കൊട്ടിയൂര്‍ പീഡനക്കേസ്; കന്യാസ്ത്രീകളുള്‍പ്പെടെ മൂന്ന് പേര് മുന്‍കൂര്‍ ജാമ്യഹരജി നല്കി
തലശ്ശേരി: കൊട്ടിയൂര്‍ പീഡന കേസില്‍ പ്രതികളായ രണ്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്കി. മുഖ്യപ്രതി ഫാ. റോബിന് വടക്കുംചേരിയെ സഹായിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരാണ്് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്.
കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, പീഡനത്തിനിരയായ കുട്ടിയെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ. ടെസ്സി ജോസ്, ഇതേ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദരാലി എന്നിവരാണ് കോടതി മുന്‍പാകെ ഇന്നലെ വൈകുന്നേരത്തോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അഡ്വ. വി. ജയകൃഷ്ണന് മുഖേന നല്കിയ ജാമ്യ ഹരജി കോടതി ഇന്ന് പരിഗണിച്ച് നോട്ടിസയക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവ വിവരം മറച്ചുവച്ചതുമായി ബന്ധപ്പെട്ടാണ് ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തിരുന്നത്. കേസിലെ മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളാണ് ഇവര്‍.
ഇതിനിടെ റിമാന്‍ഡിലായ മുഖ്യ പ്രതി ഫാ. റോബിന് വടക്കുംചേരിയെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി. ഐ എന്‍. സുനില്‍കുമാര്‍ ഇതേ കോടതി മുന്‍പാകെ കസ്റ്റഡി അപേക്ഷ നല്കി. മുന്‍കൂര്‍ ജാമ്യ ഹരജി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (അഡ്ഹോക് ഒന്ന്) കോടതി ജഡ്ജ് ശ്രീകലാ സുരേഷ് ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."