കണ്‍മറഞ്ഞവരെ തേടി പ്രിയപ്പെട്ടവര്‍
ചമന്‍പാര്‍ക്കിലെ അഭയാര്‍ഥി ക്യാംപില്‍ നിന്നിറങ്ങുമ്പോള്‍ ഒരു വൃദ്ധ റോഡ് കുറുകെക്കടന്ന് ഓടിവന്നു. അവരുടെ മൊബൈല്‍ ഫോണില്‍ ഒരു ചെറുപ്പക്കാരന്റെ ചിത്രമുണ്ടായിരുന്നു. 'നിങ്ങള്‍ എവിടെയെങ്കിലും ഇവനെ കണ്ടോ... കലാപത്തിന്റെ അന്ന് കാണാതായതാണ്'-അവര്‍ കണ്ണുതുടച്ചു പറഞ്ഞു. കടയ്ക്കു മുന്നില്‍ ഒരുവശം ചെരിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്ത 26കാരനായ അഫ്താബ്. അവരുടെ ബന്ധുവിന്റെ മകനാണ്. ഡല്‍ഹി കത്തിയെരിഞ്ഞ ഫെബ്രുവരി 24ന്റെ രാത്രി ശിവ് വിഹാറിലെ വീട്ടില്‍നിന്ന് പൊലിസ് അവനെ വിളിച്ചിറക്കിക്കൊണ്ടു പോയത്രെ. പിന്നീട് ആരും അവനെ കണ്ടിട്ടിട്ടില്ല. ഒരു ബേക്കറിയില്‍ സാധാരണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അവന്‍. ജോലി കഴിഞ്ഞ് ശിവ് വിഹാറിലെ വീട്ടിലേക്കു തിരിച്ചെത്തിയതേയുള്ളൂ. വീടിന്റെ വാതിലില്‍ പൊലിസ് മുട്ടി. പിന്നെ ബലമായി പൊലിസ് അവനെ വിളിച്ചിറക്കി കൊണ്ടുപോയി.
ഉത്തര്‍പ്രദേശിലെ നൂര്‍പൂര്‍ സ്വദേശിയായ അഫ്താബ് ജോലി തേടി ഡല്‍ഹിയിലെത്തിയതായിരുന്നു. ബന്ധുക്കളോടൊപ്പം അല്‍പകാലം താമസിച്ചു. ഒരു ജോലി ലഭിച്ചതോടെയാണ് ശിവ് വിഹാറിലെ വാടകവീട്ടിലേക്ക് താമസം മാറുന്നത്. ഡല്‍ഹിയിലെത്തി എല്ലായിടത്തും അവനെ അന്വേഷിക്കാന്‍ ശേഷിയുള്ളവരല്ല കുടുംബം. എങ്കിലും മുസ്തഫാബാദിലെയും മൗജിപൂരിലെയും അഭയാര്‍ഥി ക്യാംപുകളില്‍ അവനെ തിരഞ്ഞുനടന്നു. ഫലമുണ്ടായില്ല. സുഹൃത്തുക്കള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ചിത്രം പ്രചരിപ്പിച്ചു. കണ്ടെത്താനായില്ല.
വംശഹത്യയ്ക്കു പിന്നാലെ കാണാതായവരെ തേടിയുള്ള അലച്ചിലാണ് ഇപ്പോള്‍ കലാപഭൂമിയിലെ പ്രധാന കാഴ്ച. മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ജി.ടി.ബി ആശുപത്രിയിലെ മോര്‍ച്ചറിയ്ക്കു മുന്നില്‍ കാണാതായ 75കാരന്‍ ഹഖീമുദ്ദീന്റെ ചിത്രവുമായി ബില്‍ഖീസുണ്ട്. ബില്‍ഖീസിന്റെ ഭര്‍തൃപിതാവാണ് ഹഖീമുദ്ദീന്‍. കലാപം ബാധിക്കാത്ത ഗാസിയാബാദിന് അടുത്തുള്ള ലോണിയിലായിരുന്നു ഹഖീമുദ്ദീന്‍ താമസിച്ചിരുന്നത്. ഫെബ്രുവരി 25ന് അശോകാവിഹാറില്‍ ഒരു പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അന്നാണ് അവിടെ കലാപം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് നാലു മക്കളുടെ പിതാവായ ഹഖീമുദ്ദീനെ ആരും കണ്ടിട്ടില്ല. പൊലിസില്‍ പരാതി നല്‍കിയെങ്കിലും തിരിഞ്ഞുനോക്കിയില്ല. മൃതദേഹങ്ങള്‍ കാണാന്‍ അനുവദിച്ചതുമില്ല. ആറു ദിവസത്തോളമായി കുടുംബം ഹഖീമുദ്ദീന്റെ ചിത്രവുമായി ഡല്‍ഹിയിലുണ്ട്. ജി.ടി.ബി ആശുപത്രിയുടെ മോര്‍ച്ചറിയ്ക്കു മുന്നില്‍ രണ്ടു ദിവസമായി ബില്‍ഖീസുണ്ട്. ഇതുവരെ മൃതദേഹങ്ങള്‍ കാണാന്‍ അനുമതിയായിട്ടില്ല. ബില്‍ഖീസിന്റെ ഭര്‍ത്താവും മറ്റും ലോക്‌ന്യായക് ആശുപത്രിയിലും അഭയാര്‍ഥി ക്യാംപുകളിലും തിരയുന്നുണ്ട്.
ഫെബ്രുവരി 24നാണ് മുസ്തഫാബാദിലെ 32കാരന്‍ മുര്‍സലിമിനെയും കാണാതായത്. കാലത്ത് ജോലിക്കു പോയ മുര്‍സലിം പിന്നീട് തിരിച്ചുവന്നില്ല. ജി.ടി.ബി ആശുപത്രിയുടെ മോര്‍ച്ചറിയ്ക്കു മുന്നില്‍ മുര്‍സലിമിന്റെ ഭാര്യ മുബീനും കുഞ്ഞുമുണ്ട്. മുബീനയുടെ പിതാവ് മുഹമ്മദ് യാമീനും കൂടെയുണ്ട്. ആശുപത്രികള്‍, ക്യാംപുകള്‍ എല്ലായിടത്തും തിരഞ്ഞുവെന്ന് യാമീന്‍ പറയുന്നു. മരുമകനെ കാണാതായതറിഞ്ഞ് തിരയാന്‍ എത്തിയതാണ് യാമീന്‍. ഇതു മൂന്നാം തവണയാണ് ഇവിടെ തിരച്ചില്‍ നടത്തുന്നത്. സീലംപൂരില്‍ വസ്ത്രക്കച്ചവടക്കാരനായിരുന്നു മുര്‍സലിം. കലാപമുണ്ടായെന്നും അക്രമം മുസ്തഫാബാദിലേക്ക് പടര്‍ന്നുവെന്നും കേട്ടിരുന്നു. അപ്പോള്‍ സീലംപൂരില്‍നിന്ന് അവന്‍ തിരിച്ചെത്തേണ്ട നേരമായിരുന്നു. ഉടന്‍ തന്നെ ഭാര്യ മുബീന മുര്‍സലിമിനെ വിളിച്ചു. ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. അന്നത്തെ തിരച്ചില്‍ നിര്‍ത്തി മടങ്ങുമ്പോള്‍ കൈയിലിരുന്ന മുര്‍സലിമിന്റെ കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് മുബീന വിങ്ങിക്കരഞ്ഞു. മകളെ ചേര്‍ത്തുപിടിച്ച യാമീന്റെ നയനങ്ങള്‍ നിറഞ്ഞൊഴുകി. ജി.ടി.ബി ആശുപത്രിയ്ക്കപ്പുറത്തെ പീലു മരങ്ങളുടെ മറവിലേക്ക് അവര്‍ നടന്നുനീങ്ങുന്നത് നെടുവീര്‍പ്പോടെ കണ്ടുനില്‍ക്കാനെ കഴിഞ്ഞുള്ളൂ.
കലാപം പടര്‍ന്നുപിടിച്ച 26ന്റെ പകല്‍. ഗുരുതരമായി പരുക്കേറ്റ നിരവധി പേരുണ്ടായിരുന്നു കൂടുതല്‍ സൗകര്യങ്ങളൊന്നുമില്ലാത്ത മുസ്തഫാബാദിലെ അല്‍ഹിന്ദ് ആശുപത്രിയില്‍. അവരെ അതിവേഗം മികച്ച ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് മാറ്റിയേ പറ്റൂ. എന്നാല്‍ ആശുപത്രിയിലേക്ക് ആംബുലന്‍സ് വരാനോ തിരിച്ചുപോകാനോ പുറത്തു തെരുവില്‍ അക്രമാസക്തരായി നില്‍ക്കുന്ന സംഘ്പരിവാര്‍ സമ്മതിക്കുന്നില്ല. ഇനിയും കാത്തിരുന്നാല്‍ അവര്‍ മരിക്കുമെന്നതു തീര്‍ച്ച. കലാപം നടന്ന ദിവസങ്ങളില്‍ മുറിവേറ്റവരെ കൊണ്ട് ഇവിടം നിറഞ്ഞുകവിഞ്ഞിരുന്നു. പക്ഷേ ബുധനാഴ്ച ആയതോടെ അക്രമികള്‍ പ്രദേശം കീഴടക്കി. ആശുപത്രിയിലേക്ക് ആംബുലന്‍സ് വരുന്നത് തടയുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് വിളിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഭയം കാരണം വരാതായി.
അല്‍ഹിന്ദ് ആശുപത്രി ഡയരക്ടര്‍ ഡോ. എം.എ അന്‍വര്‍ നിരന്തരം ആംബുലന്‍സ് സര്‍വിസുകളിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരുന്നു. 102 ഉള്‍പ്പെടെയുള്ള നമ്പറുകളിലേക്കു വിളിച്ചിട്ടും സുരക്ഷാ കാരണങ്ങളാല്‍ ആംബുലന്‍സ് അയക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. നഗരത്തിലെ വലിയ ആശുപത്രികളിലെ പല സുഹൃത്തുക്കളുമായും ബന്ധപ്പെട്ട ശേഷമാണ് ഒരു ആംബുലന്‍സ് സംഘടിപ്പിക്കാനായത്. ഇതിനിടയിലാണ് ഡോ. അന്‍വറിന് അപ്രതീക്ഷിതമായ ഒരു ഫോണ്‍ വിളി. ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് എസ്. മുരളീധര്‍ ആയിരുന്നു മറുവശത്ത്. വിവരങ്ങള്‍ നേരിട്ടറിയാന്‍ വിളിച്ചതായിരുന്നു. അന്ന് അര്‍ധരാത്രി തന്നെയാണ് ഡല്‍ഹി ഹൈക്കോടതി അസാധാരണമായി കൂടിച്ചേര്‍ന്ന് കലാപത്തില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് ഡല്‍ഹി പൊലിസിനു നിര്‍ദേശം നല്‍കിയത്.
ഡോ. അന്‍വര്‍ പലരെയും സഹായത്തിനു വിളിച്ചെങ്കിലും ആരും തയാറായില്ല. ഒടുവില്‍ അഭിഭാഷകയായ സുറൂര്‍ മന്ദറെ വിളിച്ചു. ആ രാത്രി തന്നെ സുറൂര്‍ മന്ദര്‍ കോടതിയെ സമീപിച്ചു. വിഷയം കേട്ട ഉടനെയാണ് ജസ്റ്റിസ് മുരളീധര്‍ ഡോ. അന്‍വറിനെ നേരിട്ട് വിളിച്ച് വിവരങ്ങള്‍ തിരക്കിയത്. ആദ്യം വിഡിയോ കോള്‍ വഴി സംസാരിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ പിന്നീട് മൊബൈലില്‍ തന്നെ വിളിക്കുകയായിരുന്നു.
രണ്ടു നിലയുള്ള അല്‍ഹിന്ദ് ആശുപത്രിയില്‍ ആകെ ആറു ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും അത്യാഹിത സമയത്ത് മൂന്നു ഡോക്ടര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കിടക്കകള്‍ നിറയെ പരുക്കേറ്റവരെ കൊണ്ടു നിറഞ്ഞപ്പോള്‍ ആശുപത്രിയില്‍ അത്യാവശ്യ മരുന്നുകളും തീര്‍ന്നുതുടങ്ങിയിരുന്നു. കോടതി ഉത്തരവിടുന്നതു വരെ നിരന്തരം അഭ്യര്‍ഥിച്ചിട്ടും ഡല്‍ഹി പൊലിസ് ഉള്‍പ്പെടെ ആരുംതന്നെ ആശുപത്രിയിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് ഡോ. അന്‍വര്‍ പറയുന്നു. രാത്രി രണ്ടോടെയാണ് ആംബുലന്‍സെത്തി ഗുരുതരമായി പരുക്കേറ്റവരെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം സര്‍ക്കാര്‍ ജസ്റ്റിസ് മുരളീധറനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയുള്ള ഉത്തരവും പുറപ്പെടുവിച്ചു.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."