ജീവനക്കാരില്‍ നിന്ന് ആശ്രിത ലെവി ഈടാക്കുമെന്ന് സ്വകാര്യ കമ്പനികളുടെ സര്‍ക്കുലര്‍
ജിദ്ദ: ആശ്രിത വിസക്കാരുടെ ഇഖാമ പുതുക്കാനുള്ള നിര്‍ദിഷ്ട ലെവി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനികള്‍ ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ നിര്‍ദേശം നല്‍കി തുടങ്ങി.
ജൂലൈ മുതല്‍ കുടുംബാംഗങ്ങളുടെ ഇഖാമ പുതുക്കുന്നതിന് ഒരാള്‍ക്ക് പ്രതിമാസം 100 റിയാല്‍ വീതം ഒരു വര്‍ഷത്തേക്ക് 1200 റിയാല്‍ ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്നാണ് അറിയിപ്പ്. നാലംഗ കുടുംബത്തിന് 4800 റിയാല്‍ ഈ ഇനത്തില്‍ പുതിയ ബാധ്യത വരും. സര്‍ക്കുലറായാണ് ജീവനക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നത്. നിയമം പ്രാബല്യത്തില്‍ വരാന്‍ ഇനിയും മൂന്നു മാസം ബാക്കിയുള്ളപ്പോഴാണ് പല സ്വകാര്യ കമ്പനികളുടെ അറിയിപ്പ്.
നേരത്തെ ജീവനക്കാര്‍ക്ക് 2400 റിയാല്‍ ലെവി ഏര്‍പ്പെടുത്തിയപ്പോള്‍ ഇതു നല്‍കാന്‍ മുന്നോട്ട് വന്നിരുന്നെങ്കിലും ഇപ്പോള്‍ ജീവനക്കാരുടെ കുടുംബത്തിന്റെ കൂടി ബാധ്യത ഏറ്റെടുക്കാന്‍ തയാറല്ലെന്ന നിലപാടിലാണ് മിക്ക കമ്പനികളും.
വരുന്ന നാലു വര്‍ഷത്തിനിടെ ക്രമമായി ലെവി വര്‍ധിപ്പിക്കുന്നതിന്റെ പട്ടികയും സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം ഇഖാമ പുതുക്കുന്ന സമയത്ത് തുക ഒന്നിച്ച് നല്‍കേണ്ടതുണ്ടെങ്കിലും ചില കമ്പനികള്‍ പ്രതിമാസം ജീവനക്കാരില്‍ നിന്ന് ഇടാക്കുകയാണ് ചെയ്യുക. വലിയ പ്രതിസന്ധികള്‍ക്കിടെ ജീവനക്കാര്‍ക്ക് ഇത് ചെറിയ ആശ്വാസമാണ്.
എന്നാല്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആശ്രിതരുടെ ലെവി നാല് മടങ്ങായി വര്‍ധിക്കുമെന്നുറപ്പായതോടെ പലരും കുടുംബത്തെ നാട്ടിലയക്കാനുള്ള ശ്രമത്തിലാണ്. പുതിയ സാഹചര്യത്തില്‍ ചെറിയ വരുമാനക്കാരായ പ്രവാസികുടുംബങ്ങളില്‍ നല്ലൊരു വിഭാഗവും നാട് പിടിക്കേണ്ടിവരുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."