല്ലാതാക്കിയത്. പക്ഷെ ആ തന്ത്രം താലിബാനെ പരാജയപ്പെടുത്തുന്നതില്‍ വിജയിച്ചില്ല.അഫ്ഗാന്‍ ഭരിച്ചിരുന്നത് തങ്ങളുടെ പാവ സര്‍ക്കാര്‍ ആയിരുന്നിട്ടുപോലും താലിബാന്‍ ഭീകരസംഘടനക്ക് മുന്‍പില്‍ മുട്ടുകുത്തിയിരിക്കുകയാണ് അമേരിക്കന്‍ സാമ്രാജ്യം.
അമേരിക്ക അതുവരെ പാലൂട്ടി വളര്‍ത്തിയിരുന്ന ഉസാമ ബിന്‍ ലാദന്റെ അല്‍ ഖാഇദ 2001 സെപ്റ്റംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടത്തി ഞെട്ടിച്ചു. ഇതിനു പകരം ചോദിക്കാനാണ് അല്‍ ഖാഇദയുടെ താവളമായ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ആക്രമണം നടത്തിയത്. പെട്ടെന്ന് അഫ്ഗാനിസ്ഥാനെയും താലിബാനെയും അല്‍ ഖാഇദയെയും നശിപ്പിക്കാമെന്നായിരുന്നു കണക്കു കൂട്ടിയിരുന്നത്. എന്നാല്‍ ഇടതു ഭരണാധികാരി നജീബിനെ പരാജയപ്പെടുത്തിയവരായിരുന്നു താലിബാന്‍. റഷ്യന്‍ സൈനിക ശക്തി നജീബിനു തുണയായി നിന്നിട്ട് പോലും തോല്‍വി സമ്മതിച്ചു പിന്മാറേണ്ടി വന്നു. അതേ ഗതി തന്നെയാണിപ്പോള്‍ അമേരിക്കയ്ക്കും നേരിടേണ്ടി വന്നിരിക്കുന്നത്. ഒരാഴ്ച കൊണ്ട് അഫ്ഗാനിസ്ഥാനെ തവിട് പൊടിയാക്കി കളയാമെന്ന അമേരിക്കന്‍ അഹങ്കാരം 19 വര്‍ഷം കഴിഞ്ഞിട്ടും ഫലം കണ്ടില്ല. ഗത്യന്തരമില്ലാതെയാണ് റഷ്യയ്ക്ക് പിന്നാലെ ഇപ്പോള്‍ അമേരിക്കയും ഭീകര സംഘടനയ്ക്ക് മുന്‍പില്‍ പരാജയം സമ്മതിച്ചു പിന്മാറുന്നത്.
അഫ്ഗാന്റെ ഭൂപ്രകൃതിയാണ് അമേരിക്കയേയും റഷ്യയേയും അഫ്ഗാന്‍ മണ്ണില്‍ പരാജയപ്പെടുത്തിയത്. ലോകത്തെ രണ്ട് വമ്പന്‍ സൈനിക ശക്തിയായ അമേരിക്കയേയും റഷ്യയേയും നേരിട്ടുള്ള യുദ്ധത്തില്‍ പരാജയപ്പെടുത്താന്‍ ആയുധബലം കൊണ്ട് അഫ്ഗാന് കഴിയില്ല. ഒളിയുദ്ധം കൊണ്ട് റഷ്യയെ എങ്ങനെ പരാജയപ്പെടുത്തിയോ അതേ തന്ത്രമാണ് അമേരിക്കയെ പരാജയപ്പെടുത്താന്‍ താലിബാനും ഉപയോഗിച്ചത്. തദ്ദേശീയരായ താലിബാന്‍ ഭീകരവാദികള്‍ക്ക് അഫ്ഗാന്റെ മലമടക്കുകളും ഗുഹകളും ഭൂമിശാസ്ത്രവും സുപരിചിതമാണ്. എന്നാല്‍ അമേരിക്കന്‍ സൈനികര്‍ക്ക് മലമടക്കുകളില്‍ പതിയിരിക്കുന്ന അപകടം മനസിലാക്കാന്‍ കഴിയുമായിരുന്നില്ല. റഷ്യയ്ക്കും കഴിഞ്ഞിരുന്നില്ല. ഈ മലമടക്കുകള്‍ ഉപയോഗപ്പെടുത്തിയാണ് അവര്‍ ഒളിയുദ്ധത്തിലൂടെ റഷ്യയെയും ഇപ്പോള്‍ അമേരിക്കയെയും പരാജയപ്പെടുത്തിയിരിക്കുന്നത്.
ആയുധങ്ങളാണ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കും മറ്റിതര രാഷ്ട്രങ്ങള്‍ക്കും അമേരിക്ക വിറ്റഴിച്ചു കൊണ്ടിരിക്കുന്നത്. ഭീകരരെ കൊണ്ടുള്ള ഉപയോഗം കഴിഞ്ഞാല്‍ അമേരിക്ക ആഗോള ഭീകരതക്കെതിരേ യുദ്ധം പ്രഖ്യാപിച്ച് യുദ്ധത്തിനിറങ്ങുകയും ചെയ്യുന്നു. ആ തന്ത്രമാണിപ്പോള്‍ അഫ്ഗാനില്‍ പരാജയപ്പെട്ടിരിക്കുന്നത്. ഇതില്‍ നിന്ന് ഇനിയെങ്കിലും അമേരിക്ക പാഠം പഠിക്കണം. ആഗോളതലത്തില്‍ ഭീകര പ്രസ്ഥാനങ്ങളെ വളര്‍ത്തുകയും അത് വഴി അന്യരാഷ്ട്രങ്ങളില്‍ അധിനിവേശം നടത്തി ആ രാഷ്ട്രങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന ഹീനതന്ത്രം ഏറെനാള്‍ മുന്നോട്ടു കൊണ്ടു പോകാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."