നികുതിയില്‍ ഇളവ് കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രം: മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂരിനല്ലാതെ സംസ്ഥാനത്തെ മറ്റൊരു വിമാനത്താവളത്തിനും ഇന്ധന നികുതിയില്‍ ഇളവുവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ.പി അനില്‍കുമാറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കണ്ണൂരിലേത് ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരിച്ച ചെലവ് ആവശ്യമാണ്. പുതിയ വിമാനത്താവളമായതിനാലും ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടേണ്ടതിനാലുമാണ് ഇന്ധന നികുതി പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ വിമാന കമ്പനികളെ ആകര്‍ഷിക്കുന്നതിനും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനും ഇതുമൂലം കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു സമീപനം സ്വീകരിച്ചതുകൊണ്ടാണ് ആഭ്യന്തര റൂട്ടുകളില്‍ ചെലവുകുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്നതിന് ഉഡാന്‍ സ്‌കീമില്‍ കണ്ണൂര്‍ വിമാനത്താവളത്തെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത്. ഇത് ആഭ്യന്തരയാത്രക്കാരെ സംബന്ധിച്ചിടത്തോളം പ്രയോജനകരമാണ്. ഈ സാഹചര്യത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന് നികുതി ഇളവ് അനുവദിച്ചത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ക്ക് ഈ ഇളവിന് അര്‍ഹതയില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമെ കര്‍ണാടകയിലെ യാത്രക്കാരും കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്നുണ്ട്. പുതിയ വിമാനത്താവളത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് കണ്ണൂരിന് ഇന്ധന നികുതിയില്‍ ഇളവ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."