അക്രമകാരികളായ തെരുവു നായ്ക്കളെ കൊല്ലാന്‍ തീരുമാനം
ചവറ: അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ തീരുമാനിച്ച് പന്മന ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. തെരുവ് നായകളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായത്തില്‍ പ്രമേയം പാസാക്കിയത്.
കഴിഞ്ഞ ആഴ്ച തെരുവുനായകളുടെ അക്രമം ഭയന്ന് ഓടിയ യുവതി വീണ് മരിച്ചതിനെ തുടര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പൊതു ഇടങ്ങളിലെ മാലിന്യ നിക്ഷേപത്തിന് പരിഹാരം കാണാന്‍ നടപടി ഉണ്ടാകണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
കെ.എം.എം.എല്‍ അക്വയര്‍ ചെയ്ത പ്രദേശങ്ങള്‍, ദേശീയ പാതയുടെ വശങ്ങള്‍, ഇറച്ചിക്കടകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തെരുവു നായകള്‍ പെരുകുന്നത്. കമ്പനിയുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാനും, ഇവിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനും കമ്പനിക്ക് നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.
പഞ്ചായത്തില്‍ അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. വരും ദിവസങ്ങളില്‍ വാര്‍ഡ് തല ശുചിത്വ സമിതികള്‍ വിളിച്ചുകൂട്ടാനും തീരുമാനിച്ചു.ജനപ്രതിനിധികളെ കൂടാതെ വിവിധ രാഷ്ട്രീയ, യുവജന സംഘടനാ പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോളേജ് എന്‍.എസ്.എസ് യൂണിറ്റ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."