സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് 13 രൂപ; വില നിയന്ത്രണത്തിനുള്ള ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ പരമാവധി വില ലിറ്ററിന് 13 രൂപയായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കുപ്പിവെള്ളം വിപണനംചെയ്യുന്നവര്‍ പരമാവധി വില്‍പ്പന വില 13 രൂപയാണെന്ന് ഇനി പാക്കറ്റില്‍ മുദ്രണം ചെയ്യണം. മുദ്രണം ചെയ്തതില്‍ കൂടുതല്‍ വില ഈടാക്കുന്ന കമ്പനികള്‍ക്കെതിരേ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
1986ലെ കേരള അവശ്യവസ്തു നിയന്ത്രണ നിയമം പ്രകാരം കുപ്പിവെള്ളത്തിനെ അവശ്യ വസ്തുവായി പ്രഖ്യാപിച്ച് 2019 ജൂലൈ 19ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അവശ്യവസ്തുവായി പ്രഖ്യാപിച്ച ഉല്‍പ്പനത്തിന്റെ വില്‍പ്പന വില നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. കുപ്പിവെള്ള നിര്‍മാതാക്കളുടെ വിവിധ സംഘടനകളുമായും വ്യാപാരി വ്യവസായി നേതാക്കളുമായും സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് 13 രൂപയെന്ന പരിധി നിശ്ചയിച്ചത്.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും വിധേയമായി വില്‍ക്കുന്ന കുടിവെള്ളത്തിന്റെ എം.ആര്‍.പിയാണ് നിശ്ചയിച്ചിരിക്കുന്നത്. വിജ്ഞാപനം വരുന്നമുറക്ക് ഈ വില പ്രാബല്യത്തില്‍ വരും. വിജ്ഞാപനത്തിന്റ കരട് നിയമവകുപ്പിന്റ പരിഗണനയിലാണ്. നിലവില്‍ കടകളിലുള്ള സ്റ്റോക്ക് എന്ത് വിലയ്ക്ക് എത്രനാള്‍ കൊണ്ട് വിറ്റഴിക്കണമെന്ന നിര്‍ദേശം വന്നിട്ടില്ല. 20 രൂപ വരെയാണ് കച്ചവടക്കാര്‍ ഇപ്പോള്‍ ഈടാക്കുന്നത്. അച്ചടിച്ച വിലയേക്കാള്‍ അധികം ഈടാക്കുന്നവര്‍ക്ക് 5,000 രൂപയാണ് നിലവിലെ പിഴ. വെള്ളത്തിന്റ ഗുണനിലവാരം സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങളും വിജ്ഞാപനത്തിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."