പദ്ധതി പ്രവൃത്തികളില്‍ അവസാനവട്ട ഭേദഗതിക്ക് അനുമതി
അശ്‌റഫ് കൊണ്ടോട്ടി#
കൊണ്ടോട്ടി: നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവൃത്തികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവസാനവട്ട ഭേദഗതിക്ക് പത്തു ദിവസത്തെ സാവകാശം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുന്‍പ് പ്രവൃത്തികള്‍ ഭേദഗതി വരുത്തി ഫെബ്രുവരി എട്ടിനകം ജില്ലാ ആസൂത്രണ സമതിക്കു നല്‍കാനാണു നിര്‍ദേശം.
ഇതോടൊപ്പം 2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്കു തുടക്കമിടാനും തദ്ദേശ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഫെബ്രുവരിയോടെ തന്നെ ഈ വര്‍ഷത്തെ പ്രവൃത്തികള്‍ നൂറുശതമാനത്തിലെത്തിക്കാനുള്ള ശ്രമമാണു നടക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം 60 ശതമാനത്തിലേക്കു കടന്നു. 6721.95 കോടികളുടെ പദ്ധതിയില്‍ ഇതിനകം 4037.74 കോടിയും പൂര്‍ത്തിയാക്കി. 6,663 കോടിയുടെ ട്രഷറി ബില്ല് കൂടി പൂര്‍ത്തിയാവുന്നതോടെ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ 63.34 ശതമാനത്തിലെത്തും. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പദ്ധതി നിര്‍വഹണം 45 ശതമാനം മാത്രമായിരുന്നു.
മാര്‍ച്ച് ആദ്യത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നതിനാല്‍ അടുത്ത രണ്ടര മാസത്തില്‍ പ്രവൃത്തികള്‍ തുടങ്ങാനാവില്ല.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുന്‍പ് പ്രവൃത്തികള്‍ തുടങ്ങിയാല്‍ അവ പൂര്‍ത്തീകരിക്കുന്നതിനു തടസമില്ല. ഇതു മുന്നില്‍കണ്ടാണ് ഏപ്രിലില്‍ തുടങ്ങേണ്ട സാമ്പത്തിക വര്‍ഷത്തിലെ പ്രവൃത്തികള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തീരുമാനിച്ചത്. പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചും ഗുണഭോക്തൃ ലിസ്റ്റ് കണ്ടെത്തുന്നതിന് വാര്‍ഡ് സഭകള്‍ ചേര്‍ന്നുമുളള നടപടികളാണ് ആരംഭിച്ചത്.
പൊതുമരാമത്ത് പ്രവൃത്തികളെയും ഈ വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതികളെയുമാണ് തെരഞ്ഞെടുപ്പ് ബാധിക്കുക.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുന്‍പ് പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് തുടങ്ങാന്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവാണുള്ളത്. മാര്‍ച്ച് അവസാനത്തിലാണ് സ്പില്‍ഓവര്‍ പ്രവൃത്തികളുണ്ടാവുക. ഇതോടൊപ്പം കഴിഞ്ഞ ഡിസംബറില്‍ ഭേദഗതി ചെയ്ത പ്രവൃത്തികളും കാലതാമസമെടുക്കും. ഇതിനാല്‍ വീടുകളടക്കമുള്ള പ്രവൃത്തികള്‍ക്കു ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതി നടപ്പാക്കാനാണു ശ്രമങ്ങള്‍ തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."