പതനം പൂര്‍ണം
ക്രൈസറ്റ് ചര്‍ച്ച്: നാട്ടിലെ പുലികള്‍ വിദേശത്ത് വെറും പൂച്ചകളാണെന്ന് ടീം ഇന്ത്യ വീണ്ടും തെളിയിച്ചു. ഏകദിന പരമ്പരക്ക് പിന്നാലെ ടെസ്റ്റ് പരമ്പരയും പൂര്‍ണ്ണമായി അടിയറവ് വെച്ച് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിന് സമാപ്തി. ഏഴു വിക്കറ്റിനാണ് കിവികള്‍ ലോക ഒന്നാം നമ്പര്‍ ടീമിനെ തകര്‍ത്തു വിട്ടത്. വെല്ലിംഗ്ടണ്‍ ടെസ്റ്റിലെ തോല്‍വിയോടെ ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ആദ്യ തോല്‍വി രുചിച്ചെങ്കില്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ തോല്‍വിയോടെ ചാംപ്യന്‍ഷിപ്പിലെ ആദ്യ പരമ്പര തോല്‍വിയും ഏറ്റു വാങ്ങിയാണ് കോഹ്‌ലിപ്പട ന്യൂസിലന്‍ഡില്‍ നിന്ന് മടങ്ങുന്നത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ അഞ്ച് വിക്കറ്റ് നേടുകയും ന്യൂസിലന്‍ഡ് ബാറ്റിങില്‍ വാലറ്റത്ത് തകര്‍ത്തടിക്കുകയും ചെയ്ത ഉയരക്കാരന്‍ കൈല്‍ ജാമിസണ്‍ കളിയിലെ താരമായും ആദ്യ ടെസ്റ്റിലെ കേമനും രണ്ടാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ടിം സൗത്തി പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
ക്രൈസ്റ്റ് ചര്‍ച്ചില്‍ ടെസ്റ്റിന്റെ മൂന്നാംദിനം തന്നെ കിവികള്‍ കളി തീര്‍ക്കുകയായിരുന്നു. 124 റണ്‍സിന് ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് അവസാനിപ്പിച്ച ന്യൂസിലന്‍ഡ് മറുപടി ബാറ്റിങില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ഏഴ് റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ 132 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ കിവികള്‍ക്ക് മുന്നില്‍ വെച്ച് നീട്ടിയത്. ശ്രദ്ധയോടെ ബാറ്റേന്തിയ ന്യൂസിലന്‍ഡ് ഓപ്പണര്‍മാരായ ടോം ബ്ലന്‍ഡലും(55) ടോം ലാഥമും(52) ടീമിനെ അനായാസം വിജയലക്ഷ്യത്തിലേക്കടുപ്പിക്കുകയായിരുന്നു.
103 റണ്‍സിന്റെ ഓപണിങ് വിക്കറ്റ് കൂട്ടുകെട്ട് തീര്‍ത്ത ശേഷമാണ് ടോംലാതമിലൂടെ കിവികള്‍ക്ക് ആദ്യവിക്കറ്റ് നഷ്ടമായത്. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ വില്ല്യംസണ്‍ പെട്ടന്ന് മടങ്ങിയെങ്കിലും ന്യൂസിലന്‍ഡ് വിജയതീരത്തിനടുത്തെത്തിയിരുന്നു. റോസ്‌ടെയ്‌ലറും ഹെന്‍ട്രി നിക്കോള്‍സും അഞ്ച് റണ്‍സ് വീതമെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ബുംറ രണ്ടും ഉമേഷ് യാദവ് ഒന്നും വിക്കറ്റ് വീഴ്ത്തി.
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 90 എന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാംരംഭിച്ച ഇന്ത്യ 34 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും നഷ്ടമായി. സ്‌കോര്‍ 97ല്‍ നില്‍ക്കെ ഒന്‍പത് റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. തൊട്ടടുത്ത ഓവറില്‍ നാല് റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുംമടങ്ങി. വിഹാരി സൗത്തിയുടെ പന്തിലും പന്ത് ബോള്‍ട്ടിന്റെ പന്തിലും വിക്കറ്റ് കീപ്പര്‍ വാട്‌ലിങിന് ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. പിന്നീടെത്തിയ രവീന്ദ്ര ജഡേജ പിടിച്ച് നിന്ന് ഒരറ്റം കാത്തെങ്കിലും ഷമിയെയും(5) ബുംറയെയും(4) പുറത്താക്കി ന്യൂസിലന്‍ഡ് ഇന്ത്യന്‍ ഇന്നിങ് സിന് തിരശീലയിട്ടു. ജഡേജ 22 പന്തില്‍ 16 റണ്‍സെടുത്തു. രണ്ടാം ദിനം 24 റണ്‍സെടുത്ത് പുറത്തായ ചേതേശ്വര്‍ പൂജാരയാണ് രണ്ടാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍.
ന്യൂസിലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് നാലും ടിം സൗത്തി മൂന്നും വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ വലിയ തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ഈ മാസം 13ന് ദക്ഷിണാഫ്രിക്കക്കിതിരേയാണ് ഇന്ത്യയുടെ അടുത്ത പരമ്പര. ഇന്ത്യയില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. തുടര്‍ന്ന് ഇന്ത്യ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."