മോദിക്കെതിരായ ഗഡ്കരിയുടെ പ്രസ്താവനകള്‍ക്കു പിന്നില്‍ ആര്‍.എസ്.എസ്?
#യു.എം മുഖ്താര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്കും എതിരെ തുടര്‍ച്ചയായി ഒളിയമ്പെയ്തും 'തിരുത്തല്‍' വരുത്തിയും മുന്നേറുന്ന പാര്‍ട്ടി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിക്കു പിന്നില്‍ ആര്‍.എസ്.എസെന്നു സൂചന. സര്‍ക്കാരിലും പാര്‍ട്ടിയിലും മോദി- അമിത്ഷാ കൂട്ടുകെട്ട് നടത്തുന്ന ഏകാധിപത്യം അവസാനിപ്പിക്കാനും ഗഡ്കരിയെ ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ആര്‍.എസ്.എസിന്റെ നീക്കങ്ങളുടെ ബാക്കിയാണ് ഈ പ്രസ്താവനകളെന്നാണ് റിപ്പോര്‍ട്ട്.
വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ നേതാക്കള്‍ക്കു ജനങ്ങളില്‍ നിന്ന് അടികിട്ടുമെന്നുള്ള ഞായറാഴ്ച ഗഡ്കരി നടത്തിയ പ്രസംഗമാണ് അദ്ദേഹത്തിന്റെ ഈ ശ്രേണിയിലുള്ള ഒടുവിലത്തെ പ്രസ്താവന. യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന സ്വപ്‌നങ്ങളേ ജനങ്ങള്‍ക്ക് നല്‍കാവൂ. പക്ഷെ ഞാന്‍ വാഗ്ദാനം നല്‍കുന്ന ആളല്ല. പറയുന്നത് നൂറ് ശതമാനം യാഥാര്‍ഥ്യമാക്കും- ഇതായിരുന്നു ഗഡ്കരിയുടെ വാക്കുകള്‍.
പ്രസ്താവന വിവാദമാവുകയും പ്രതിപക്ഷം ഏറ്റുപിടിക്കുകയും ചെയ്തതോടെ, കോണ്‍ഗ്രസിനെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നു വിശദീകരണവുമായി ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹറാവു രംഗത്തുവന്നു. എന്നാല്‍ പ്രസ്താവന പ്രധാനമന്ത്രിക്കെതിരായ പരസ്യവിമര്‍ശനമാണെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടും തിരുത്താനോ വിശദീകരണം നല്‍കാനോ ഗഡ്കരി വന്നതുമില്ല. മോദിക്കുനേരെ നിതിന്‍ ഗഡ്കരി കണ്ണാടി പിടിച്ചിരിക്കുകയാണെന്നായിരുന്നു മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ പ്രതികരണം. പരാജയം മുന്നില്‍ക്കണ്ട് മോദിക്കെതിരായ ആര്‍.എസ്.എസിന്റെ ആയുധമാണിതെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝായുടെ പ്രതികരണം. അണിയറയില്‍ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് ആര്‍.ജെ.ഡി നേതാവ് മനോജ് ഝായും അഭിപ്രായപ്പെട്ടു.
കാര്‍ഷിക വിഷയങ്ങളിലെ സര്‍ക്കാര്‍ സമിതിയായ വസന്ത് നായിക് റാവു ഷെട്ടി സ്വാവലംബന്‍ മിഷന്‍ അധ്യക്ഷനും ബി.ജെ.പിയുടെ വിശ്വസ്തനായ കര്‍ഷകനേതാവുമായ കിഷോര്‍ തിവാരി, മോദിക്കു പകരം ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഡിസംബറില്‍ ആര്‍.എസ്.എസിിനു നീണ്ട നിവേദനം നല്‍കിയതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹം ശക്തമായത്. ജി.എസ്.ടി നടപ്പാക്കിയതും നോട്ട് നിരോധിച്ചതും വഴി ജനവിരുദ്ധ നയങ്ങള്‍ കാരണം തൊഴിലില്ലായ്മ വര്‍ധിച്ചെന്നതുള്‍പ്പെടെയുള്ള നിരീക്ഷണങ്ങളടങ്ങിയതായിരുന്നു നിവേദനം. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പരാജയപ്പെട്ടത് നേതാക്കളുടെ അഹങ്കാരം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോദിയുടെയും അമിത്ഷായുടെയും പേരെടുത്തു പറഞ്ഞ് ഇരുവരും കര്‍ഷകവിരുദ്ധരാണെന്നുള്ള മറ്റൊരു കത്തും അതിനു മുന്‍പ് കിഷോര്‍ നല്‍കിയിരുന്നു. മഹാരാഷ്ട്രയില്‍ കാബിനറ്റ് പദവിയുള്ളയാളാണ് കിഷോര്‍.
പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്വം അമിത്ഷാ തന്നെ ഏറ്റെടുക്കണമെന്ന് അദ്ദേഹത്തിന്റെ പേര് പറയാതെ ഗഡ്കരി പ്രസ്താവിച്ചു. ഞാന്‍ പാര്‍ട്ടി അധ്യക്ഷനാണെങ്കില്‍ എന്റെ എം.എല്‍.എമാരും എം.പിമാരും നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്നെ ആരാണ് അതിന് ഉത്തരവാദി? ഞാന്‍ തന്നെ ഇതായിരുന്നു പ്രസ്താവന. 2014ല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്നും മറ്റൊരിക്കല്‍ ഗഡ്കരി പ്രസ്താവിച്ചു.
വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും മധ്യേ, ഗഡ്കരി പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് ശിവസേനയും അറിയിച്ചു. എന്‍.ഡി.എയില്‍ ബി.ജെ.പി കഴിഞ്ഞാല്‍ ഏറ്റവും വലിയ സഖ്യകക്ഷിയായ ശിവസേന, ഘടകകക്ഷികളോടുള്ള ബി.ജെ.പിയുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ ഭാഗമാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഗഡ്കരിയുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്ന് ശിവസേന നിലപാട് മാറ്റിയത്. തങ്ങളോടുള്ള ബി.ജെ.പി നേതൃത്വത്തിന്റെ പെരുമാറ്റത്തില്‍ ഘടകകക്ഷികളെല്ലാം അമര്‍ശമുണ്ട്. ചില ഘടകകക്ഷി നേതാക്കള്‍ ഇക്കാര്യം ആര്‍.എസ്.എസ് നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.
അടുത്തിടെ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഷെഹലാ റാഷിദ് നടത്തിയ ഒരു പ്രസ്താവന ഈ വിവാദത്തോടൊപ്പം വീണ്ടും ഉയര്‍ന്നിട്ടുണ്ട്. മോദിയെ അപായപ്പെടുത്താന്‍ ഗഡ്കരിയും ആര്‍.എസ്.എസും ശ്രമിക്കുന്നുണ്ട്. അപായപ്പെടുത്തിയ ശേഷം ഉത്തരവാദിത്വം മുസ്‌ലിംകളുടെയോ ഇടതുപക്ഷപ്രവര്‍ത്തകരുടെയോ മേലിലിട്ട് അവര്‍ക്കെതിരെ ആക്രമണമഴിച്ചുവിടാനാണ് പദ്ധതിയെന്നായിരുന്നു ഷെഹലയുടെ ആരോപണം. പ്രസ്താവന ഗൗരവമായെടുത്ത ഗഡ്കരി അവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതോടെ തന്റെത് ആക്ഷേപഹാസ്യം ആണെന്നായിരുന്നു ഷെഹലയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."