നിരോധിത കീടനാശിനികള്‍ പിടികൂടാന്‍ എന്‍ഫോഴ്‌സ്‌മെന്റ്
തിരുവനന്തപുരം: നിരോധിത കീടനാശിനികളുടെ വില്‍പനയും ഉപയോഗവും തടയുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി സുനില്‍ കുമാര്‍ നിയമസഭയില്‍ പറഞ്ഞു.
ആവശ്യമായ തസ്തികകള്‍ക്ക് ധനവകുപ്പ് അനുമതി നല്‍കിയാലുടന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിലവില്‍വരും. കീടനാശിനി ഉപയോഗത്തെ തുടര്‍ന്ന് രണ്ട് കര്‍ഷകര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മാത്യു ടി. തോമസ് ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു സുനില്‍കുമാര്‍. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട കീടനാശിനികളുടെ വില്‍പന തടയുന്നതിനും ഗുണനിലവാരം പരിശോധിക്കുന്നതിനും കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്.
കൃഷി ഓഫിസര്‍മാരുടെ കുറിപ്പടിയില്ലാതെ കീടനാശിനികള്‍ വില്‍ക്കരുതെന്ന് ചില്ലറ വില്‍പനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഡീലര്‍മാര്‍ക്കും കീടനാശിനി ഉപയോഗം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ കൃഷിവകുപ്പ് വിതരണം ചെയ്തുവരുന്നുണ്ട്. വേങ്ങല്‍ ഇരുകര പാടശേഖരത്തിലെ സനല്‍കുമാര്‍, ആലുംതുരുത്തി മുറിയില്‍ മാങ്കുളത്തു വീട്ടില്‍ മത്തായി ഇശോ എന്നിവരുടെ മരണം വ്യത്യസ്ത സ്ഥലങ്ങളിലാണ്. ഈ രണ്ടു മരണത്തെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മഞ്ഞ ലേബല്‍ പതിച്ച കീടനാശിനികള്‍ വാങ്ങണമെങ്കില്‍ കൃഷി ഓഫിസറുടെ കുറിപ്പടി നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് കര്‍ഷകര്‍ അനിയന്ത്രിതമായ തോതില്‍ കീടനാശിനി പ്രയോഗിച്ചതാണ് കര്‍ഷകത്തൊഴിലാളികളുടെ മരണത്തിന് കാരണമായത്.
പെരിങ്ങര പാടത്ത് തളിക്കാന്‍ ഉപയോഗിച്ച കീടനാശിനികള്‍ വാങ്ങിയ കടയില്‍ നടത്തിയ പരിശോധനയില്‍ കൃഷി ഓഫിസറുടെ കുറിപ്പടിയില്ലാതെയാണ് കീടനാശിനി വില്‍പന നടത്തിയതെന്ന് തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ജനുവരി 17ന് കട സീല്‍ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് അനധികൃതമായി കീടനാശിനി വില്‍ക്കുന്നുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ കൃഷിവകുപ്പ് ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സനല്‍കുമാര്‍, മത്തായി ഈശോ എന്നിവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."