കാടില്ലെങ്കില്‍ പിന്നെ മഴയില്ല,അരുവിയില്ല,നമ്മളില്ല
നമ്മുടെ കാടുകളില്‍ പലയിടത്തും തീ പടരുകയാണ്. വയനാട്ടില്‍ ചേമ്പ്ര മലയില്‍ അഞ്ഞൂറ് ഏക്കര്‍ ഇതിനകം കത്തി നശിച്ചു. വയനാട് വന്യജീവി സങ്കേതത്തില്‍ രണ്ടു മൂന്ന് ഇടങ്ങളില്‍ തീ പടര്‍ന്നു. തിരുവനന്തപുരത്ത് മൂക്കുന്നി മലയില്‍ തീ പിടിച്ചിരുന്നു.
വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം വലിയ ഭീഷണിയിലാണ്. കേന്ദ്രത്തിനു ചുറ്റുമുള്ള തമിഴ്‌നാട് , കര്‍ണാടക സംസ്ഥാന പരിധിയില്‍ പെടുന്ന വനമേഖല പലയിടത്തും വെന്തെരിഞ്ഞു. തമിഴ്‌നാട്ടിലെ മുതുമല, കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ മേഖലയിലുമാണ് വ്യാപകമായി തീ പടര്‍ന്നു പിടിച്ചത്. ബന്ദിപ്പൂരില്‍ 6000 ഹെക്ടര്‍ കത്തിനശിച്ചു. ഒരു ഫോറസ്‌ററ് ഗാര്‍ഡിനു ജീവന്‍ നഷ്ടപ്പെട്ടു. ഈ കാറ്റ് തീ കേരളത്തിലേക്ക് പടര്‍ന്നാല്‍ വന്‍ ദുരന്തമായിരിക്കും സംഭവിക്കുന്നത്. തീപ്പൊരി പടര്‍ന്നാല്‍ കത്തിയമരാന്‍ പാകത്തില്‍ ചൂട്ടുകറ്റ പോലെയാണ് ഉണങ്ങിയ മുളങ്കാടുകള്‍ നില്‍ക്കുന്നത്.
പക്ഷിസങ്കേതങ്ങള്‍ കത്തി നശിച്ചു. അരുവികളും നീരുറവകളും വറ്റി നശിക്കുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകും. കാട്ടു തീ പ്രതിരോധിക്കുന്നതിനായി ആധുനിക സംവിധാനങ്ങളൊന്നും ഉപയോഗിക്കുന്നില്ല എന്നത് ഖേദകരമാണ്. ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയ ചിട്ടയാണ് ഇപ്പോഴും പിന്തുടരുന്നത്. വനാന്തര ഭാഗത്തേക്ക് കടന്നു ചെല്ലാവുന്ന ചെറിയ ഫയര്‍ എന്‍ജിന്‍ നമുക്കില്ല. നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനില്‍ ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാടില്ലെങ്കില്‍ പിന്നെ മഴയില്ല, അരുവിയില്ല ,നമ്മളില്ല ...കത്തി എരിയുന്നത് മരങ്ങള്‍ മാത്രമല്ല, മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ സ്വസ്ഥജീവിതം കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."