കോവിഡ് 19 : രാജ്യാന്തര വിമാന കമ്പനികള്‍ വൻ സാമ്പത്തിക പ്രതിസന്ധിയിൽ
ജിദ്ദ: കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന കമ്പനികള്‍ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചതും രോഗ ഭീതിയാല്‍ ജനങ്ങള്‍ യാത്ര ഒഴിവാക്കുന്നതും കാരണം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയാണ് പല കമ്പനികളും. ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് സ്വമേധയാ ലീവ് എടുക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
സഊദി അറേബ്യ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയും ഉറാനും ഉള്‍പ്പെടെയുള്ള കൊറോണ വ്യാപകമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മറ്റ് പല രാജ്യങ്ങളും യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇതുവരെ ഒരു കൊറോണ വൈറസ് ബാധ പോലും സ്ഥിരീകരിക്കാത്ത സഊദി അറേബ്യ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവെച്ചു. കൊറോണയില്ലാത്ത രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്ക് വിലക്കില്ലെങ്കിലും വിമാനത്താവളങ്ങളില്‍ കര്‍ശനമായ പരിശോധനയാണ് നടത്തുന്നത്.
വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും പുനഃക്രമീകരിക്കുകയുമാണിപ്പോള്‍. ജീവനക്കാരോട് സ്വമേധയാ അവധിയെടുക്കാന്‍ നിര്‍ദേശിച്ച വിവരം എമിറേറ്റ്സ് ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്നും എന്നാല്‍ ലീവ് എടുക്കാനോ എടുക്കാതിരിക്കാനോ ഉള്ള അവകാശം ജീവനക്കാര്‍ക്കുണ്ടെന്നം കമ്പനി യു.എ.ഇ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ദുബായ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന് 21,000 ക്യാബിന്‍ ക്രൂ, 4000 പൈലറ്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം ജീവനക്കാരുണ്ട്.
കൊറോണ വൈറസ് ബാധ കൊണ്ടുണ്ടായ വെല്ലുവിളികളാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് കമ്പനി ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. ബിസിനസില്‍ മാന്ദ്യം നേരിടുന്നു. വാര്‍ഷിക അവധിയില്‍ നല്ലൊരു പങ്കും ബാക്കിയുള്ള ജീവനക്കാര്‍ ഇപ്പോള്‍ ശമ്പളത്തോടെയുള്ള അവധി എടുക്കുന്നത് പരിഗണിക്കണം. ഓപ്പറേഷണല്‍ വിഭാഗത്തിലല്ലാത്ത ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധിയും അനുവദിക്കുന്നുണ്ട്. മറ്റ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് കൂടി ഇത് ബാധകമാക്കുമെന്നാണ് സൂചന.
അത് സമയം കോവിഡ് 19 വിനോദ സഞ്ചാര മേഖലയെയും കാര്യമായി ബാധിച്ചതായാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."