മുംബൈ ഭീകരാക്രമണം: പിന്നില്‍ പാക് ഭീകര സംഘടനയെന്ന ഇന്ത്യന്‍ നിലപാടിനെ ശരിവച്ച് പാക് മുന്‍ സുരക്ഷാ ഉപദേഷ്ടാവ്
ന്യൂഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണത്തിനുപിന്നില്‍ പാക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണെന്നു പാക് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മഹമൂദ് അലി ദുരാനി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് അനാലിസിസില്‍ നടക്കുന്ന 19 ാമത് ഏഷ്യന്‍ സുരക്ഷാ സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ തന്റെ ഈ വാദം പാക് സര്‍ക്കാറിന് ഇഷ്ടപ്പെട്ടില്ലെന്നും ഇതാണ് സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നുള്ള തന്റെ സ്ഥാനചലനത്തിനു കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്താനിലുള്ള ജമാഅത്ത് ഉദ് ദവാ തലവന്‍ ഹാഫിസ് സയീദ് പ്രയോജനമില്ലാത്തയാളാണെന്നും ഇയാള്‍ക്കെതിരെ പാക് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദം ഇന്ത്യയേക്കാള്‍ വേഗത്തില്‍ ബാധിക്കുന്നത് പാകിസ്താനെ ആണെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ ആക്രമണം നടത്തിയത് പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന ഇന്ത്യയുടെ നിലപാട് ആദ്യമായാണ് ഒരു പാക് ഉദ്യോഗസ്ഥന്‍ അംഗീകരിക്കുന്നത്.
പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയാണ് മുംബൈ ആക്രമണത്തിനു പിന്നിലെന്ന് ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ലഷ്‌കര്‍ ഇ ത്വയിബയാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു ഇന്ത്യയുടെ വാദം.
പാകിസ്താനില്‍നിന്ന് കറാച്ചി വഴി കടല്‍മാര്‍ഗം എത്തിയ 10 ഭീകരരാണ് മുംബൈയില്‍ ആക്രമണം നടത്തിയത്.
164 പേരാണ് 2008 നവംബര്‍ 26 നു നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 308 പേര്‍ക്ക് സാരമായി പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."