HOME
DETAILS
MAL
വിലാപമൊഴിയാതെ ഇന്ദ്രപ്രസ്ഥം
backup
March 02 2020 | 04:03 AM
മുസ്തഫാബാദ് ചമന്‍പാര്‍ക്കിലെ തെരുവിന് 2002ലെ ഗുജറാത്തിലെ ചമന്‍പുരയുടേതിനു സമാനമായ കരിഞ്ഞ ഗന്ധമാണ്. തൊട്ടടുത്ത ശിവ് വിഹാര്‍ പൊലിസ് പൂര്‍ണമായും ബാരിക്കേഡ് വച്ച് അടച്ചിട്ടുണ്ട്. ബാരിക്കേഡ് നീക്കാനോ അകത്തേക്കു പ്രവേശിക്കാനോ സുരക്ഷാ കാരണം പറഞ്ഞ് പൊലിസ് സമ്മതിക്കുന്നില്ല. സുരക്ഷയൊന്നുമല്ല കാരണമെന്ന് ശിവ് വിഹാറില്‍ നിന്ന് ഓടിപ്പോന്ന മുഹമ്മദ് ഹമീദ് പറഞ്ഞു. ഗലികള്‍ക്കകത്ത് മുസ്‌ലിംവീടുകള്‍ കൂട്ടത്തോടെ കത്തിച്ചിട്ടുണ്ട്. ഇവിടുത്തെ കരിഞ്ഞ ഗന്ധം ശിവ് വിഹാറിന്റേതാണ്. ആളുകള്‍ അകത്തു പ്രവേശിച്ചാല്‍ അതിന്റെ ചിത്രങ്ങള്‍ പുറത്തുവരും. അവിടെ മുസ്‌ലിം ഗലികളില്‍ പരുക്കേറ്റ് ഇപ്പോഴും ചികിത്സ തേടി പുറത്തുവരാന്‍ പോലും കഴിയാത്തവരുണ്ട്. ഇപ്പോള്‍ നടക്കുന്നത് തെളിവു നശിപ്പിക്കലും കേസ് ഒഴിവാക്കാനുള്ള സംഘ്പരിവാറിന്റെ ഭീഷണിയുമാണ്. അതു മറച്ചുവയ്ക്കാനാണ് പൊലിസ് ബാരിക്കേഡുകള്‍ നിരത്തിയത്.
കൊല്ലുന്നതും പള്ളി കത്തിക്കുന്നതുമെല്ലാം പൊലിസും ചേര്‍ന്നാണ്. എന്താണ് ഡല്‍ഹിയില്‍ നടന്നതെന്ന ചോദ്യത്തിന് ശിവ് വിഹാറിനിപ്പുറത്തുള്ള ചമന്‍പാര്‍ക്കില്‍ തന്നെ ഉത്തരമുണ്ട്. റോഡിന്റെ അപ്പുറത്തെ ഹിന്ദു ഭൂരിപക്ഷ ഗലിയിലുള്ള പള്ളി തകര്‍ക്കപ്പെട്ടു കിടക്കുന്നു. ഇപ്പുറത്ത് മുസ്‌ലിം ഗലികള്‍ക്കുള്ളിലുള്ള ക്ഷേത്രം അതേപടിയുണ്ട്. ഗ്രില്ലുകള്‍ക്കു മുന്നിലുള്ള കര്‍ട്ടണുകളില്‍ പൊടിപോലും പുരണ്ടിട്ടില്ല. എന്തുകൊണ്ട് ഡല്‍ഹിയിലൊരു വര്‍ഗീയ കലാപമെന്ന ചോദ്യത്തിനും ഉത്തരമുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിലൂടെ ഡല്‍ഹി മുസ്‌ലിംകളുണ്ടാക്കിയ രാഷ്ട്രീയ ഏകീകരണവും മുന്നേറ്റവും സംഘ്പരിവാറിനു സഹിക്കുന്നില്ല. ഷഹീന്‍ബാഗ് സമരത്തിനെതിരേ സംഘ്പരിവാര്‍ കൊലവിളിയുയര്‍ത്തിയിട്ടു നാളുകളേറെയായി. പക്ഷെ ഫലിക്കുന്നില്ല. കോടതിയിലൂടെ ശ്രമിച്ചിട്ടും നടക്കാത്തത് തെരുവില്‍ ചോരയൊഴുക്കി നേടാനാണ് സംഘ്പരിവാര്‍ തീരുമാനിച്ചത്. ഖജൗരി ഖാസില്‍ നിന്ന് ചമന്‍പാര്‍ക്കിലേക്കുള്ള വഴിയിലെല്ലാം കത്തിക്കപ്പെട്ട മുസ്‌ലിം കടകളേയുള്ളൂ. റോഡരികില്‍ കത്തിച്ച ഫാറൂഖിയ മസ്ജിദുണ്ട്. അതോടൊപ്പമുള്ള മദ്‌റസയും കത്തിച്ചിട്ടുണ്ട്. മദ്‌റസയിലെ ഖുര്‍ആനും മറ്റു ഗ്രന്ഥങ്ങളും കൂട്ടിയിട്ടാണ് കത്തിച്ചത്. പിന്‍വശത്തുള്ള ഗലിയിലെ സംഘമാണ് പള്ളി കത്തിച്ചത്.
പള്ളിക്കു മുന്നില്‍ ഷഹീന്‍ബാഗ് മോഡല്‍ സ്ത്രീകളുടെ സമരം നടക്കുന്നുണ്ടായിരുന്നു. അതിനു നേരെയായിരുന്നു ആദ്യ ആക്രമണം. 25ന് വൈകീട്ട് നാലരയോടെയാണ് മുസ്തഫാബാദ് മീണ മസ്ജിദ് കത്തിച്ചത്. രണ്ടു മണിക്കൂറിനു ശേഷം ഫാറൂഖിയ മസ്ജിദിനെത്തേടി സംഘ്പരിവാര്‍ അക്രമികളെത്തി. അപ്പോള്‍ മഗ്‌രിബ് നമസ്‌കാരം നടക്കുകയായിരുന്നു. പൊലിസായിരുന്നു അക്രമികള്‍ക്കു മുന്നിലെന്ന് ആ സമയത്ത് പള്ളിയിലുണ്ടായിരുന്ന മുഹമ്മദ് ഹാഷിം പറയുന്നു. നമസ്‌കരിക്കുന്നവര്‍ക്കു നേരെ വെടിയുതിര്‍ത്തു. പള്ളി ഇമാമിനും വെടിയേറ്റതായി നാട്ടുകാര്‍ പറയുന്നുണ്ട്. വെടിവയ്പ്പ് തുടങ്ങിയതോടെ ആളുകള്‍ ചിതറിയോടി. പിന്നാലെ ഒരു സംഘം മദ്‌റസ അടിച്ചു തകര്‍ക്കാന്‍ ആരംഭിച്ചു. തണുപ്പു കാലമായതിനാല്‍ നിലത്തു വിരിച്ച കമ്പിളികള്‍ക്കായിരുന്നു ആദ്യം തീയിട്ടത്. മദ്‌റസയിലുണ്ടായിരുന്ന കുട്ടികള്‍ ചിതറിയോടി. അവരില്‍ ചിലരെ മണിക്കൂറുകള്‍ക്കു ശേഷമാണ് കണ്ടെത്തിയത്.
പള്ളി പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. മദ്‌റസയുടെ ഉള്ളില്‍ ഒന്നും ബാക്കിയില്ല. പള്ളിയുടെ ടെറസില്‍ താല്‍ക്കാലിക സംവിധാനമൊരുക്കിയാണ് നമസ്‌കാരം തുടരുന്നത്.
പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പുറത്ത് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഓട്ടിസം ബാധിച്ച ഒരു ബാലന്‍ മൂന്നോട്ടുവന്നു. മുഹമ്മദ് ബിലാല്‍ എന്നാണ് പേര്. തനിക്കും സംസാരിക്കണമെന്ന് ബിലാല്‍ പറയുന്നത് മനസ്സിലായില്ല. അവന്‍ അതു തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. സംസാരത്തിനിടെ അവന്‍ ഷര്‍ട്ട് നീക്കിക്കാണിച്ചു. ദേഹത്തു നിറയെ മുറിവുകളായിരുന്നു. നേരെ സംസാരിക്കാനോ നടക്കാനോ പോലും കഴിയാത്ത ബിലാലും അക്രമത്തിനിരയായി. അന്ന് പള്ളിയില്‍ നമസ്‌കരിക്കാന്‍ വന്നതായിരുന്നു താനെന്ന് ബിലാല്‍ പറയുന്നു. വഴിയില്‍ അക്രമിസംഘം അവനെയും തടഞ്ഞു നിര്‍ത്തി ക്രൂരമായി ആക്രമിച്ചു.
ജാഫറാബാദും മൗജിപൂരുമെല്ലാമാണ് ഡല്‍ഹി കലാപത്തിന്റെ പേരില്‍ അറിയപ്പെട്ടതെങ്കിലും കലാപത്തിന്റെ ഭീകരതയറിയണമെങ്കില്‍ ശിവ് വിഹാറിലേക്കോ ഖജൗറി ഖാസിലേക്കോ മുസ്തഫാബാദിലേക്കോ വരണം. ഗലികളില്‍ കൊലവിളി അവസാനിച്ചിട്ടില്ലെന്ന് ഖജൗരി ഖാസ് പറഞ്ഞുതരും. ഉള്‍ഭാഗത്തെ പാര്‍പ്പിട കേന്ദ്രങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കുമറിയില്ല. ആര്‍ക്കും ചെന്നുനോക്കാനും കഴിയില്ല. ഖജൗരി ഖാസിലേക്ക് ചെന്നുചേരുന്ന റോഡില്‍ ഇരകള്‍ക്കായുള്ള ഒരു അഭയകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. 24ന് നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റൊരാള്‍ ഫ്‌ളാറ്റില്‍ നാലു ദിവസം അക്രമികളുടെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ശേഷം 28നാണ് അഭയകേന്ദ്രത്തിലേക്ക് ഓടിയെത്തിയത്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."