HOME
DETAILS
MAL
ജോസഫ്- ജോസ് പ്രശ്‌നപരിഹാരത്തിനായി ഇന്ന് ചര്‍ച്ച
backup
March 02 2020 | 04:03 AM
തിരുവനന്തപുരം: യു.ഡി.എഫിന് തലവേദനയായി തുടരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ന് തലസ്ഥാനത്ത് ഒത്തുതീര്‍പ്പു ചര്‍ച്ച നടക്കും. കോണ്‍ഗ്രസില്‍ നേതാക്കള്‍ രണ്ടു തട്ടിലായി പോരടിക്കുമ്പോള്‍തന്നെ കേരള കോണ്‍ഗ്രസുകള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ മുന്നണിയുടെ പൊതു അവസ്ഥയെതന്നെ കലുഷിതമാക്കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഘട്ടത്തില്‍ പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങളിലും മുന്നണിയിലെ തമ്മിലടിയിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ആശങ്കയുണ്ട്. മുസ്‌ലിം ലീഗും ഈ ആശങ്ക വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന ആലോചനയാണുള്ളത്. അതുകൊണ്ട് ഇന്നത്തെ ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ പി.ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏതുവിധേനയും പരിഹാരമുണ്ടാക്കുന്നതിനാണ് പ്രാധാന്യം. ഇതിനായി ഇരു പക്ഷത്തിനും സ്വീകാര്യമാകുന്ന ഫോര്‍മുലയായിരിക്കും തയാറാക്കുക. അല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏതെങ്കിലും ഒരുകൂട്ടരെ ഒഴിവാക്കുന്നതിലേയ്ക്ക് യു.ഡി.എഫ് തീരുമാനമെടുക്കില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ ചര്‍ച്ചകളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കു പുറമേ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.
കേരള കോണ്‍ഗ്രസ് മാണിയിലെ ഔദ്യോഗിക വിഭാഗം ആരാണെന്നതിലുള്ള തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഉടന്‍ ഉണ്ടാകാനാണ് സാധ്യത.
ഇക്കാര്യത്തില്‍ തെളിവെടുപ്പെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ കമ്മിഷന്റെ തീരുമാനം മാത്രമാണ് വരാനുള്ളത്. കമ്മിഷന്‍ ആരെയാണോ അംഗീകരിക്കുന്നത് അവരെ മാത്രം മുന്നണിയില്‍ നിര്‍ത്തണമെന്ന വാദം ഉയരാനിടയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് അംഗീകരിക്കാനിടയില്ല. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ഒത്തുതീര്‍പ്പിലേക്കാകും തീരുമാനങ്ങള്‍ എത്തുക.
ഇന്ന് നടക്കുന്ന ചര്‍ച്ചകളിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ ധാരണയാകാനിടയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."