ധനസഹായം നല്‍കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി
ആലപ്പുഴ: പ്രളയത്തില്‍ കിടപ്പാടം പോയ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ പരാതിയുമായി ന്യൂനപക്ഷ കമ്മിഷന് മുന്നിലെത്തി. പരാതികള്‍ക്ക് പരിഹാരം കണ്ടെത്തി കമ്മിഷന്‍. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ അംഗം ബിന്ദു എം. തോമസ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടത്തിയ സിറ്റിങിലാണ് ന്യൂനപക്ഷ സമുദായങ്ങളിലെ ഭവനരഹിതര്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനം ഉണ്ടായത്.
വീട് ഭാഗികമായോ പൂര്‍ണമായോ തകര്‍ന്ന് താമസ യോഗ്യമല്ലാതായ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ് പരാതിയുമായി കമ്മിഷന് മുന്നില്‍ എത്തിയത്. വീട് 75 ശതമാനത്തിലധികം തകര്‍ന്നതായി പരാതി നല്‍കിയ ഫ്രാന്‍സിസ് വില്ല മേരി പ്രീതയ്ക്ക് നാലുലക്ഷം രൂപ ധനസഹായം നല്‍കാന്‍ കമ്മിഷന്‍ ശുപാര്‍ശ നല്‍കി. കുന്നുമ്മ സ്റ്റീഫന്‍, വഴിച്ചേരി വില്യം എന്നിവര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപയും മുട്ടിച്ചിറ ജൂലിയറ്റ് സൈമണ്‍, കുന്നുമ്മ സ്വദേശികളായ നിര്‍മ്മല, റോസ് ദലീമ, മുട്ടിച്ചിറ ജയകുമാര്‍ എന്നിവര്‍ക്ക് 60,000 രൂപയും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.
ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങില്‍ 22 കേസുകളാണ് ഇന്നലെ പരിഗണിച്ചത.് ഇതില്‍ 13 കേസുകള്‍ തീര്‍പ്പായി. പുതുതായി അഞ്ച് കേസുകളാണ് കമ്മിഷനു മുന്‍പില്‍ വന്നത്. ആലപ്പുഴയില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ പരാതികളില്‍ അധികവും താമസയോഗ്യമല്ലാത്ത വീട് സംബന്ധിച്ചുള്ളതാണെന്ന് കമ്മിഷന്‍ ബിന്ദു തോമസ് ചൂണ്ടിക്കാട്ടി. പ്രളയത്തിന് ശേഷവും ഇത്തരം പരാതികള്‍ ലഭിക്കുന്നുണ്ട്. മുസ്‌ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്‌സി, ജൈന്‍ ജനവിഭാഗങ്ങളുടെ പ്രശ്‌നപരിഹാരമാണ് കമ്മിഷന്‍ ലക്ഷ്യമിടുന്നത്.
ചേപ്പാട് വില്ലേജില്‍ 12-ാം വാര്‍ഡില്‍ വാടകവീട്ടില്‍ താമസിക്കുന്ന പാലമൂട്ടില്‍ ഹരിദാസന്‍ എന്നയാളുടെ ഡാറ്റാബാങ്ക് സംബന്ധിച്ച പരാതി കമ്മിഷന്‍ പരിഗണിച്ചു. മുതുകുളം വില്ലേജിലെ രണ്ടാം വാര്‍ഡില്‍ ഒന്‍പത് സെന്റ് നിലം രണ്ടുലക്ഷം രൂപയ്ക്ക് വിലയാധാരം ചെയ്തു വാങ്ങിയെങ്കിലും വസ്തു ഡാറ്റാബാങ്കില്‍ ആണ് എന്നതിനാല്‍ വീട് നിര്‍മിക്കാന്‍ മേലധികാരികള്‍ സമ്മതിക്കുന്നില്ല എന്നതായിരുന്നു പരാതി. ഇതുസംബന്ധിച്ച് കലക്ടറുടെ റിപ്പോര്‍ട്ട് ഹരജിക്കാരന് അനുകൂലമായിരുന്നില്ല. കമ്മിഷന്‍ ഹരജിക്കാരന്റെ ഭൂമി സംബന്ധിച്ച് വിശദമായ പരിശോധന നടത്തുകയും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിനുള്ളില്‍ നിന്ന് പരിശോധന നടത്തുകയും ചെയ്തു.
രൂപാന്തരപ്പെടുത്തല്‍ പാരിസ്ഥിതിക വ്യവസ്ഥയും ചേര്‍ന്നുകിടക്കുന്ന കൃഷിയും ബാധിക്കുന്നതല്ല എന്ന് കണ്ടെത്തി. കൂടാതെ ഉടമയ്ക്കും കുടുംബത്തിനും ഈ ആവശ്യത്തിനായി ജില്ലയില്‍ മറ്റ് സ്വന്തം സ്ഥലമില്ല എന്ന് കണ്ടെത്തുകയും ചെയ്തു. കെട്ടിടം സ്വന്തം ആവശ്യത്തിനു നിര്‍മിക്കുന്നതാണ് എന്ന് ബോധ്യപ്പെടുകയും നെല്‍വയല്‍ മറ്റ് വയലുകളാല്‍ ചുറ്റപ്പെട്ടതല്ല എന്നും കമ്മിഷന്‍ കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ മുതുകുളം വില്ലേജിലെ ബന്ധപ്പെട്ട നിലം വീട് വയ്ക്കുന്ന ആവശ്യത്തിലേക്ക് നികത്തുന്നതിന് അനുവാദം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറോട് കമ്മിഷന്‍ നിര്‍ദേശിച്ചു. കമ്മിഷന്റെ അടുത്ത സിറ്റിങ് മാര്‍ച്ച് 20ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."