പണിതിട്ടും പണിതിട്ടും പണിതീരാതെ കുതിരാന്‍ തുരങ്കങ്ങള്‍
#ശിഹാബ് പാറപ്പുറം
തൃശൂര്‍: ഇന്ന് ജനുവരി 29. കുതിരാന്‍ തുരങ്കം ഇന്നേക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അന്ത്യശാസനം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇനിയും മാസങ്ങള്‍ കഴിഞ്ഞാലേ തുരങ്കത്തിലൂടെ ഗതാഗതം സാധ്യമാക്കാനാവൂ. അത്രയും കാലം കൂടി തൃശൂര്‍ ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 544 ലെ യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ച് കുതിരാനിലെ ഗതാഗതക്കുരുക്ക് നീണ്ടുകൊണ്ടേയിരിക്കും എന്നര്‍ഥം.
കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിഞ്ഞ് വീണ് തുരങ്കമുഖം അടഞ്ഞപ്പോഴാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി സന്ദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റ് 19 മുതല്‍ നിര്‍ത്തിവച്ച നിര്‍മാണ പ്രവൃത്തികള്‍ അഞ്ച് മാസം കഴിഞ്ഞിട്ടും തുടങ്ങാനായിട്ടില്ല. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 2016 മെയ് മാസത്തിലാണ് കുതിരാനില്‍ ഇരട്ട തുരങ്കത്തിന്റെ നിര്‍മാണം ആരംഭിച്ചത്. പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് 80 ദിവസത്തോളം പണി നിര്‍ത്തിവച്ചെങ്കിലും 2017 ഫെബ്രുവരിയില്‍ തന്നെ ഒന്നാം തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഈ തുരങ്കത്തിലൂടെ ഗതാഗതം സാധ്യമാക്കിയിട്ടില്ല. ഈ തുരങ്കത്തിലൂടെ ജനുവരി 29നകം ഗതാഗതം സാധ്യമാക്കണമെന്നായിരുന്നു മന്ത്രി ജി .സുധാകരന്‍ കരാര്‍ കമ്പനിക്ക് കൊടുത്ത നിര്‍ദേശം. എന്നാല്‍ കനത്ത മഴയില്‍ തുരങ്കത്തിന്റെ മുന്‍ഭാഗത്ത് നിന്ന് ഇടിഞ്ഞ് വീണ മണ്ണ് ഇനിയും നീക്കം ചെയ്തിട്ടില്ല. മണ്ണിടിച്ചില്‍ തടയാനായി ദേശീയ പാത അതോറിറ്റി സുരക്ഷാ വിഭാഗം നിര്‍ദേശിച്ച ഗാബിയോണ്‍ കോണ്‍ക്രീറ്റ് വാളിന്റെ പണിയും തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്നു.
രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍മാണം ഒച്ചിഴയും വേഗത്തിലാണ് പുരോഗമിക്കുന്നത്. ദേശീയപാത നിര്‍മാണവും തുരങ്ക നിര്‍മാണവും ഏറ്റെടുത്ത കരാര്‍ കമ്പനിയായ കെ.എം.സിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടാന്‍ കാരണം. നിശ്ചയിച്ച സമയത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാകാതിരുന്നതോടെയാണ് കെ.എം.സിക്ക് വിവിധ ഘട്ടങ്ങളില്‍ ലഭിക്കേണ്ട ഫണ്ട് ബാങ്കുകള്‍ തടഞ്ഞത്. ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ദേശീയപാതയുടെയും തുരങ്കങ്ങളുടെയും നിര്‍മാണം 2018 ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കേണ്ടതായിരുന്നു.
രണ്ട് തുരങ്കങ്ങളിലും പൂര്‍ണമായി ഗാബിയോണ്‍ ഭിത്തി കെട്ടണമെങ്കില്‍ ചുരുങ്ങിയത് എട്ട് മാസമെങ്കിലും സമയമെടുക്കും. ചുരുക്കത്തില്‍ നിലച്ച പണി ഉടന്‍ തുടങ്ങിയാലും എട്ട് മാസം കഴിഞ്ഞേ ഗതാഗതം സാധ്യമാകൂ എന്ന് വ്യക്തം. ദേശീയ പാത 544ല്‍ തൃശൂര്‍ ജില്ലയിലെ മണ്ണുത്തിക്കും പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന കുതിരാന്‍ തുരങ്കത്തിന്റെ പണി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."