ബുലന്ദ്ഷഹര്‍ കലാപം: കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോണ്‍ പ്രതിയുടെ വീട്ടില്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപശ്രമത്തിനിടെ കൊല്ലപ്പെട്ട പൊലിസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെത്തി.
പൊലിസ് ഉദ്യോഗസ്ഥനായ സുബോധ്കുമാറിനെ വെടിവച്ച കേസിലെ പ്രധാന പ്രതി പ്രശാന്ത് നട്ടിന്റെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസമാണ് ഫോണ്‍ കണ്ടെത്തിയത്. സംഭവം നടന്ന് രണ്ടു മാസത്തിനു ശേഷമാണിത്.
ഡിസംബര്‍ 28നാണ് പ്രശാന്ത് നട്ട് അറസ്റ്റിലായിരുന്നത്.
ഇയാളുടെ വീട്ടില്‍നിന്നു മറ്റ് അഞ്ചു മൊബൈല്‍ ഫോണുകള്ക്കൂടി പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ഇവയില്‍നിന്നു കേസിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമോയെന്നാണ് പൊലിസ് പരിശോധിക്കുന്നത്.
സുബോധ്കുമാറിന്റെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ചാണ് റെയ്ഡ് നടത്തിയതും ഫോണുകള്‍ കണ്ടെത്തിയതുമെന്നു പൊലിസ് അറിയിച്ചു. സുബോധ്കുമാറിനെ വെടിവെച്ചത് പ്രശാന്ത് നട്ടാണെന്നു പൊലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇയാളും മറ്റു രണ്ടു പേരും ചേര്‍ന്നു പൊലിസ് ഉദ്യോഗസ്ഥന്റെ റിവോള്‍വര്‍ തട്ടിയെടുക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും അടങ്ങുന്ന വിഡിയോ വൈറലാകുകയും ചെയ്തിരുന്നു. കേസില്‍ ആകെ 30 പേരാണ് അറസ്റ്റിലായിരുന്നത്.
പ്രദേശത്തു പശുവിനെച്ചൊല്ലിയുണ്ടായ പ്രശ്നം നിയന്ത്രിക്കാനെത്തിയ പൊലിസ് ഓഫിസര്‍ സുബോധ്കുമാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും വലിയ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."