മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; കശ്മിരില്‍ റിപ്പബ്ലിക് ദിന പരേഡില്‍ വിവാദം
ശ്രീനഗര്‍: കശ്മിരിലെ റിപ്പബ്ലിക് ദിന പരേഡില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട് വിവാദം. ജമ്മു കശ്മിര് സര്‍ക്കാരിന്റെ അക്രഡിറ്റേഷനുള്ള ആറ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയാണ് മുന്നറിയിപ്പില്ലാതെ ചടങ്ങില്‍നിന്ന് വിലക്കിയത്. ഇതോടെ, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക പരിപാടികള്‍ മറ്റു മാധ്യമപ്രവര്‍ത്തകരും ബഹിഷ്കരിച്ചു.
ശ്രീനഗറിലെ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് ദേശീയ, അന്താരാഷ്ട്ര മാധ്യമപ്രതിനിധികളെ വിലക്കിയത്. നേരത്തെ ഇവര്‍ക്ക് പരിപാടിയിലേക്ക് പാസ് നല്കിയ ശേഷമായിരുന്നു പൊലിസ് നടപടി. ഇവരെ ചടങ്ങില്‍ പ്രവേശിപ്പിക്കുന്നത് പ്രശ്നമാകുമെന്ന സി.ഐ.ഡി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്നാണ് പൊലിസിന്റെ വിശദീകരണം.
അസോസിയേറ്റഡ് പ്രസ് ടെലിവിഷനിലെ മെഹ്റാജുദ്ദീന്, ഉമര്‍ മെഹ്റാജ്, എ.എഫ്.പിയിലെ തസ്വീഫ് മുസ്തഫ, എ.എന്‍.ഐ ബ്യൂറോ ചീഫ് അഹമ്മദ് ബട്ട്, റോയിട്ടേഴ്സിലെ ദാനിഷ് ഇസ്മാഈല്‍ വാനി, ഡെയ്ലി കശ്മിര് ഉസ്മ പത്രത്തിലെ അമീന് ഫാറൂഖ് എന്നിവര്‍ക്കാണ് പ്രവേശനം നിഷേധിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകരുടെ പ്രകടനവും നടന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ജമ്മു കശ്മിര് പൊലിസ് മേധാവി വിശദ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."