ചട്ടവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടമാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: ചട്ടവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ.
സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നം. 270/2005/ആ.ക.വ തീയതി 25/10/2005 പ്രകാരം ആരോഗ്യ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഡ്യൂട്ടി സമയത്തിന് ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനുളള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങളെ മറികടന്നുകൊണ്ട് പോളി ക്ലിനിക്കുകള്‍, സ്വകാര്യ ലബോറട്ടറികള്‍, സ്വകാര്യ മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയോടനുബന്ധിച്ച് നിയമവിരുദ്ധമായി താമസസ്ഥലത്തല്ലാതെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നു എന്ന് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുകയും അതു സംബന്ധിച്ച് ചില പരാതികള്‍ ലഭിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ എല്ലാ ജില്ലാ മെഡിക്കല്‍ ആഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചില ഡോക്ടര്‍മാര്‍ ചട്ടവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് അവര്‍ക്കെതിരായി അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നുണ്ട്. കൂടാതെ പൊതുജനങ്ങളില്‍ നിന്നും ഇത്തരം നിയമവിരുദ്ധമായ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് പരാതി ലഭിക്കുന്നപക്ഷം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ്), ബന്ധപ്പെട്ട ജില്ലാ മെഡിക്കല്‍ ആഫീസര്‍മാര്‍, ആരോഗ്യവകുപ്പിലെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് റീജിയണല്‍ വിജിലന്‍സ് യൂണിറ്റ് ആഫീസര്‍മാര്‍ ഇവരില്‍ ആരെങ്കിലും അന്വേഷണം നടത്തി പരാതി ശരിയാണെന്ന് കാണുന്നപക്ഷം ഉചിതമായ അച്ചടക്കനടപടികള്‍ സ്വീകരിച്ചു വരുന്നുവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."