കോവിഡ് 19: ഗൾഫ് ഓഹരി വിപണി തകർച്ചയിലേക്ക്; സഊദി അരാംകോ ഐ പി ഒ ഏറ്റവും കുറഞ്ഞ നിരക്കിൽ
റിയാദ്: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ലോക വ്യാപാര വിപണി കുത്തനെ ഇടിയുന്നു. വിവിധ ഓഹരി വിപണികൾ കനത്ത തിരിച്ചടി നേരിടുന്നതോടൊപ്പം ഗൾഫ് ഓഹരി വിപണിയും കനത്ത തകർച്ചയിലാണ്. തുടർച്ചയായി ഒരാഴ്ച്ചയായി ആഗോള ഓഹരി വിപണി കനത്ത നഷ്ടത്തിലാണ് അവസാനിക്കുന്നത്. 2008 ല്‍ അമേരിക്കയെ വിറപ്പിച്ച സാമ്പത്തിക മാന്ദ്യത്തിന്‍റെ തനിയാവര്‍ത്തനം പോലെയാണ് ഓഹരി ഇപ്പോഴത്തെ വ്യാപാര മണിക്കൂറുകള്‍ കടന്നുപോകുന്നത്. പ്രതിസന്ധി ഗൾഫ് സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന ഭീഷണിയിലാണെന്നാണ് സമാപതിക വിദഗ്ദ്ധർ നൽകുന്ന സൂചനകൾ.
മേഖലയിലെ ഏറ്റവും വലുതും ലോകത്തിലെ മികച്ച 10 ഇക്വിറ്റി വിപണികളിലൊന്നായതുമായ സഊദി സ്റ്റോക്ക് മാർക്കറ്റ് 3.7 ശതമാനം ഇടിഞ്ഞ് 18 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഷെയർ മാർക്കറ്റിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്ഥാപനമെന്ന ഖ്യാതി നേടിയ സഊദി ദേശീയ കമ്പനിയായ സഊദി അരാംകോ ഐ പി ഒ 2.1 ശതമാനം ഇടിഞ്ഞ് 32.65 റിയാലിലേക്ക് കൂപ്പു കുത്തി. ഡിസംബർ 11 ന് റെക്കോർഡ് ഭേദിച്ച ഐപിഒയിലെ ഏറ്റവും മോശം പ്രകടനമാണിത്. ആഗോള വിപണിയിൽ എണ്ണ വില ബാരലിന് 50 ഡോളറിനും താഴേക്കെത്തിച്ചിട്ടുണ്ട്. യു.എ.ഇ ഉൾപ്പെടെ ഗൾഫ് ഓഹരി വിപണികൾ വൻതകർച്ചയെ നേരിട്ടു. 3.1 ശതമാനമാണ് ഓഹരി സൂചികയിൽ സംഭവിച്ച ഇടിവ്. ദുബൈ ധനകാര്യ വിപണിയിലാകട്ടെ ഇടിവ് 4.3 ശതമാനമാണ്. കുവൈത്തിൽ ഒരു ഘട്ടത്തിൽ ഓഹരി ഇടപാടുകൾ നിർത്തി വെച്ച സ്ഥിതിയും ഉണ്ടായി.
കൊറോണ വൈറസിനെക്കുറിച്ചുള്ള പരിഭ്രാന്തി മേഖലയിലുടനീളം വ്യാപിച്ചതിനാൽ ജിസിസി ഷെയർ മാർക്കറ്റ് തകർച്ചയ്ക്ക് സാക്ഷ്യം വഹിച്ചുവെന്ന് കുവൈറ്റ് ഫിനാൻഷ്യൽ സെന്ററിലെ ഗവേഷണ വിഭാഗം മേധാവി എം. ആർ. രഘുവ്യക്തമാക്കി. വൈറസ് പ്രത്യാഘാതം ചൈനയ്ക്കുള്ളിൽ അടങ്ങിയിരിക്കുമെന്ന പ്രാഥമിക പ്രതീക്ഷകൾ തകർത്താണ് ലോകത്തെ ഒന്നടങ്കം ബാധിക്കാൻ തുടങ്ങിയതെന്നും ഇദ്ദേഹം പറഞ്ഞു.
അതേസമയം, കുവൈത്തിൽ 46ഉം ബഹ്റൈനിൽ 38ഉം യു.എ.ഇയിൽ 21 ഉം ഒമാനിൽ ആറും ഖത്തറിൽ ഒന്നും വീതം കേസുകളാണ് ഇതിനകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ സ്കൂളുകളും യു.എ.ഇയിൽ നഴ്സറി സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. കുവൈത്തിൽ പരിശോധന നടത്തിയാണ് സർക്കാർ ജീവനക്കാരെയും മറ്റും ഇന്ന് വിവിധ മന്ത്രാലയങ്ങളിൽ പ്രവേശിപ്പിച്ചത്. സർവീസുകൾ നിർത്തി വെച്ചതും ടൂറിസം സെക്ടറിലെ തകർച്ചയും ഗൾഫ് വിമാന കമ്പനികളെ പ്രതിസന്ധിയിലാക്കി. ജീവനക്കാരോട് സ്വയം സന്നദ്ധ അവധി പ്രയോജനപ്പെടുത്താൻ ദുബൈ കേന്ദ്രമായ എമിറേറ്റ്സ് എയർലൈൻസ് അധികൃതർ സർക്കുലർ മുഖേന ആവശ്യപ്പെട്ടു. ചരക്ക് നീക്കം നിലയ്ക്കാന്‍ പോകുന്നു എന്നതാണ് സമ്പദ്‍വ്യവസ്ഥയിലുണ്ടാകാന്‍ പോകുന്ന ഏറ്റവും വലിയ ദുരന്തം. രാജ്യങ്ങള്‍ തമ്മില്‍ പരസ്പരമുളള വ്യാപാര ബന്ധം ഇല്ലാതാകുന്നതോടെ ആഗോള സാമ്പത്തിക വളര്‍ച്ച കുത്തനെ താഴേക്ക് പോകും. തൊഴിലില്ലായ്മയും രാജ്യങ്ങളുടെ കയറ്റുമതി വരുമാനവും കുറയുമെന്നതും ലോക സാമ്പത്തക രംഗം ഏറെ ഭീഷണി നേരിടാൻ പോകുന്നുവെന്നതാണ് സാമ്പത്തിക രംഗത്ത് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി.
60 രാജ്യങ്ങളിലായി 88,000 ത്തിലധികം പേർ കൊറോണ വൈറസ് രോഗബാധിതരായെന്നും മൂവായിരം പേർ മരിച്ചുവെന്നുമാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഭൂരിഭാഗവും ചൈനയിൽ തന്നെയാണ്. ഏറ്റവും ഒടുവിലായി ഇസ്‌റാഈലിലും 10 കേസുകൾ ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ സഊദി അറേബ്യ തന്നെയാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഏക രാജ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."