രാഹുലിനെതിരേ അന്ന് 'പപ്പു'; പ്രിയങ്കയ്ക്കെതിരേ ഇന്ന് 'ചോക്ലേറ്റ് '
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സഹോദരി പ്രിയങ്കാ ഗാന്ധിയും സജീവ രാഷ്ട്രീയത്തിലിറങ്ങിയതോടെ പരിഹാസങ്ങളുമായി ബി.ജെ.പി നേതാക്കള്‍ രംഗത്ത്. പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനം കോണ്‍ഗ്രസിന് പുതിയ ഉണര്‍വ് നല്‍കുന്നത് തിരിച്ചറിഞ്ഞാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണങ്ങള്‍.
പ്രിയങ്കയ്ക്കെതിരേ പരിഹാസവുമായി ആദ്യം രംഗത്തെത്തിയത് മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാശ് വിജയവര്‍ഗിയയാണ്. നേതാക്കളുടെ അഭാവം കാരണം ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ ഇറക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കരീന കപൂറിനെയും സല്മാന്ഖാനെയുമൊക്കെ ഇറക്കി തെരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് അവര്‍ വിചാരിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നല്ല സൗന്ദര്യമുണ്ടെന്നതിനപ്പുറം യോഗ്യതയൊന്നും പ്രിയങ്കയ്ക്കില്ലെന്ന പരാമര്‍ശവുമായി ബിഹാര്‍ ബി.ജെ.പി നേതാവ് വിനോദ് നാരായണും രംഗത്തെത്തി. പ്രിയങ്കയ്ക്കു മാനസികരോഗമാണെന്ന പരിഹാസവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയും രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍, പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം അറിഞ്ഞതോടെ ബി.ജെ.പി നേതാക്കളുടെ മുഖങ്ങള്‍ പേടിയാല്‍ വലിഞ്ഞുമുറുകിയിരിക്കുകയാണെന്ന പ്രതികരണവുമായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ സിങ് വര്‍മ രംഗത്തെത്തി. ബി.ജെ.പി നേതാക്കളെ ജനങ്ങള്‍ വെറുക്കുന്നതു കാരണം അവരുടെ മുഖങ്ങള്‍ എപ്പോഴും പരുക്കനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി സജീവ രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ അദ്ദേഹത്തെയും കണക്കിനു പരിഹസിച്ച് നരേന്ദ്രമോദി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ മുന്നോട്ടുവന്നിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജന. സെക്രട്ടറിയായി നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."