വിഴിഞ്ഞം തുറമുഖം പത്തേമാരിയെ കരയിലേക്ക് കയറ്റാനുള്ള ശ്രമം മണലില്‍ ഇടിച്ചു !
കോവളം: അധികൃതരെ വട്ടം കറക്കി ഒന്നര വര്‍ഷമായി വിഴിഞ്ഞം തുറമുഖത്തിന് ഭീഷണിയായിരുന്ന ഇറാനിയന്‍ പത്തേമാരിയെ കരയിലേക്ക് കയറ്റി വെക്കാനുള്ള അധികൃതരുടെ ശ്രമം പാതി വഴിയില്‍ അവസാനിച്ചു. നേ മാന്‍സ് ലാന്റിലെ ഫിഷ്‌ലാന്റിങ് സെന്ററിന് സമീപത്തേക്ക് കയറ്റി നിറുത്താനുള്ള മണിക്കൂറുകള്‍ നീണ്ട പരിശ്രമമാണ് പത്തേമാരി മണലില്‍ ഉറച്ചതോടെ പകുതി വഴിയില്‍ അവസാനിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് നങ്കൂരം തകര്‍ത്ത് കടലിലേക്ക് ഒഴുകിയ പത്തേമാരി പഴയ വാര്‍ഫിലെ പാറക്കൂട്ടങ്ങളില്‍ ഇടിച്ച് ഭാഗികമായി തകര്‍ന്നിരുന്നു.
പത്തേമാരിക്കുള്ളിലുള്ള പതിനാറായിരം ലിറ്ററിലധികം വരുന്ന ഡീസല്‍ വലിയ സുരക്ഷാ പ്രശ്‌നം ഉയര്‍ത്തിയിരുന്നു.വിവരമറിഞ്ഞ് കപ്പലിന്റെ കസ്റ്റോഡിയനായ എന്‍.ഐ.എ. യുടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇവര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ മുന്‍ നിറുത്തി പത്തേമാരി കരയോടടുത്തുള്ള നോമാനസ് ലാന്റിന്റെ ഭാഗത്തേക്ക് കയറ്റി വെക്കാന്‍ തീരുമാനിച്ചത്. എന്‍.ഐ.എ സി .ഐ വി ജ യ ന്‍, എ.എസ്.ഐ ചന്ദ്രന്‍, തീരദേശ പൊലിസിലെ എസ്.ഐ. മാരായ സുരേഷ് കുമാര്‍,ഷാനിബാസ് ,വിഴിഞ്ഞം വില്ലേജ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ 10 മണിയോടെ പത്തേമാരിയെ തീരത്തേക്ക് വലിച്ച് കയറ്റാനുള്ള ശ്രമം തുടങ്ങിയത്.
ഇതിനായി ഹിതാച്ചി മെഷീനുപയോഗിച്ച് മണല്‍ കോരി മാറ്റുകയും ചെയ്തു. തീരദേശ പൊലിസിന്റെ രണ്ട് പട്രോള്‍ ബോട്ടുകള്‍ ഉപയോഗിച്ച് കെട്ടി വലിച്ച് കരയിലേക്ക് കൊണ്ടു വരുന്നതിനിടെ പത്തേമാരി മണലില്‍ ഇടിച്ചതോടെ വൈകുന്നേരം 4 മണിയോടെ ശ്രമം അവസാനിപ്പിക്കുകയായിരുന്നു. മണല്‍പ്പരപ്പില്‍ പുതഞ്ഞ കടല്‍യാനത്തെ പൂര്‍ണമായി കരയിലേക്ക് കയറ്റാന്‍ ആയില്ലെങ്കിലും അപകട ഭീഷണിയുടെ തലവേദന കുറഞ്ഞെന്ന ആശ്വാസത്തിലാണ് തീരദേശ പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."