കണ്ണൂരിനെ വിറപ്പിച്ച പുലി നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍
കണ്ണൂര്‍: നഗരത്തെ വിറപ്പിച്ച പുലി തിരുവനന്തപുരം നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ ലയണ്‍ സഫാരി പാര്‍ക്കില്‍. ആരോഗ്യനില പരിശോധിച്ചതിനുശേഷം കാട്ടിലേക്ക് വിടും.
ഞായറാഴ്ച രാത്രി 10.45ഓടെ മയക്കുവെടിയേറ്റ പുലിക്ക് ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് ബോധം തിരിച്ചുകിട്ടിയത്. ആറര വയസ് പ്രായംവരുന്ന ആണ്‍ പുലിയാണ് പിടിയിലായതെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
വയനാട് വന്യജീവി സങ്കേതത്തിലെ വെറ്ററിനറി ഓഫിസറും മയക്കുവെടി വിദഗ്ധനുമായ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുലിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കഴുത്തിന് വെടിയേറ്റ പുലിക്ക് മരുന്നുകളും വെള്ളവും ഭക്ഷണവും നല്‍കിയതിനുശേഷം ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് നെയ്യാറിലേക്ക് കൊണ്ടുപോയത്. സംഘം രാത്രിയോടെ നെയ്യാറിലെത്തി. ഡി.എഫ്.ഒ ഒ. സുനില്‍ പമഠി, സ്രാവണ്‍ കുമാര്‍ വര്‍മ, സോളമന്‍ തോമസ്, വെറ്ററിനറി ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
അതേസമയം, പുലി എങ്ങനെയാണ് കണ്ണൂരിലെത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആറളം, കര്‍ണാടക വനമേഖലയില്‍ കണ്ടുവരുന്ന പുലിയാണിതെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വനമേഖലയിലുണ്ടായ കാട്ടുതീ കാരണം പുറത്തുകടന്നതാവാമെന്നുമാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. വനമേഖലയിലൂടെ ഗുഡ്‌സ് ട്രെയിന്‍ കടന്നുപോയപ്പോള്‍ കയറിക്കൂടി എത്തിയതാകാമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."