സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ; മദീനയില്‍ റോഡുകള്‍ ഒലിച്ചുപോയി
റിയാദ്: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. പലയിടത്തും പ്രളയവും റോഡുകള്‍ ഒലിച്ചുപോയത് മൂലം ഗതാഗത തടസ്സവും നേരിട്ടു. ജിദ്ദ, മദീന, യാമ്പു, തബൂക്ക്, ബുറൈദ, അല്‍ജൗഫ് തുടങ്ങി പടിഞ്ഞാറന്‍ മേഖലകളില്‍ അതിശക്തമായ മഴയാണ് പെയ്തത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നതിനാല്‍ അപകട മേഖലകളില്‍ നിന്ന് മാറി നില്‍ക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. മക്കയില്‍ നേരിയ ചാറ്റല്‍ മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടു. മദീനയില്‍ പല റോഡുകളിലും വെള്ളം കവിഞ്ഞൊഴുകി. നിരവധി വാഹനങ്ങള്‍ ശക്തമായ മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയി. ചിലയിടങ്ങളില്‍ താഴ്വാരകളും കവിഞ്ഞൊഴുകിയത് മൂലം റോഡുകള്‍ താറുമാറായി. ചിലയിടങ്ങളില്‍ വീടുകളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, രാജ്യത്തിന്റെ ചിലയിടത്ത് ശക്തമായ മഴക്കും പ്രളയത്തിനും സാധ്യതയെന്നും 48 മണിക്കൂര്‍ കൂടി മഴ തുടരും മെന്നും ജാഗ്രതപാലിക്കണമെന്നും കേരള വെതെര്‍ ഡോട്ട് ഇന്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച കൂടി ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. ഇറാഖ് മേഖലയില്‍ നിന്നുള്ള കാറ്റിനെ തുടര്‍ന്നാണ് മഴ പെയ്യുക. കാറ്റ്, മഴ, ഇടിമിന്നല്‍, മണല്‍കാറ്റ്, പ്രളയം എന്നിവ ഒന്നിച്ചുണ്ടാകുന്ന സിവിയര്‍ വെതര്‍ സിസ്റ്റം ആണ് സഊദിയില്‍ ഉണ്ടാകുക. ചെങ്കടലില്‍ വടക്കു പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 40 കി.മി വേഗത്തില്‍വരെ കാറ്റു വീശാം. തിരമാലകള്‍ക്ക് 3 മീറ്റര്‍വരെ ഉയരമുണ്ടാകും. അറേബ്യന്‍ ഗള്‍ഫിലും കാറ്റിന് 35 കി.മി വരെ വേഗമുണ്ടാകും.
പടിഞ്ഞാറന്‍ മേഖലകളില്‍ മഴ ഉണ്ടാവുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കരുതലുകളെടുക്കാന്‍ സിവില്‍ ഡിഫന്‍സ് എസ്.എം.എസ് സന്ദേശങ്ങളും ജാഗ്രതാ നിര്‍ദേശങ്ങളും അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."